ലപ്പുഴ ജില്ലയിൽ സ്ഥാനാർഥിനിർണയത്തിലെ  ആശയക്കുഴപ്പം മാറിയതോടെ പോരാട്ടചിത്രം തെളിഞ്ഞു.കഴിഞ്ഞതവണത്തേതിൽനിന്ന്‌ വ്യത്യസ്തമാണ് സ്ഥിതിഗതികൾ. ബി.ജെ.പി.-ബി.ഡി.ജെ.എസ്. സഖ്യം ഉൾപ്പെട്ട എൻ.ഡി.എ.യുടെ  സാന്നിധ്യം തിരഞ്ഞെടുപ്പുപ്രവചനം അസാധ്യമാക്കും. ജില്ലയിൽ മൂന്നുമണ്ഡലത്തിലെങ്കിലും മത്സരം കടുപ്പിക്കാൻ എൻ.ഡി.എ. സഖ്യത്തിന്‌ കഴിയും. തുടക്കത്തിൽ ചെങ്ങന്നൂർ, കായംകുളം മണ്ഡലങ്ങളിലെ ഇടതുസ്ഥാനാർഥികളുടെ കാര്യത്തിൽ അവ്യക്തതയുണ്ടായിരുന്നു. അതുപോലെ അമ്പലപ്പുഴ, ആലപ്പുഴ, അരൂർ മണ്ഡലങ്ങളിലെ യു.ഡി.എഫ്. സ്ഥാനാർഥികളുടെ കാര്യത്തിലും ആശയക്കുഴപ്പമുണ്ടായി.  സ്ഥാനാർഥിപ്രഖ്യാപനം കഴിഞ്ഞതോടെ ഈ പ്രശ്നങ്ങൾ തീർന്നു.

ഒമ്പത്‌ നിയോജകമണ്ഡലങ്ങളാണ് ജില്ലയിൽ. നിലവിൽ ഏഴിടത്തും എൽ.ഡി.എഫാണ്. രണ്ടിടത്തുമാത്രമാണ് യു.ഡി.എഫ്. പഴയതിന്റെ തനിയാവർത്തനമുണ്ടായാൽ നേട്ടം ഇടതുപക്ഷത്തിന്. 2014-ലെ പാർലമെന്റ്‌ തിരഞ്ഞെടുപ്പുഫലമാണ് ആവർത്തിക്കുന്നതെങ്കിൽ ഏഴുമണ്ഡലങ്ങളിൽ യു.ഡി.എഫിന്‌ വിജയം പ്രതീക്ഷിക്കാം. 2015-ലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പാണ് ഏറ്റവുമൊടുവിൽനടന്ന ജനഹിത പരിശോധന. അതിന്റെ സ്വാധീനമാണ് ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നതെങ്കിൽ ഇടതുപക്ഷം വിജയംകൊയ്യും; എൻ.ഡി.എ.യും മിന്നൽപ്രകടനം കാഴ്ചവെക്കും. മാറിയ സാഹചര്യത്തിൽ അടിയൊഴുക്കുകൾക്ക്‌ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ കാര്യങ്ങൾ എങ്ങനെയും മാറിമറിയാം.  

ജില്ലയിലെ ഒന്പതിൽ എട്ടുമണ്ഡലങ്ങളിലും സിറ്റിങ്‌ എം.എൽ.എ.മാർ തന്നെയാണ് വീണ്ടും ജനവിധിതേടുന്നത്. ഇതിൽ ആറുപേർ ഇടതുപക്ഷത്തുള്ളവരും രണ്ടുപേർ യു.ഡി.എഫുകാരുമാണ്. സി.പി.എമ്മിലെ സി.കെ. സദാശിവൻ മാത്രമാണ് ജില്ലയിൽ സീറ്റുനിഷേധിക്കപ്പെട്ട സിറ്റിങ്‌ എം.എൽ.എ. സദാശിവന്‌ സീറ്റുകിട്ടാഞ്ഞത് വി.എസ്. പക്ഷം പ്രശ്നമാക്കിയിരുന്നു.  തത്‌കാലത്തേക്ക് എല്ലാം പറഞ്ഞുതീർത്തിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ചർച്ചയായിട്ടുള്ള മറ്റൊരു വിഷയം കണിച്ചുകുളങ്ങര ദേവസ്വം തിരഞ്ഞെടുപ്പാണ്.

എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രസിഡന്റുസ്ഥാനത്തേക്ക്‌ മത്സരിക്കുന്ന ഈ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട്‌ ചർച്ചചെയ്യാൻ സി.പി.എം. ജില്ലാസെക്രട്ടേറിയേറ്റ്‌ കൂടിയതും സംസ്ഥാനനേതൃത്വം ഇടപെട്ടതുമാണ് ഗൗരവമുള്ള വിഷയം. കണിച്ചുകുളങ്ങര ദേവസ്വം തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിയുടെ പാനലിനെ എതിർക്കേണ്ടെന്നാണ് പാർട്ടിയെടുത്ത തീരുമാനം. 51 വർഷമായി വെള്ളാപ്പള്ളി ഈ ദേവസ്വം പ്രസിഡന്റായി തുടരുകയാണ്.

