‘പാർട്ടി’ ഡിസൈൻ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ബനിയനുകൾ ധരിച്ച് കുട്ടികൾ

 ‘പാർട്ടി’ ഡിസൈൻ വിവിധ രാഷ്ട്രീയ പാർട്ടികളുടെ 
ബനിയനുകൾ ധരിച്ച് കുട്ടികൾ

ആലപ്പുഴ: തിരഞ്ഞെടുപ്പ് അടുത്താൽ  വസ്ത്രധാരണരീതി പോലും മാറിപ്പോകും. ബനിയനിലും മുണ്ടിലുംവരെ ഇഷ്ടനേതാവിന്റെ പടവും പാർട്ടിയുടെ ചിഹ്നവുമൊക്കെ കടന്നുവരും. വോട്ടുകൂട്ടാൻ പാർട്ടികൾ മത്സരിക്കുമ്പോൾ തിരഞ്ഞെടുപ്പു കാലത്ത് പുത്തൻ ഫാഷൻ തരംഗം സൃഷ്ടിച്ച് പണം വാരുകയാണ് വസ്ത്രനിർമാതാക്കൾ. ഏത് പാർട്ടിയുടെയും പേരിലുള്ള വസ്ത്രങ്ങൾ ഇന്ന് വിപണിയിൽ കിട്ടും. ഓരോ പാർട്ടിക്കും പ്രത്യേക ഡിസൈൻ രൂപകല്‌പന ചെയ്തിട്ടുണ്ട്. അരിവാൾ ചുറ്റിക നക്ഷത്രം അടയാളമുള്ള വെളുത്ത ബനിയനാണ് ഇടതുമുന്നണിക്കായി രൂപ കല്‌പന ചെയ്തിട്ടുള്ളത്. ഇതിൽ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ അഭിവാദ്യം ചെയ്യുന്ന ചിത്രവുമുണ്ട്. കോൺഗ്രസ്സുകാർക്കായി തയ്യാറാക്കിയിട്ടുള്ളത് ത്രിവർണ നിറമുള്ള ബനിയനാണ്.

അതിൽ കൈ അടയാളമാണ് പതിച്ചിട്ടുള്ളത്. ബി.ജെ.പി.ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും താമര ചിഹ്നവും പതിച്ച ബനിയനുകളാണ് എത്തിച്ചിട്ടുള്ളത്. 100 രൂപ മുതൽ വിലയ്ക്ക് ഇത്തരം ബനിയനുകൾ ലഭിക്കും. ഇപ്പോൾ പ്രധാന പാർട്ടികളുടെ പേരിലുള്ള ബനിയനുകളാണ് രംഗത്തുള്ളത്. എന്നാൽ, ഘടകകക്ഷികൾ മത്സരിക്കുന്ന ഇടങ്ങളിൽ അവർക്ക് മാത്രമായി പ്രത്യേകം വസ്ത്രങ്ങളും ഇറക്കാനുള്ള പരിപാടിയിലാണ് വസ്ത്രനിർമാതാക്കൾ. വെളുത്ത മുണ്ടിലുമുണ്ട് പാർട്ടികളുടെ ഡിസൈൻ. അരിവാൾ ചുറ്റിക അടയാളം തുന്നിയ മുണ്ടുകൾ അടുത്തിടെ വൈറലായിരുന്നു. മുണ്ടിന് വൻ ഡിമാന്റായതോടെ മറ്റു പാർട്ടികളും ചിഹ്നം പതിച്ച മുണ്ടുകൾക്ക് വ്യാപകമായി ഓർഡർ നല്‌കിയിരിക്കുകയാണ്. 

വസ്ത്രങ്ങളിൽ മാത്രമല്ല, കീച്ചെയിൻ, തൊപ്പി, ബലൂണുകൾ എന്നിവയിലും പാർട്ടി ഡിസൈനുകളുണ്ട്. എല്ലാ പാർട്ടിയുടെയും ചിഹ്നം കൊത്തിയ തൊപ്പിയും കീച്ചെയിനുമൊക്കെ വിപണിയിൽ കിട്ടും. തൊപ്പിക്ക് 20 രൂപ മുതലാണ് വില. പാർട്ടി ചിഹ്നങ്ങൾ കൊത്തിയ പോക്കറ്റ് ബാഡ്ജും ഷെയ്ഡുമുണ്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി. പാർട്ടി ചിഹ്നങ്ങളുമായി കുടകളും ഉടൻ വിപണിയിലെത്തും. പാർട്ടി ചിഹ്നങ്ങൾ ആലേഖനം ചെയ്ത വസ്ത്രങ്ങളുമായാണ് പല പാർട്ടി പ്രവർത്തകരും ഇപ്പോൾ പ്രചാരണത്തിനിറങ്ങുന്നത്.