Jackfruitആലപ്പുഴ: പ്ളാവും ചക്കയും സംസ്ഥാന തിരഞ്ഞെടുപ്പ്‌ അജൻഡയുടെ  ഭാഗമാകുന്നു. സി.പി.എമ്മും ബി.ജെ.പി.യുമാണ് തിരഞ്ഞെടുപ്പിൽ ചക്കയെയും പ്ളാവിനെയും ഏറ്റെടുക്കുന്നത്.  സി.പി.എമ്മിലെ ഡോ. തോമസ് ഐസക് നാമനിർദ്ദേശപത്രിക  സമർപ്പിക്കുന്നത് ആലപ്പുഴ നിയോജകമണ്ഡലത്തിൽ 10,000 പ്ളാവിൻതൈകൾ നട്ടുകൊണ്ടാണ്. ചെങ്ങന്നൂർ മണ്ഡലത്തിൽ ബി.ജെ.പി.യുടെ സംവാദത്തിലാണ് ചക്കയ്ക്ക്‌ റോൾ നൽകിയിരിക്കുന്നത്.ഏപ്രിൽ 26ന്‌ കാലത്ത് കവയിത്രി സുഗതകുമാരിയാണ് ആലപ്പുഴയിൽ പ്ളാവിൻതൈ നടുന്നതിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്.

ഭാവിയിൽ ചക്ക കേരളത്തിന്റെ സാമ്പത്തികമേഖലയിൽ  നിർണായകമാകുമെന്ന സന്ദേശമാണ് തോമസ് ഐസക് ഇതിലൂടെ  നൽകുന്നത്. മൂല്യവർധിത ഉത്‌പന്നങ്ങളിലൂടെ ചക്കയെ കേരളത്തിന്റെ പ്രധാന വരുമാനസ്രോതസ്സാക്കിമാറ്റുകയാണ് ലക്ഷ്യം. ആഗോളതാപനത്തെ  ചെറുക്കാൻ കാർബൺസംതുലനം കൈവരിക്കുന്നതിന്‌ പ്ളാവുകൾ ഉപയോഗപ്രദമാവുമെന്ന് തോമസ് ഐസക് പറയുന്നു. അഞ്ച്‌ വർഷംകൊണ്ട് ആലപ്പുഴ മണ്ഡലത്തിൽ അഞ്ചുലക്ഷം പ്ളാവിൻതൈകൾ  നടാനാണ് പരിപാടി. ആലപ്പുഴയിൽ പുറംതള്ളുന്ന കാർബൺ ഇവിടെത്തന്നെ ആഗിരണം ചെയ്യാനുള്ള പരിശ്രമം. കേരള  പരിസ്ഥിതിസൗഹാർദ്ദവേദിയാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

കേരളം പാഴാക്കിക്കളയുന്ന ചക്ക മരുന്നും  ഉത്തമജൈവഭക്ഷണവുമാണെന്ന സന്ദേശം പകരാനാണ് ചക്കയുമായി സംവാദം നടത്തുന്നതെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡൻറ്‌‌ കുമ്മനം  രാജശേഖരൻ പറഞ്ഞു. ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലാണ് ഇപ്പോൾ ചക്കച്ചർച്ച ക്രമീകരിച്ചിരിക്കുന്നത്. മറ്റു മണ്ഡലങ്ങളിലും ഇതു നടത്തുന്നകാര്യം പരിഗണനയിലാണ്. ഇതിന്റെ ഔഷധമൂല്യത്തെപ്പറ്റി  ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കുകയും ഈ ചർച്ചയുടെ ലക്ഷ്യമാണ്.