മൂന്നു പതിറ്റാണ്ടായി യു.ഡി.എഫിനൊപ്പം നില്ക്കുന്ന മണ്ഡലം നിലനിർത്താനുള്ള പൊരിഞ്ഞ പോരാട്ടത്തിൽ സിറ്റിങ്‌ എം.എൽ.എ. പി.സി. വിഷ്ണുനാഥ്. ഇത്തവണത്തെ സവിശേഷസാഹചര്യം മുതലാക്കി മണ്ഡലം പിടിക്കാനുള്ള യത്നത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥി അഡ്വ. കെ.കെ. രാമചന്ദ്രൻ നായർ.

ത്രികോണമത്സരത്തിലൂടെ താമര വിരിയിക്കാനുള്ള അടവുകളുമായി എൻ.ഡി.എ.യുടെ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള. മൂന്നു മുന്നണിസ്ഥാനാർഥികൾക്കും ചെങ്ങന്നൂരിൽ ജീവന്മരണപോരാട്ടമാണ്. ഇതിനൊപ്പം വിമതവേഷത്തിൽ മുൻ എം.എൽ.എ. ശോഭനാ ജോർജും.

ചെങ്ങന്നൂരിന്റെ ചരിത്രത്തിൽ ഇത്തരമൊരു മത്സരം ഇതാദ്യം. ഇവിടെ മുന്നണിസ്ഥാനാർഥികളിലൊരാളായിരിക്കും വിജയിക്കുകയെന്നകാര്യത്തിൽ തർക്കമില്ല. മുൻകാലങ്ങളിലെപ്പോലെ ഏതു മുന്നണി വിജയിക്കുമെന്നു കണ്ണടച്ചുപറയാൻ പ്രയാസമാണെന്നുമാത്രം. അത്ര കടുകട്ടിയാണ് മത്സരം. ശക്തമായ ത്രികോണമത്സരം.

1.95 ലക്ഷം വോട്ടർമാരാണ് ഇത്തവണ ചെങ്ങന്നൂരിൽ. ആലപ്പുഴജില്ലയിൽ പോളിങ്‌ ശതമാനം ഏറ്റവും കുറവു രേഖപ്പെടുത്താറുള്ള മണ്ഡലം; 70 ശതമാനത്തിൽ താഴെയാണ് പലപ്പോഴും. ബോധവത്‌കരണപരിപാടികൾ ഉഷാറായിനടക്കുന്നതിനാൽ പോളിങ്‌ 75 ശതമാനംവരെ വന്നേക്കാം. ഇത്തവണ കൂടുന്ന  വോട്ടിന്റെ വീതംവയ്പാണ് ഇവിടെ വിജയിയെ നിർണയിക്കുക. കടുകട്ടി ത്രികോണമത്സരം നടന്നാൽ, 50,000 വോട്ടിനുമേൽ നേടിയാൽ ജയിക്കാവുന്ന സ്ഥിതി.

2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പി.സി. വിഷ്ണുനാഥിന് 65,186 വോട്ടാണു കിട്ടിയത്. എൽ.ഡി.എഫ്. സ്ഥാനർഥി സി.എസ്. സുജാത 52,656 വോട്ടും നേടി. അന്നു ബി.ജെ.പി.യുടെ ബി. രാധാകൃഷ്ണമേനോനു ലഭിച്ചത് വെറും 6062 വോട്ടായിരുന്നു. ആ തിരഞ്ഞെടുപ്പിൽ 12,530 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിഷ്ണുനാഥ് വിജയിച്ചത്.

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥിതിമാറി. അന്നു യു.ഡി.എഫിന്റെ വോട്ടുവിഹിതം 55,769 ആയി കുറഞ്ഞു. എൽ.ഡി.എഫിന്റെ വിഹിതവും കുറഞ്ഞു- 47,951 വോട്ടുകൾ. നേട്ടമുണ്ടായത് ബി.ജെ.പി.ക്ക്. അവർക്കന്ന് 15,716 വോട്ടുകൾ കിട്ടി. എന്നിട്ടും 7818 വോട്ടുകളുടെ ഭൂരിപക്ഷം യു.ഡി.എഫിനു കിട്ടി.

