Shobhana Georgeതോല്ക്കാനാണ് മത്സരിക്കുന്നതെന്ന് ഒരു സ്ഥാനാർഥിയും പറയില്ല.  ചെങ്ങന്നൂരിൽ ശോഭന ജോർജ് മത്സരിക്കുന്നതും ജയിക്കാനാണ്. മൂന്നു മുന്നണി സ്ഥാനാർഥികൾക്കിടയിലാണ് ശോഭനയുടെ പോര്. വികസന മതേതര മുന്നണിയുടെ പേരിലാണ് മത്സരം.

മൂന്നുതവണ ചെങ്ങന്നൂർ എം.എൽ.എ. യായിരുന്ന ശോഭന പത്തുവർഷത്തെ ഇടവേളയ്ക്കുശേഷമാണ്  അവിടെത്തന്നെ ജനവിധി തേടുന്നത്. മുന്നണികളുടെ പിന്തുണയില്ലാതെ മത്സരിക്കുന്നത് സാഹസികമാണെന്നറിയാത്തയാളല്ല ശോഭന.

എന്നിട്ടും എന്തിനു മത്സരിക്കുന്നു എന്ന ചോദ്യത്തിന് അവർ പറയുന്ന മറുപടി ‘നാടിന്റെ വികസനത്തിന്' എന്നാണ്.  ശോഭനയെ സംബന്ധിച്ചു ഇതു നിലനില്പിന്റെ പോരാട്ടമാണ്്. ഇപ്പോഴത്തെ രാഷ്ട്രീയ അനാഥത്വത്തിൽ നിന്നു കരകയറാനുള്ള വഴി.

രാഷ്ട്രീയ വഴിത്താരയിൽ റോക്കറ്റിന്റെ വേഗതയിൽ കുതിച്ചുയർന്ന ശോഭന അതേ വേഗതയിലായിരുന്നു  കൂപ്പുകുത്തിയതും. അവിടെ നിന്ന് ഇനി കരകയറാൻ സ്വന്തം കരുത്തുകാട്ടാതെ പറ്റില്ല. ഈ മത്സരം അതിനുള്ള വേദിയാണ്.  

തിരുവല്ലയിലെ സ്വകാര്യ സ്കൂൾ ഉദ്യോഗത്തിൽനിന്നു തിരുവനന്തപുരത്തെത്തിയ ശോഭന യൂത്തു കോൺഗ്രസ് സംസ്ഥാന ഭാരവാഹിയായതും ചെങ്ങന്നൂരിൽ കോൺഗ്രസ് സ്ഥാനാർഥിയായതുമെല്ലാം ഞൊടിയിടയ്കുള്ളിലായിരുന്നു.

91-ലായിരുന്നു ചെങ്ങന്നൂരിൽ ഇവർ ആദ്യം സ്ഥാനാർഥിയാകുന്നത്. പിന്നീട് 96-ലും 2001-ലും ചെങ്ങന്നൂരിൽനിന്നു വിജയിച്ചു. തുടർന്നു കേരള രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിയ വ്യാജരേഖ കേസിന്റെ കേന്ദ്രബിന്ദുവായി മാറിയതോടെയാണ് ഇവരുടെ രാഷ്ട്രീയ ശനിദശ തുടങ്ങുന്നത്.

കേസിന്റെ നൂലാമാലകളിൽനിന്നു ഊരിമാറിയെങ്കിലും ഗ്രൂപ്പു ഭേദമില്ലാതെ കോൺഗ്രസ് നേതാക്കളുടെ മനസ്സിൽ പ്രതിസ്ഥാനത്തായി ശോഭന. ഇത് അവരുടെ രാഷ്ട്രീയ ഭാവിയിൽ കരിനിഴൽ വീഴ്ത്തി. 2006-ൽ അവർക്ക് മത്സരിക്കാൻ സീറ്റുകിട്ടിയത് തിരുവനന്തപുരം വെസ്റ്റിലാണ്. അന്നു ജയിക്കാനായില്ല.

അടുത്ത തവണ സീറ്റു കിട്ടിയതുമില്ല. പ്രതീക്ഷിച്ച പദവികൾ പാർട്ടിയിലും കിട്ടിയില്ല. ഇടയ്ക്ക് ചെങ്ങന്നൂരിൽ ഇടതു സ്വതന്ത്രയായി ശോഭന മത്സരിക്കുമെന്നു  അഭ്യൂഹം ശക്തമായി. പക്ഷേ, പ്രഖ്യാപനം വന്നപ്പോൾ സി.പി.എം. നേതാവുതന്നെ സ്ഥാനാർഥിയായി. 

പിന്നെ ശോഭനയ്ക്കു സ്വതന്ത്രയായി മത്സരിക്കാതെ വഴിയില്ലായിരുന്നു. കോൺഗ്രസ്സിലെ ഭാരവാഹിത്വം രാജിവെച്ചു മത്സരിക്കുന്നത് കോൺഗ്രസ്സിനോടു കണക്കു തീർക്കുക എന്ന വാശിയോടെയാണ്. ശോഭനയ്ക്ക് പിന്തുണ ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ബിഷപ്പ് തോമസ് മാർ അത്തനേഷ്യസ് ആണ്.

കേന്ദ്രത്തിൽ നരേന്ദ്ര മോദിയെയും കേരളത്തിൽ ഉമ്മൻചാണ്ടിയെയും പിന്തുണയ്ക്കുന്ന അദ്ദേഹം ചെങ്ങന്നൂരിൽ ശോഭനയുെട അഭ്യുദയകാംക്ഷിയാണ്. കഴിഞ്ഞതവണ വിമതയായി  ശോഭന മത്സരിക്കാനിറങ്ങിയപ്പോൾ പിന്തിരിപ്പിച്ചത് താനായിരുന്നുവെന്നും അന്നത്തെ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്നുമാണ് ഇതിന് അദ്ദേഹത്തിന്റെ ന്യായീകരണം.
      
 പാർട്ടി ടിക്കറ്റു നിഷേധിച്ചപ്പോൾ കെ.ആർ. സരസ്വതിയമ്മ, എസ്. രാമചന്ദ്രൻപിള്ള എന്നിവർ ഒറ്റക്കു മത്സരിച്ച പാരമ്പര്യമുള്ള ചെങ്ങന്നൂരിൽ ഇക്കുറി ശോഭനയുടെ ഊഴം.