മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് മത്സരിക്കുന്ന മണ്ഡലമെന്നതാണ് ആലപ്പുഴയെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. എല്ലാ കാര്യത്തിലും ഐസക്കിന് തനത് ശൈലിയുണ്ട്. അദ്ദേഹം നടത്തിയ പല പരീക്ഷണങ്ങളും കേരളസമൂഹം ഏറ്റെടുത്തതാണ്. ജനകീയാസൂത്രണം, കുടുംബശ്രീ, മാലിന്യസംസ്കരണം എന്നിവ അതിൽ ചിലതുമാത്രം. അതിലേക്ക് എഴുതിച്ചേർക്കാൻ ഒരു തിരഞ്ഞെടുപ്പു പ്രചാരണ മാതൃകകൂടി ഒരുക്കുകയാണ് അദ്ദേഹമിപ്പോൾ.

വിഷുവിന് സ്ഥാനാർഥികൾ കൈനീട്ടം നല്കിയും ആശംസയർപ്പിച്ചും നടന്നപ്പോൾ ഐസക് എല്ലാ വീട്ടിലും ഓരോ കൂട് പച്ചക്കറിവിത്ത് എത്തിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കംതന്നെ കൗതുകകരമായിരുന്നു. മണ്ഡലത്തിലെങ്ങും ശുചീകരണം നടത്തിക്കൊണ്ടായിരുന്നു ഉദ്ഘാടനം. നാമനിർദേശപത്രികാ സമർപ്പണവും ശ്രദ്ധേയമാക്കാനുള്ള ഒരുക്കത്തിലാണ്.

ആയിരം പ്ലാവിൻതൈ മണ്ഡലത്തിലുടനീളം നട്ടുകൊണ്ടാണ് പത്രികാസമർപ്പണം. നവമാധ്യമങ്ങളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും പ്രശ്നപരിഹാരത്തിനും ഇത്രത്തോളം ഉപയോഗിക്കുന്ന രാഷ്ട്രീയനേതാക്കൾ അപൂർവമാണ്. ഇപ്പോൾ നവമാധ്യമങ്ങളിലെ വിവിധ കൂട്ടായ്മകളുമായി ഓരോ ആഴ്ചയും തത്സമയ ചർച്ചയുമുണ്ട്.  മുന്പ് വി.എസ്. അച്യുതാനന്ദനെ തോല്പിച്ച മാരാരിക്കുളം മണ്ഡലം തിരിച്ചുപിടിക്കാൻ പാർട്ടി നിയോഗിച്ചത് ഐസക്കിനെയാണ്.

പാർട്ടി കേന്ദ്രകമ്മിറ്റിയംഗം കൂടിയായ അദ്ദേഹം ദൗത്യം വിജയകരമാക്കി. മണ്ഡലം പുനർനിർണയിച്ചപ്പോൾ മാരാരിക്കുളം ആലപ്പുഴയുടെ ഭാഗമായി. എന്നാൽ ഐസക്കിന് മാറ്റമുണ്ടായില്ല. മൂന്നാംവട്ടമാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ഐസക്കിനെ നേരിടാനുള്ള വെല്ലുവിളി യു.ഡി.എഫിൽ സന്തോഷപൂർവം ഏറ്റെടുത്തിരിക്കുന്നത് അഡ്വ. ലാലി വിൻസെന്റാണ്. 

കഴിവുതെളിയിച്ച രാഷ്ട്രീയപ്രവർത്തക തന്നെയാണ് ലാലി വിൻസെന്റ്. കൊച്ചി നഗരസഭയിൽ പയറ്റിത്തെളിഞ്ഞ കരുത്ത്. കെ.പി.സി.സി. വൈസ് പ്രസിഡന്റായ ലാലി ഗവ. സ്പെഷൽ പ്രോസിക്യൂട്ടർ സ്ഥാനം രാജിെവച്ചാണ് ഗോദയിലിറങ്ങിയിരിക്കുന്നത്. ഒറ്റ റോഡ് ഷോയിലൂടെത്തന്നെ മണ്ഡലത്തിൽ അവർ സാന്നിധ്യമറിയിച്ചു. മന്ത്രി രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എം.പി. എന്നിവർ ലാലിയുടെ വിജയത്തിനായി പ്രചാരണംനടത്തുന്നു. സൗമ്യമായി ജനങ്ങളുമായി കൂടുതൽ അടുപ്പം സ്ഥാപിച്ചാണ് ലാലി വോട്ടു ചോദിക്കുന്നത്.

പാർലമെന്റ് തിരഞ്ഞെടുപ്പിൽ കെ.സി. വേണുഗോപാൽ നേടിയ 7000 വോട്ടിന്റെ ഭൂരിപക്ഷം അവരുടെ ആത്മവിശ്വാസം കൂട്ടുന്നു. മത്സ്യത്തൊഴിലാളി നേതാവും ആർ.എസ്.എസ്. നേതൃത്വത്തിലുള്ളയാളുമായ അഡ്വ. രഞ്ജിത് ശ്രീനിവാസ് ആണ് എൻ.ഡി.എ. സ്ഥാനാർഥി. നവമാധ്യമങ്ങളിലൂടെയും പ്രചാരണം നടത്താൻ ഇദ്ദേഹം പരമാവധി ശ്രമിക്കുന്നു. മോദി ഉണർത്തിവിട്ട വികസനതരംഗം അനുകൂലമാകുമെന്ന് ബി.ജെ.പി. വിശ്വസിക്കുന്നു.

വോട്ട് നില

2011 നിയമസഭാ തിരഞ്ഞെടുപ്പ്

തോമസ് ഐസക് (എൽ.ഡി.എഫ്.): 75,857
അഡ്വ. പി.ജെ. മാത്യു (യു.ഡി.എഫ്.): 59,515
കൊട്ടാരം ഉണ്ണികൃഷ്ണൻ (ബി.ജെ.പി.): 3540
 

2014 ലോക്‌സഭാ തിരഞ്ഞെടുപ്പ്
കെ.സി. വേണുഗോപാൽ (യു.ഡി.എഫ്.): 70,206
സി.ബി. ചന്ദ്രബാബു (എൽ.ഡി.എഫ്.): 62,507
എ.വി. താമരാക്ഷൻ (എൻ.ഡി.എ.): 3827

തദ്ദേശം 2015
ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, മാരാരിക്കുളംവടക്ക് (എൽ.ഡി.എഫ്.)ആലപ്പുഴ നഗരസഭ25 വാർഡുകൾ ഈ മണ്ഡലത്തിലാണ്. ഇതിൽ 
എൽ.ഡി.എഫ്. 11, യു.ഡി.എഫ്. 14