വേശപ്പോരാട്ടത്തില്‍ ആലപ്പുഴ ഇടതിനൊപ്പം തന്നെ. ജില്ലയിലെ ഒന്‍പതില്‍ എട്ടു മണ്ഡലങ്ങളിലും വിജയിച്ച എല്‍.ഡി.എഫ് ചെങ്ങന്നൂര്‍ മണ്ഡലം യു.ഡി.എഫില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് നിലനിര്‍ത്താന്‍ സാധിച്ചു എന്നതുമാത്രമാണ് യു.ഡി.എഫിന്റെ നേട്ടം. കുട്ടനാട്, ചേര്‍ത്തല, ചെങ്ങന്നൂര്‍ മണ്ഡലങ്ങളില്‍ കടുത്ത മത്സരത്തെ അതിജീവിച്ചായിരുന്നു എല്‍.ഡി.എഫിന്റെ വിജയം. ജില്ലയിലെ ഒന്‍പതില്‍ എട്ടുമണ്ഡലങ്ങളിലും സിറ്റിങ് എം.എല്‍.എമാര്‍ മത്സരരംഗത്തുണ്ടായിരുന്നു. ഇതില്‍ പി.സി വിഷ്ണുനാഥ് ഒഴികെയുള്ളവര്‍ക്ക് വിജയിക്കാന്‍ സാധിച്ചു. ബി.ജെ.പി.-ബി.ഡി.ജെ.എസ്. സഖ്യത്തിന്റെ സാന്നിധ്യം ജില്ലയില്‍ തിരഞ്ഞെടുപ്പു പ്രവചനം അസാധ്യമാക്കിയേക്കും എന്ന് കരുതിയിരുന്നുവെങ്കിലും വോട്ടുവിഹിതത്തില്‍ വര്‍ധനവ് വന്നു എന്നതിലപ്പുറം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.

അടിതെറ്റി വിഷ്ണുനാഥ്  
ശക്തമായ ത്രികോണ മത്സരം നടന്ന ചെങ്ങന്നൂരില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എം.എല്‍.എ പി.സി. വിഷ്ണുനാഥിന് അടിപതറി. മൂന്നാമൂഴത്തിനിറങ്ങിയ പി.സി. വിഷ്ണുനാഥിനെ എല്‍.ഡി.എഫിന്റെ അഡ്വ. കെ.കെ. രാമചന്ദ്രന്‍നായരാണ്‌ തോല്‍പ്പിച്ചത്. എന്‍.ഡി.എ 42862 വോട്ടുകള്‍ നേടി യു.ഡി.എഫിന് തൊട്ടുപിന്നില്‍  മൂന്നാമതെത്തി എന്നതാണ് ജില്ലയിലെ ശ്രദ്ധേയമായ കാര്യം. ജില്ലയിലെ തന്നെ എന്‍.ഡി.എയുടെ മികച്ച പ്രകടനമാണ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള നടത്തിയത്. ആറായിരം വോട്ടുകളായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞെടുപ്പില്‍ ബി.ജെ.പി നേടിയത്. എന്നാല്‍ വിമതയായി മത്സരരംഗതത്തുണ്ടായിരുന്ന മുന്‍ എം.എല്‍.എ. ശോഭനാജോര്‍ര്‍ജിന് കാര്യമായ വോട്ടുപിടിക്കാന്‍ സാധിച്ചില്ല. 

ചേര്‍ത്തല ചെറുപ്പമായില്ല
ചേര്‍ത്തലയില്‍ കോണ്‍ഗ്രസിന്റെ യുവ നേതാവ് എഡ്വ. എസ് ശരത്തില്‍ നിന്ന് കടുത്ത മത്സരമാണ് എല്‍.ഡി.എഫിന്റെ തിലോത്തമന് നേരിടേണ്ടി വന്നത്. ഒരു ഘട്ടത്തില്‍ എസ്. ശരത്ത് തിലോത്തമനെ മലര്‍ത്തിയടിക്കും എന്ന പ്രതീതിയുണ്ടാക്കിയെങ്കിലും അവസാന ലാപ്പില്‍ പിന്നോക്കം പോവുകയായിരുന്നു. 'ചേര്‍ത്തല ചെറുപ്പമാകട്ടെ' എന്ന മുദ്രാവാക്യം ഉയര്‍ത്തി മണ്ഡലം പിടിക്കാന്‍ ഇറങ്ങിയ ശരത്തിന് തിലോത്തമനെ മറികടക്കാന്‍ സാധിച്ചില്ല. സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം പോളിംഗ് നടന്ന ചേര്‍ത്തലയില്‍ 7196 വോട്ടിനാണ് തിലോത്തമന്‍ വിജയിച്ചത്. എന്‍.ഡി.എ സഖ്യം ഇരുപതിനായിരത്തിനടുത്ത് വോട്ടുകള്‍ നേടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 6000 വോട്ടുകള്‍ക്കടുത്താണ് ബി.ജെ.പി നേടിയത്.

