പത്ത് വർഷമായി പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിന്റെ വികസനത്തുടർച്ചയ്‌ക്കായാണ് എൽ.ഡി.എഫ്. സ്ഥാനാർഥി ജി.സുധാകരൻ വോട്ട്‌ തേടുന്നത്. പത്തുവർഷംകൊണ്ട് കേരളത്തിൽ ഏറ്റവുമധികം വികസനമുണ്ടായ മണ്ഡലമാണ്  അമ്പലപ്പുഴയെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. 1,500 കോടിയുടെ വികസനം നടത്തിയെന്നും കണക്കുകൾ നിരത്തി അദ്ദേഹം പറയുന്നു. ഉമ്മൻചാണ്ടി നേതൃത്വം നല്‌കുന്ന ജനകീയ സർക്കാറിന്റെ സഹായങ്ങൾ എത്താത്ത ഒരു പ്രദേശം പോലും അമ്പലപ്പുഴയിലില്ലെന്ന് യു.ഡി.എഫ്. സ്ഥാനാർഥി ഷെയ്ക്ക് പി.ഹാരിസ്.  സർക്കാറിന്റെ ഭരണനേട്ടം വോട്ടായി മാറുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. കഴിഞ്ഞ അഞ്ച് വർഷക്കാലം എം.എൽ.എ. സമ്മർദം ചെലുത്തി ഒരു പദ്ധതിപോലും കൊണ്ടുവന്നിട്ടില്ലെന്നും അദ്ദേഹം വിശദമാക്കുന്നു.

വോട്ടുനില

ആകെ വോട്ടർമാർ -1,64,005
സ്ത്രീകൾ -85,167
പുരുഷന്മാർ -78,838

2011 നിയമസഭാ തിരഞ്ഞെടുപ്പ്
ജി. സുധാകരൻ
(എൽ.ഡി.എഫ്.) -63728
അഡ്വ. എം. ലിജു
(യു.ഡി.എഫ്.) -47148
പി.കെ. വാസുദേവൻ
(ബി.ജെ.പി.) -2668
ഭൂരിപക്ഷം -16580


2014 ലോക്‌സഭ
കെ.സി. വേണുഗോപാൽ 
(യു.ഡി.എഫ്.) -54553
സി.ബി. ചന്ദ്രബാബു
(എൽ.ഡി.എഫ്.) -51316
പ്രൊഫ. എ.വി. താമരാക്ഷൻ
(എൻ.ഡി.എ.) -5454
ഭൂരിപക്ഷം -3237

2015 തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്
ജില്ലാപഞ്ചായത്ത്
യു.ഡി.എഫ്. -അമ്പലപ്പുഴ
എൽ.ഡി.എഫ്. -പുന്നപ്ര
ബ്ലോക്ക് പഞ്ചായത്ത്
%എൽ.ഡി.എഫ്. -അമ്പലപ്പുഴ

ഗ്രാമപ്പഞ്ചായത്തുകൾ
യു.ഡി.എഫ്.-പുറക്കാട്
എൽ.ഡി.എഫ്.- പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്

നഗരസഭ

യു.ഡി.എഫ്.-ആലപ്പുഴ

വികസനത്തിന്റെ പേരിൽ ഇത്രയുംകാലം ഇരുമുന്നണികളും ജനങ്ങളെ പറ്റിക്കുകയായിരുന്നെന്ന പ്രചാരണവുമായിട്ടാണ് എൻ.ഡി.എ. സ്ഥാനാർഥി എൽ.പി.ജയചന്ദ്രൻ വോട്ട് തേടുന്നത്.  ഇടതും വലതും മാറിമാറി ചവിട്ടിയ പാരമ്പര്യമുള്ള അമ്പലപ്പുഴക്കാരുടെ മനസിലെന്താണെന്നറിയാൻ വോട്ടെണ്ണിക്കഴിയണം. ആലപ്പുഴ നഗരസഭയിലെ 27 വാർഡുകളും അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, പുറക്കാട് ഗ്രാമപ്പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് അമ്പലപ്പുഴ മണ്ഡലം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ ജി.സുധാകരൻ മികച്ച ഭൂരിപക്ഷത്തിന് മണ്ഡലം സ്വന്തമാക്കിയതാണ്. എന്നാൽ, ഇതിനുശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെ.സി.വേണുഗോപാലിനായിരുന്നു ഭൂരിപക്ഷം. 

കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളിൽ എൽ.ഡി.എഫ്. ആധിപത്യം നേടിയെങ്കിലും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെയും നഗരസഭാ വാർഡുകളിലെയും വോട്ടുകൾ പ്രകാരം യു.ഡി.എഫിന് 552 വോട്ടിന്റെ മേൽക്കൈയുണ്ട്. പുറക്കാടൊഴികെയുള്ള എല്ലാ ഗ്രാമപ്പഞ്ചായത്തുകളും അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തും ഇപ്പോൾ എൽ.ഡി.എഫ്. ഭരണത്തിലാണ്. 
ആലപ്പുഴ നഗരസഭ യു.ഡി.എഫ്. ഭരണത്തിലും. അമ്പലപ്പുഴ മണ്ഡലത്തിലുൾപ്പെടുന്ന നഗരസഭാ വാർഡുകളിൽ 12 എണ്ണം യു.ഡി.എഫ്. ചേരിയിലാണ്. പത്തെണ്ണം എൽ.ഡി.എഫിനൊപ്പവും. മൂന്ന് വാർഡുകളിൽ ബി.ജെ.പി.യും രണ്ട് വാർഡുകളിൽ പി.ഡി.പി.യുമാണ് വിജയിച്ചത്. 

നഗരസഭ കൂടാതെ എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലും ബി.ജെ.പി.ക്ക്‌ പ്രാതിനിധ്യമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലൊട്ടാകെ പതിനേഴായിരത്തിലധികം വോട്ടാണ് ബി.ജെ.പി. നേടിയത്.
2011ൽ 16,580 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജി.സുധാകരൻ മണ്ഡലം നിലനിർത്തിയത്.  2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പായപ്പോൾ കെ.സി.വേണുഗോപാലിന് 3,237 വോട്ടിന്റെ ഭൂരിപക്ഷം നല്‌കി മണ്ഡലം നിറംമാറി. ഇത്തവണ അട്ടിമറിവിജയം ഉറപ്പാണെന്ന് യു.ഡി.എഫ്. കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. ജി.സുധാകരന് പിന്നിൽ അടിയുറച്ച മണ്ഡലം ഇത്തവണയും വിട്ടുപോകില്ലെന്നാണ് എൽ.ഡി.എഫ്. ഉറപ്പിച്ചു പറയുന്നത്. ഉമ്മൻ ചാണ്ടി സർക്കാർ നടപ്പാക്കിയ പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് യു.ഡി.എഫ്. വോട്ടുതേടുന്നത്. 

റോഡുകൾ, പാലങ്ങൾ, ചികിത്സാസഹായങ്ങൾ, വ്യക്തിഗത ആനുകൂല്യങ്ങൾ എന്നിവയായി മണ്ഡലത്തിലാകെ സർക്കാർ രാഷ്ട്രീയം നോക്കാതെ സഹായം എത്തിച്ചെന്നും അവർ പറയുന്നു. അമ്പലപ്പുഴ ഗവണ്മെന്റ് കോളേജിന് സ്വന്തം കെട്ടിടം, ഡെന്റൽ കോളേജ്, തീരത്തെ പുലിമുട്ട് നിർമാണം എന്നിവയെല്ലാം യു.ഡി.എഫ്. ഉയർത്തിക്കാട്ടുന്നു. വി.എസ്.സർക്കാറിന്റെ കാലത്ത് നടപ്പാക്കിയ പല പദ്ധതികളും യു.ഡി.എഫ്. സർക്കാർ അട്ടിമറിച്ചതായാണ് എൽ.ഡി.എഫിന്റെ പ്രചാരണം.  തോട്ടപ്പള്ളി തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനം, അമ്പലപ്പുഴ ഐ.ടി. പാർക്ക്, പുന്നപ്ര സാഗര ആസ്പത്രി എന്നിവയെല്ലാം സർക്കാറിന്റെ അവഗണനയ്ക്ക് ഉദാഹരണമായി എൽ.ഡി.എഫ്. ഉയർത്തിക്കാട്ടുന്നു.  കുടിവെള്ളം കിട്ടാക്കനിയായ നിരവധി പ്രദേശങ്ങൾ ഇന്നും മണ്ഡലത്തിലുണ്ടെന്ന് എൻ.ഡി.എ. ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി വിതരണം പോലും ശരിയായ രീതിയിലല്ല. ഇക്കാര്യത്തിലൊന്നും സർക്കാറിന്റെയും എം.എൽ.എ.യുടെയും സജീവമായ ഇടപെടൽ ഉണ്ടായില്ലെന്നും എൻ.ഡി.എ. പ്രചാരണ യോഗങ്ങളിൽ വിശദീകരിക്കുന്നു.

