sudheeranമഹാത്മാഗാന്ധിയുടെ ജന്മംകൊണ്ടും കർമംകൊണ്ടും ധന്യമായ ഭാരതത്തെ വർഗീയ ഭ്രാന്താലയമാക്കാനാണ് ബി.ജെ.പി.ശ്രമം. നവോത്ഥാനനായകരുടെ സൽസന്ദേശം ഉൾക്കൊണ്ട് പ്രബുദ്ധമായ കേരളത്തെ ചോരക്കളമാക്കാൻ സി.പി.എമ്മും ശ്രമിക്കുന്നു. ഇതെല്ലാം പരാജയപ്പെടുത്തി വികസനത്തുടർച്ചയിലേക്ക്‌ കേരളത്തെ നയിക്കുകയാണ് യു.ഡി.എഫ്. ലക്ഷ്യം.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടുവർഷത്തെ ബി.ജെ.പി. ഭരണം ജനങ്ങളെ നിരാശപ്പെടുത്തി. ഒരു മേഖലയിലും നേട്ടമുണ്ടായില്ല. ജവാഹർലാൽ നെഹ്രു വിഭാവനംചെയ്ത ആസൂത്രണക്കമ്മിഷൻ പിരിച്ചുവിട്ട് അവർ നീതിആയോഗ് രൂപവത്‌കരിച്ചു. അതുവഴി കേന്ദ്ര, സംസ്ഥാന സാമ്പത്തികസംതുലിതാവസ്ഥ തകർത്തു.  

കേന്ദ്രാവിഷ്കൃതപദ്ധതികൾ വെട്ടിക്കുറച്ചു. എഴുപതോളം പദ്ധതികളുണ്ടായിരുന്നത് മുപ്പതെണ്ണമാക്കി. അങ്കണവാടികളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നരീതിയിൽ ഐ.സി.ഡി.എസ്സിനുള്ള തുക കുറച്ചു. മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിയും അട്ടിമറിക്കപ്പെടുന്ന അവസ്ഥയാണ്.

അതിരൂക്ഷമായ വിലക്കയറ്റമുണ്ട്. അതുതടയാൻ അവശ്യംവേണ്ടത് ഇന്ധനവില കുറയ്ക്കുകയെന്നതാണ്. രാജ്യാന്തരവിപണിയിൽ ഒരുബാരൽ ക്രൂഡ് ഓയിലിന്റെ വില 104 ഡോളർവരെയായതാണ്. ഇപ്പോൾ വില 46 ഡോളർ ആയി കുറഞ്ഞപ്പോഴും പെട്രോൾ, ഡീസൽവില ആനുപാതികമായി താഴ്ത്താൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.

എക്സൈസ്ഡ്യൂട്ടി പലതവണ കൂട്ടി. ഇതിലൂടെ ജനങ്ങളിൽനിന്ന് ഏതാണ്ട് ഒരുലക്ഷംകോടിരൂപയോളം പിഴിഞ്ഞെടുത്തു. മോദിഭരണത്തിൽ രാജ്യസുരക്ഷപോലും അപകടത്തിലാണെന്ന് പത്താൻകോട്ട്‌ സൈനികകേന്ദ്രത്തിൽ ഭീകരർ കയറിയ സംഭവം തെളിയിച്ചു.

കാർഷികമേഖലയും തളർന്നു. കർഷകപക്ഷത്തുനിന്ന്, യു.പി.എ. സർക്കാർ കൊണ്ടുവന്ന ഭൂമിയേറ്റെടുക്കൽ നിയമം കോർപ്പറേറ്റുകൾക്ക് അനുകൂലമായി കേന്ദ്രസർക്കാർ ഭേദഗതി ചെയ്തു.  കേരളത്തിൽവന്ന് കർഷകരെ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ, അവർക്കായി ഒന്നും ചെയ്തിട്ടില്ല.

റബ്ബർകർഷകരെ കബളിപ്പിച്ചു. അനിയന്ത്രിതമായ ഇറക്കുമതി തടയാനാകില്ലെന്ന നിലപാടാണ് കേന്ദ്രത്തിനുള്ളത്. അവരുടെ പക്കലുള്ള വിലസ്ഥിരതാഫണ്ടിൽ 1000 കോടിരൂപയുണ്ട്. ഒരുരൂപപോലും കർഷകർക്ക് കൊടുത്തില്ല. കർഷകരോട് ഇത്രയും ക്രൂരതകാട്ടിയ കാലമില്ല. പാമോയിലിന്റെ അനിയന്ത്രിതമായ ഇറക്കുമതിമൂലം നാളികേരകർഷകർ ദുരിതത്തിലാണ്.