ഇവിടത്തെ 12,400 വോട്ടർമാരിൽ ഭൂരിപക്ഷവും സി.പി.എം. അനുഭാവികളാണെന്നതാണ് രാഷ്ട്രീയപ്രാധാന്യമുള്ള കാര്യം.സമീപകാലത്ത് വെള്ളാപ്പള്ളിയെ വിമർശിച്ചുകൊണ്ടിരുന്ന സി.പി.എം. ഇപ്പോൾ കൈക്കൊണ്ട തീരുമാനം വോട്ടുകൈമാറ്റത്തിനുള്ള പാക്കേജാണെന്നാണ് കോൺഗ്രസ്സിന്റെ ആക്ഷേപം. ഇത്തരമൊരു തീരുമാനമെടുപ്പിച്ചതിനുപിന്നിൽ ജില്ലയിലെ മുതിർന്ന പാർട്ടിസ്ഥാനാർഥികളാണെന്നും അവർ പറയുന്നു. മത്സരത്തിന്‌ കൂടുതൽ എരിവുപകരുന്നതാണ് ഈ ആക്ഷേപം. ജില്ലയിലെ നാലുമണ്ഡലങ്ങളെ ശ്രദ്ധേയമാക്കുന്നത് താരപരിവേഷമുള്ള നേതാക്കളുടെ സ്ഥാനാർഥിത്വമാണ്.

യു.ഡി.എഫ്. സ്ഥാനാർഥി രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട്, എൽ.ഡി.എഫ്. സ്ഥാനാർഥികളായ തോമസ് ഐസക് മത്സരിക്കുന്ന ആലപ്പുഴ, ജി. സുധാകരൻ ജനവിധി തേടുന്ന അമ്പലപ്പുഴ,  ബി.ജെ.പി. സ്ഥാനാർഥി അഡ്വ. പി.എസ്. ശ്രീധരൻപിള്ള മത്സരിക്കുന്ന ചെങ്ങന്നൂർ എന്നിവയാണവ. 

ജില്ലയിൽ കടുത്ത മത്സരം ഇതിലൊരു മണ്ഡലത്തിലാണ്- ചെങ്ങന്നൂരിൽ. ത്രികോണമത്സരമെന്ന്‌ പറയാം. യുവ എം.എൽ.എ.മാരിൽ ശ്രദ്ധേയനായ പി.സി. വിഷ്ണുനാഥാണ് ചെങ്ങന്നൂരിൽ യു.ഡി.എഫ്. സ്ഥാനാർഥി. മൂന്നാമൂഴമാണ് വിഷ്ണുവിന്. എൽ.ഡി.എഫിന്റെ സ്ഥാനാർഥി സി.പി.എമ്മിലെ അഡ്വ. കെ.കെ. രാമചന്ദ്രൻനായർ. ബി.ജെ.പി.യുടെ ശ്രീധരൻപിള്ളയ്ക്കുപുറമേ മുൻ എം.എൽ.എ. ശോഭനാജോർജും രംഗത്തുണ്ട്, സ്വതന്ത്രയായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 7000-ൽപ്പരം വോട്ടുമാത്രം കിട്ടിയ എൻ.ഡി.എ. ഇത്തവണ ഉയർത്തുന്ന വെല്ലുവിളിയാണ് ഇവിടെ പിരിമുറുക്കം കൂട്ടുന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ 36,000-ത്തോളം വോട്ടുപിടിച്ചതിന്റെ ബലത്തിലാണ് എൻ.ഡി.എ.യുടെ പോരാട്ടം.  ഇതിന്റെ ഗുണഭോക്താവ് ആരെന്നുപറയുക എളുപ്പമല്ല.

തദ്ദേശതിരഞ്ഞെടുപ്പിൽ എൻഡി.എ. മുന്നേറ്റമുണ്ടായ മാവേലിക്കര, കുട്ടനാട് മണ്ഡലങ്ങളിലും ചൂടേറിയ മത്സരമാണ്. എൻ.ഡി.എ. പിടിക്കുന്ന വോട്ട് ഇവിടങ്ങളിലും നിർണായകം. മാവേലിക്കരയിൽ സി.പി.എമ്മിന്റെ സിറ്റിങ്‌ എം.എൽ.എ. ആർ. രാജേഷ്, യു.ഡി.എഫിന്റെ ബൈജു കലാശാല, ബി.ജെ.പി.യുടെ പി.എം. വേലായുധൻ എന്നിവരാണ് സ്ഥാനാർഥികൾ.കുട്ടനാട്ടിൽ സിറ്റിങ്‌ എം.എൽ.എ. എൻ.സി.പി.യുടെ തോമസ് ചാണ്ടിയാണ് എൽ.ഡി.എഫ്. സ്ഥാനാർഥി. യു.ഡി.എഫ്. സ്ഥാനാർഥി കേരളാകോൺഗ്രസ് എമ്മിലെ അഡ്വ. ജേക്കബ് എബ്രഹാമും. ബി.ഡി.ജെ.എസ്. ദേശീയസെക്രട്ടറി സുഭാഷ് വാസുവാണ് എൻ.ഡി.എ. സ്ഥാനാർഥി. കടുത്തമത്സരമാണ് ഇവിടെയും. 