കുട്ടനാട്ടില്‍ ശക്തന്‍ തോമസ് ചാണ്ടി 
ശക്തമായ മത്സരം നടന്ന മറ്റൊരു മണ്ഡലം കുട്ടനാടാണ്. സിറ്റിങ് എം.എല്‍.എ, എന്‍.സി.പി.യുടെ തോമസ് ചാണ്ടി ഹാട്രിക് വിജയം നേടിയെങ്കിലും ഭൂരിപക്ഷം കുറഞ്ഞു. എന്‍.ഡി.എ ഏറെ പ്രതീക്ഷവച്ചു പുലര്‍ത്തിയിരുന്ന മണ്ഡലത്തില്‍, യു.ഡി.എഫ്. സ്ഥാനാര്‍ഥി കേരളാകോണ്‍ഗ്രസ് എമ്മിലെ അഡ്വ. ജേക്കബ് എബ്രഹാമിന് പിന്നില്‍ മൂന്നാമതെത്താനെ ബി.ഡി.ജെ.എസ്. ദേശീയസെക്രട്ടറി സുഭാഷ് വാസുവിന് സാധിച്ചുള്ളൂ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി 4395 വോട്ടുപിടിച്ച സ്ഥാനത്ത് ബി.ഡി.ജെ.എസ്. ദേശീയസെക്രട്ടറി സുഭാഷ് വാസു 33,044 വോട്ടുകളാണ് നേടിയത്. ഒരു ഘട്ടത്തില്‍ ലീഡ് നിലയില്‍ മുന്നിലെത്താനും സുഭാഷ് വാസുവിന് സാധിച്ചു.  

അനായാസേന ആരിഫ്
അരൂരില്‍ അനായാസേനയായിരുന്നു എ.എം ആരിഫിന്റെ വിജയം. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് ഉയര്‍ത്തിക്കൊണ്ടിരുന്ന ആരിഫ് 38,519 എന്ന ഭൂരിപക്ഷത്തിനാണ് തുടര്‍ച്ചയായി മൂന്നാം വട്ടവും അരൂരില്‍ നിന്ന് വിജയം നേടുന്നത്. ജില്ലയിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷവും ആരിഫിനാണ്. യു.ഡി.എഫിന്റെ സി.ആര്‍ ജയപ്രകാശ് 46201 വോട്ടുകള്‍ നേടിയപ്പോള്‍ എന്‍.ഡി.എയ്ക്ക് വേണ്ടി മത്സരിച്ച ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥി ടി. അനിയപ്പന്‍ 27753 വോട്ടുകളാണ് നേടിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ചപ്പോള്‍ 7486 വോട്ടുകളാണ് ബി.ജെ.പി നേടിയത്. എന്നാല്‍ മൂന്നിരട്ടിയോളം വോട്ടു വര്‍ദ്ധനവാണ് ബിജെപി- ബി.ഡി.ജെ.എസ് സഖ്യത്തിന് നേടാന്‍ സാധച്ചത്. 

അമ്പലപ്പുഴയില്‍ സുധാകരന്‍ തന്നെ 
വാശിയേറിയ മത്സരം നടന്നുവെങ്കിലും അമ്പലപ്പുഴയില്‍ അന്തിമവിജയം മുന്‍മന്ത്രി ജി. സുധാകരനൊപ്പം തന്നെയായിരുന്നു. 22.621 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തുടര്‍ച്ചയായി മൂന്നാം വട്ടവും ജി. സുധാകരന്‍ തിരഞ്ഞെടുക്കപ്പെട്ടത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പംനിന്ന മണ്ഡലം തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇടതിനോടാണ് ആഭിമുഖ്യം കാട്ടിയത്‌.

ജനതാദള്‍ (യു) സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ക്ക് പി. ഹാരിസ് 40448 വോട്ടുകളില്‍ നേടി.  മണ്ഡലത്തില്‍ നിര്‍ണായക ശക്തിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും ഷെയ്ക്ക് പി. ഹാരിസിന് ജി. സുധാകരന് ഭീഷണി സൃഷ് ടിക്കാന്‍ സാധിച്ചില്ല. 22730 വോട്ടുകളാണ് മണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി എല്‍.പി. ജയചന്ദ്രന്‍ നേടിയത്. 2011ല്‍ ബി.ജെ.പിയുടെ നേട്ടം 2668 വോട്ടുകള്‍ മാത്രമായിരുന്നു. 