ഏലം, കാപ്പി, തേയില, കുരുമുളക് കർഷകരെയും തിരിഞ്ഞുനോക്കിയില്ല. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ജവാഹർലാൽ നെഹ്രുവിന്റെ കാലം മുതൽക്കുള്ള നിയമങ്ങൾ പൊളിച്ചെഴുതാനാണ് നീക്കം. ഇതിനെതിരെ തൊഴിലാളിസമൂഹം സമരരംഗത്താണ്.

തീരദേശമേഖലയെ തകർക്കാൻ കടലിനെയും കടലോരങ്ങളെയും കോർപ്പറേറ്റുകൾക്ക് പണയപ്പെടുത്തുന്നു. പ്രതിഷേധത്തെത്തുടർന്ന്, മീനാകുമാരി റിപ്പോർട്ട് മരവിപ്പിച്ചു. എന്നാൽ, വീണ്ടും ഡോ. അയ്യപ്പൻ കമ്മിറ്റി രൂപവത്‌കരിച്ചിരിക്കുകയാണ്. തീരദേശങ്ങളുള്ള സംസ്ഥാനങ്ങളുടെയോ, മത്സ്യത്തൊഴിലാളികളുടെയോ പ്രതിനിധികൾ കമ്മിറ്റിയിലില്ല.  

വിദേശസഞ്ചാരക്കമ്പംമൂത്ത് ഒന്നിനുപിറകെയൊന്നായി രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഗ്രാമവാസികളെ മറന്നു. പ്രവാസികളോടും അവഗണനയാണ്. അവർക്കുവേണ്ടിയുണ്ടായിരുന്ന വകുപ്പ് വേണ്ടെന്നുവെച്ചു.
 തിരഞ്ഞെടുപ്പുകാലത്തുപറഞ്ഞ ഒരുകാര്യവും നടപ്പാക്കാനായില്ല.

രാജ്യത്തെ കടുത്ത വർഗീയഭ്രാന്തിലേക്ക്‌ നയിക്കാനാണ് മോദിഭരണത്തിൽ ഫാസിസ്റ്റ് ശ്രമം. കഴിക്കുന്നതും ധരിക്കുന്നതും എഴുതുന്നതും സംസാരിക്കുന്നതും എന്തായിരിക്കണമെന്ന് വർഗീയഫാസിസ്റ്റുകൾ കല്പിക്കുന്നു. അതനുസരിച്ചില്ലെങ്കിൽ ജീവിക്കാനുള്ള അവകാശംപോലും നിഷേധിച്ച സംഭവങ്ങളുമുണ്ടായി.  

ചാതുർവർണ്യത്തിന്റെ ഇരുണ്ടകാലത്തേക്ക്‌ രാജ്യത്തെ കൊണ്ടുപോകാൻ ശ്രമിക്കുന്നു. മോദി അധികാരത്തിൽവന്നുകഴിഞ്ഞ് 650 സാമൂഹ്യസംഘർഷങ്ങളുണ്ടായി. ഭിന്നിപ്പിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാനുള്ള ദുഷ്ടലാക്കാണ് മോദിക്കും കൂട്ടർക്കും. ഏകാധിപത്യശൈലിയാണ് പിന്തുടരുന്നത്. ആ രീതിയാണ് അരുണാചൽപ്രദേശിലും ഉത്തരാഖണ്ഡിലും കണ്ടത്.

വിശ്വാസപ്രമേയത്തിന് തീയതി നിശ്ചയിച്ച നിയമസഭ പിരിച്ചുവിട്ടു. രാഷ്ട്രപതിഭരണം ഏർപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾ സുപ്രീംകോടതി തടഞ്ഞത് അവർക്ക് കനത്ത തിരിച്ചടിയായി. ഇവരുടെ തെറ്റായ നീക്കങ്ങൾക്കെതിരെ കോ‍ൺഗ്രസ് നേതൃത്വത്തിൽ ഉണ്ടായ ജനാധിപത്യമുന്നേറ്റത്തിന്റെ ആദ്യഫലം കണ്ടത് ബിഹാറിലാണ്.