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട് യു.ഡി.എഫിന് മുൻതൂക്കമുള്ള മണ്ഡലമായിട്ടാണ് വിലയിരുത്തൽ.    തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകഴിഞ്ഞപ്പോൾ  യു.ഡി.എഫ്. സ്ഥിതി മെച്ചപ്പെടുത്തിയിട്ടുമുണ്ട് . സി.പി.ഐ.യുടെ പി. പ്രസാദാണ് ഇവിടെ എൽ.ഡി.എഫ്. സ്ഥാനാർഥി. അദ്ദേഹം യു.ഡി.എഫിന്‌ നല്ല വെല്ലുവിളി ഉയർത്തുന്നുണ്ട്. എൻ.ഡി.എ. സ്ഥാനാർഥി ഡി. അശ്വിനിദേവും. മുൻ ധനകാര്യമന്ത്രിയും സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവുമായ ഡോ. തോമസ് ഐസക് മത്സരിക്കുന്ന ആലപ്പുഴ, എ.എം. ആരിഫ് മത്സരിക്കുന്ന അരൂർ എന്നിവിടങ്ങളിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനായിരുന്നു ഭൂരിപക്ഷം. പക്ഷേ, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നേരേത്തിരിഞ്ഞു. ആലപ്പുഴയിൽ കോൺഗ്രസ്സിലെ അഡ്വ. ലാലി വിൻസെന്റാണ് യു.ഡി.എഫിന്റെ സ്ഥാനാർഥി. എൻ.ഡി.എ. സ്ഥാനാർഥി അഡ്വ. രഞ്ജിത് ശ്രീനിവാസും.

അരൂരിലെ യു.ഡി.എഫ്. സ്ഥാനാർഥി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ജയപ്രകാശും എൻ.ഡി.എ. സ്ഥാനാർഥി ബി.ഡി.ജെ.എസ്സിലെ ടി. അനിയപ്പനുമാണ്. മുൻമന്ത്രി ജി. സുധാകരൻ മത്സരിക്കുന്ന അമ്പലപ്പുഴയിൽ വാശിയേറിയ മത്സരമാണ്. ജനതാദൾ (യു) സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക് പി. ഹാരിസാണ് യു.ഡി.എഫ്. സ്ഥാനാർഥി. എൻ.ഡി.എ. സ്ഥാനാർഥി എൽ.പി. ജയചന്ദ്രനും. പാർലമെന്റ്‌ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പംനിന്ന ഈ മണ്ഡലം തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതിനോടാണ്‌ ആഭിമുഖ്യം കാട്ടിയത്. മാറിയ സാഹചര്യം അനുകൂലമാക്കാനുള്ള പോരാട്ടത്തിലാണ് മുന്നണി സ്ഥാനാർഥികൾ.

സിറ്റിങ്‌ എം.എൽ.എ. മത്സരിക്കാത്ത ജില്ലയിലെ ഏക മണ്ഡലമെന്നതാണ് കായംകുളത്തിന്റെ വിശേഷണം. മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് യു. പ്രതിഭാഹരിയാണ് എൽ.ഡി.എഫ്. സ്ഥാനാർഥി. യു.ഡി.എഫ്. സ്ഥാനാർഥി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എം. ലിജുവും. ബി.ഡി.ജെ.എസ്സിന്റെ ഷാജി പണിക്കരാണ് എൻ.ഡി.എ. സ്ഥാനാർഥി. ചേർത്തല മണ്ഡലത്തിൽ സി.പി.ഐ.യുടെ പി. തിലോത്തമനാണ് എൽ.ഡി.എഫിനുവേണ്ടി മത്സരിക്കുന്നത്. നിലവിലെ എം.എൽ.എ.യാണ് അദ്ദേഹം. യു.ഡി.എഫ്. സ്ഥാനാർഥി നവാഗതനായ എൻ.എസ്.യു. ദേശീയസെക്രട്ടറി എസ്. ശരത്. ബി.ഡി.ജെ.എസ്സിലെ പി. രാജീവാണ് എൻ.ഡി.എ. സ്ഥാനാർഥി. എല്ലായിടത്തും മത്സരത്തിന്‌ നല്ല വീറും വാശിയുമാണ്. 

2011 നിയമസഭ

എൽ.ഡി.എഫ്  - 7, യു.ഡി.എഫ് - 2

ജില്ലാപഞ്ചായത്ത്‌ കക്ഷിനില

എൽ.ഡി.എഫ്. - 16, യു.ഡി.എഫ് - 7

ഗ്രാമപ്പഞ്ചായത്ത്

എൽ.ഡി.എഫ്. - 47, യു.ഡി.എഫ് - 24, ബി.ജെ.പി - 1

നഗരസഭകൾ 

യു.ഡി.എഫ് - 4, എൽ.ഡി.എഫ് - 2

 

 

 

.