പ്രതീക്ഷയും മുൻഗണനയും

ആലപ്പുഴ നഗരത്തെ അടിത്തറ നിലനിലനിർത്തിക്കൊണ്ട്  പുതുക്കിപ്പണിയുമെന്ന് എൽ.ഡി.എഫ്. സ്ഥാനാർഥി ജി. സുധാകരൻ. നാടിന്റെ വികസനത്തിനാണ് മുൻതൂക്കം.  ജനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളാണ് പ്രധാനം. അത് കഴിഞ്ഞാലേ സോഷ്യൽ മീഡിയകളുള്ളൂ. എല്ലാത്തരം  പ്രൊഫഷണൽ വിദ്യാഭ്യാസസ്ഥാപനങ്ങളുമുള്ള മണ്ഡലമായി അമ്പലപ്പുഴയെ മാറ്റി. 77 റോഡുകളും നാല് പാലങ്ങളും രണ്ട് വലിയ സ്‌കൂൾ കെട്ടിടങ്ങളും പണിതു. സർക്കാരിന്റെ മൊത്തത്തിലുള്ള പിന്തുണയോടെ ആലപ്പുഴ നഗരത്തിന്റെ ആധുനികീകരണവും മണ്ഡലത്തിന്റെ മൊത്തത്തിലുള്ള വികസനവും യാഥാർഥ്യമാക്കുമെന്ന് ജി. സുധാകരൻ പറഞ്ഞു.ജനങ്ങൾക്ക് ആവശ്യമായ ഒട്ടനവധി പ്രശ്നങ്ങൾ  പരിഹരിക്കേണ്ടതായുണ്ടെന്ന് യു.ഡി.എഫ്. സ്ഥാനാർഥി  ഷെയ്‌ക്ക്‌ പി. ഹാരിസ്. മണ്ഡലത്തിൽ കുടിവെള്ളപ്രശ്നം  രൂക്ഷമാണ്. സഞ്ചാരയോഗ്യമായ റോഡുകളുടെ അപര്യാപ്തതയുണ്ട്. ആരോഗ്യമേഖലയിലും നിരവധി പ്രശ്നങ്ങൾ  നിലനിൽക്കുന്നു. അഞ്ച് വർഷക്കാലം മെഡിക്കൽ കോളേജ് ആസ്പത്രിയിലെ മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിൽ നേരിട്ട് പങ്കെടുക്കാതെ പ്രതിനിധിയെ അയയ്ക്കുകയാണ് എം.എൽ.എ. ചെയ്തത്. 

രാഷ്ട്രീയം നോക്കാതെ യു.ഡി.എഫ്. സർക്കാർ അനുവദിച്ച ആസ്തിവികസന ഫണ്ടുപയോഗിച്ചുള്ള പ്രവർത്തനങ്ങൾ  മാത്രമാണ് എം.എൽ.എ.യ്ക്ക് പറയാനുള്ളത്. ഉമ്മൻചാണ്ടി സർക്കാരിന്റെ വികസനവും കരുതലും എന്ന മുദ്രാവാക്യം പോലെ ശാസ്ത്രീയവും അടിസ്ഥാനപരവുമായ വികസനപ്രവർത്തനങ്ങൾ അമ്പലപ്പുഴയിൽ നടപ്പാക്കും. കാപ്പിത്തോട്, ആരോഗ്യമേഖല, തീരമേഖല എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാകും മുൻഗണനയെന്നും ഷെയ്‌ക്ക്‌ പി.ഹാരിസ് പറഞ്ഞു.

കാപ്പിത്തോട്, തോട്ടപ്പള്ളി തുറമുഖം, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം എന്നിവയെല്ലാം ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളാണെന്ന് എൻ.ഡി.എ. സ്ഥാനാർഥി എൽ.പി. ജയചന്ദ്രൻ. ആരോഗ്യമേഖലയാകെ താറുമാറായി. ഇവയ്ക്കെല്ലാം പരിഹാരം കാണാൻ ജനങ്ങളോടൊപ്പം നിൽക്കുന്ന,  എം.എൽ.എ.യുണ്ടാകണം. മോദി സർക്കാരിന്റെ  സഹകരണത്തോടെ അമ്പലപ്പുഴയിൽ ഹൈടെക് വികസനം യാഥാർഥ്യമാക്കുമെന്ന് എൽ.പി. ജയചന്ദ്രൻ പറഞ്ഞു.