അവിടെ നീതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മതേതരമഹാസഖ്യം ബി.ജെ.പി.യെ നിലംപരിശാക്കി. കോൺഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ്. മധ്യപ്രദേശിലെ സത്‌ലം പാർലമെന്റ് മണ്ഡലത്തിൽ ഈയിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി 83,000 വോട്ടുകൾക്ക് ജയിച്ചു.

കഴിഞ്ഞതവണ ഒരുലക്ഷം വോട്ടിന് പരാജയപ്പെട്ടിടത്താണിത്. ഗുജറാത്തിലും മഹാരാഷ്ട്രയിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും ബി.ജെ.പി.ക്ക് തിരിച്ചടിനേരിട്ടു. കോൺഗ്രസ് മുന്നിൽവന്നു.
 ബി.ജെ.പി. മുക്തഭാരതം യാഥാർഥ്യമാക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനേ കഴിയൂ.

സി.പി.എമ്മിനും അവർ നയിക്കുന്ന ഇടതുപക്ഷത്തിനും ഫലപ്രദമായി ഒന്നും ചെയ്യാനില്ല. സി.പി.എമ്മും ബി.ജെ.പി.യും തമ്മിൽ ചില ധാരണകൾ ഇപ്പോഴുമുണ്ട്. ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ട കേസിലെ സി.പി.എം. ഉന്നതരുടെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന ബി.ജെ.പി. ഇന്ന് മിണ്ടുന്നില്ല.

കെ.ടി. ജയകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിലെ വിശാലഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. നിരന്തരം സമരം നടത്തിയതാണ്. ഈ ആവശ്യവും ഇപ്പോൾ വിഴുങ്ങി. സി.പി.എമ്മിന്റെ ഉന്നതരിലേക്ക്‌ അന്വേഷണമെത്തുമെന്ന് ഭയന്നാണ് ബി.ജെ.പി. മൗനത്തിലായത്.

എന്തിനേറെ, പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടയിൽ വടകരയിൽ കെ.കെ. രമയ്ക്കുനേരേ കൈയേറ്റം നടന്നു. അക്രമരാഷ്ട്രീയത്തിന്റെ കാര്യത്തിൽ സി.പി.എമ്മിനും ബി.ജെ.പി.ക്കും സമാനതകളുണ്ട്. ബി.ജെ.പി. വർഗീയമായി വകവരുത്തുന്നു. സി.പി.എം. രാഷ്ട്രീയമായി അത് ചെയ്യുന്നു.

കേരളത്തിൽ അഞ്ചുവർഷം വികസനത്തിന്റെയും കരുതലിന്റെയും ഭരണമായിരുന്നു. കാരുണ്യസ്പർശമുള്ള നടപടികൾ സാർവത്രികമായി പ്രശംസനേടി. മുഖ്യമന്ത്രിയുടെ ജനസമ്പർക്കപരിപാടിയിലൂടെ എട്ടുലക്ഷം പരാതികളിൽ തീർപ്പുണ്ടാക്കി. മികച്ച പ്രശ്നപരിഹാരപരിപാടിയെന്ന് യു.എൻ. പോലും പ്രകീർത്തിച്ചു.  

34 ലക്ഷംപേർക്കുകൂടി ക്ഷേമപെൻഷൻ കിട്ടി. എൽ.ഡി.എഫ്. ഭരണത്തിൽ ലോട്ടറിരാജാക്കന്മാർ അഴിഞ്ഞാടി. എന്നാൽ, കാരുണ്യലോട്ടറി നടത്തി ഈ സർക്കാർ പതിനായിരങ്ങളെ ചികിത്സിച്ചു. ഒരുരൂപയുടെ അരി സൗജന്യമാക്കി. സമൂഹനന്മ ലക്ഷ്യമിട്ട് മദ്യനയം കൊണ്ടുവന്നു. എല്ലാവിഭാഗം ജനങ്ങളും ഇതിനെ പ്രശംസിച്ചു.

 വൻകിടപദ്ധതികൾ ഒരുഭാഗത്ത്. സാധാരണക്കാർക്കുള്ള ക്ഷേമപദ്ധതികൾ മറുഭാഗത്ത്. എല്ലാവർക്കും നീതി നൽകാൻ യു.ഡി.എഫ്. ശ്രമിച്ചു. ഇവയെല്ലാം തുടരാൻ ഈ ഭരണം വീണ്ടുംവരണം.