മാറ്റമില്ലാതെ മാവേലിക്കര
മാവേലിക്കരയില്‍ സി.പി.എമ്മിന്റെ സിറ്റിങ് എം.എല്‍.എ.ആര്‍. രാജേഷ് 31,542 വോട്ടുകളുടെ മികച്ച വിജയമാണ് നേടിയത്. തദ്ദേശതിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടായ മാവേലിക്കരയില്‍ തുടക്കത്തില്‍ നേടിയ ലീഡ് ഒഴിച്ചാല്‍ കാര്യമായ വെല്ലുവിളി എന്‍ഡി.എയുടെ ഭാഗത്തുനിന്നുണ്ടില്ല. എന്നാല്‍ 30,000ന് മുകളില്‍ വോട്ടുകള്‍ പിടിക്കാന്‍ ബി.ജെ.പി.യുടെ പി.എം. വേലായുധന് സാധിച്ചു.

ആലപ്പുഴ ഐസക്കിന്
മുന്‍ ധനകാര്യമന്ത്രിയും സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവുമായ ഡോ. തോമസ് ഐസക് കാര്യമായ മത്സരം നേരിടാതെയാണ് നിയമസഭയിലേയ്ക്ക് എത്തുന്നത്. 31,032 വോട്ടിന്റെ ഭൂരിപക്ഷം നേടിയ തോമസ് ഐസക്കിന് ഒരു ഘട്ടത്തിലും വെല്ലുവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസിലെ അഡ്വ. ലാലി വിന്‍സെന്റിന് സാധിച്ചില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനായിരുന്നു ഭൂരിപക്ഷമെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പമായിരുന്നു മണ്ഡലം. എന്‍.ഡി.എ. സ്ഥാനാര്‍ഥി അഡ്വ. രണ്‍ജിത് ശ്രീനിവാസിനും കാര്യമായ പോരാട്ടം പുറത്തെടുക്കാന്‍ സാധച്ചില്ല. എന്നാല്‍ വോട്ടു വിഹിതത്തില്‍ കാര്യമായ വര്‍ധനവുണ്ടായി. 18,000ല്‍ അധികം വോട്ടുകളാണ് എന്‍.ഡി.എ മണ്ഡലത്തില്‍ പിടിച്ചത്.

ആശ്വസിക്കാന്‍ ഹരിപ്പാട് മാത്രം 
രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാടാണ് ജില്ലയില്‍ യു.ഡി.എഫിന് പിടിക്കാനായ ഏക മണ്ഡലം. പൊതുവേ യു.ഡി.എഫിന് മുന്‍തൂക്കമുള്ള ഹരിപ്പാട് അനായാസേനയായിരുന്നു ചെന്നിത്തലയുടെ വിജയം. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും സി.പി.ഐ.യുടെ പി. പ്രസാദാസിന് ചെന്നിത്തലയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചില്ല. കഴിഞ്ഞതവണത്തെ 5520 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ 18621 ആക്കി വര്‍ധിപ്പിച്ചാണ് ചെന്നിത്തല വിജയിച്ചത്‌. എന്‍.ഡി.എ സ്ഥാനാര്‍ഥി ഡി. അശ്വിനിദേവിന് 13,000ന് താഴെ വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. ജില്ലയില്‍ ഏറ്റവും കുറച്ച് വോട്ടുകള്‍ നേടിയ എന്‍.ഡി.എ സ്ഥാനാര്‍യും അശ്വനിദേവാണ്.

കന്നിയങ്കത്തില്‍ പ്രതിഭ തെളിയിച്ച് പ്രതിഭാഹരി
ജില്ലയില്‍ സിറ്റിങ് എം.എല്‍.എ. മത്സരിക്കാത്ത ജില്ലയിലെ ഏക മണ്ഡലമായ കായംകുളത്ത് കന്നിക്കാരിയും മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് യു. പ്രതിഭാഹരിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എം. ലിജുവിന് സാധിച്ചില്ല. സിറ്റിങ് എം.എല്‍.എയും വി.എസ് പക്ഷക്കാരനുമായ സി.കെ. സദാശിവന് സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് അടിയൊഴുക്കുകള്‍ പ്രതീക്ഷിച്ച മണ്ഡലം എല്‍.ഡി.എഫിനെ കൈവിട്ടില്ല.