പിന്നീട് നടന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. നില കുറെക്കൂടി മോശമായി. എൽ.ഡി.എഫ്. നില മെച്ചപ്പെടുത്തുകയും ബി.ജെ.പി. കൂടുതൽ നേട്ടമുണ്ടാക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായുള്ള, ജനഹിതപരിശോധനയാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ്. 

സംസ്ഥാനത്തെ യുവ എം.എൽ.എ.മാരിൽ ശ്രദ്ധേയനാണ് യു.ഡി.എഫ്. സ്ഥാനാർഥി പി.സി. വിഷ്ണുനാഥ്. പോയ പത്തുവർഷക്കാലം ഇവിടെ ചെയ്ത വികസനപ്രവർത്തനങ്ങളുടെ പേരിലാണ്  മൂന്നാമതൊരിക്കൽക്കൂടി അദ്ദേഹം വോട്ടഭ്യർഥിക്കുന്നത്. ചെങ്ങന്നൂരിൽ മൂന്നു പതിറ്റാണ്ടായി നിറസാന്നിദ്ധ്യമാണ് എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. രാമചന്ദ്രൻ നായർ.

2001-ൽ നിസ്സാരവോട്ടിന് ശോഭനാ ജോർജിനോടു തോറ്റ ഇദ്ദേഹത്തിന്  കക്ഷിബന്ധങ്ങൾക്കതീതമായ വ്യക്തിബന്ധമുണ്ട്. ചെങ്ങന്നൂർ ബാറിലെ  അഭിഭാഷകൻ. നാടിന്റെ വികസനമുരടിപ്പാണ് തിരഞ്ഞെടുപ്പിൽ രാമചന്ദ്രൻ നായർ ചർച്ചയാക്കുന്നത്. എൻ.ഡി.എ.യുടെ സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ള ബഹുമുഖപ്രതിഭയാണ്- നിയമപണ്ഡിതൻ, എഴുത്തുകാരൻ, കായികസംഘാടകൻ, വാഗ്മി. 

മണ്ഡലത്തിൽ നിർണായകമാണ് ഹിന്ദുവോട്ടുകൾ. അതിനോടടുത്തുതന്നെവരും ന്യൂനപക്ഷവോട്ടുകളും. ഇക്കുറി ഹിന്ദുവോട്ടുകൾ മൂന്നായി വിഭജിക്കപ്പെടും. ഹിന്ദുവോട്ടുകളിൽ ഒരുപങ്കും ന്യൂനപക്ഷവോട്ടിൽ നല്ലപങ്കും കിട്ടുമെന്ന കണക്കുകൂട്ടലാണ് യു.ഡി.എഫിന്റെ വിജയപ്രതീക്ഷ.

നാല്പതിനായിരത്തോളം വരുന്ന പാർട്ടിവോട്ടും സർക്കാർവിരുദ്ധവോട്ടുമാണ് എൽ.ഡി.എഫ്. വിജയത്തിനായി കണക്കുകൂട്ടുന്നത്. ഹിന്ദുവോട്ടുകളിൽ ഭൂരിപക്ഷവും കുറച്ചു ന്യൂനപക്ഷവോട്ടുകളും സ്ഥാനാർഥിയുടെ വ്യക്തിത്വം മൂലം ലഭിക്കുന്ന വോട്ടുകളുംകൂടി തങ്ങൾക്കു വിജയം നേടിത്തരുമെന്ന്‌ എൻ.ഡി.എ. വിശ്വസിക്കുന്നു. മുൻ എം.എൽ.എ. ശോഭനാ ജോർജിന്റെ സാന്നിധ്യം ഗുണകരമാകുമെന്ന്‌ എൻ.ഡി.എ.യും എൽ.ഡി.എഫും കണക്കുകൂട്ടുന്നുണ്ട്.