electionകണ്ണൂർ: തിരഞ്ഞെടുപ്പിന്റെ പൊതുപ്രചാരണം അവസാനിക്കാൻ ഒരുദിവസംമാത്രം ബാക്കിയിരിക്കെ മൂന്നുമുന്നണികളും കൈകാര്യംചെയ്ത വിഷയത്തിൽ പ്രധാനം അക്രമരാഷ്ട്രീയവും അഴിമതിയും. സംസ്ഥാനത്ത് അഞ്ചുവർഷം നടന്നത് അഴിമതിയുടെ അന്തംവിട്ട കളികളാണെന്നായിരുന്നു എൽ.ഡി.എഫിന്റെ പ്രചാരണമർമം. ബാർകോഴ മുതൽ ഭൂമിതട്ടിപ്പ് ആരോപണംവരെ അഴിമതിയുടെ കണക്കുകൾ അവർ അക്കമിട്ട് നിരത്തി.

ബി.ജെ.പി.യുടെ ദേശീയനേതാക്കൾ യു.പി.എ. ഭരണകാലത്തെ ഹെലികോപ്റ്റർ, ടു ജി സ്പെക്ട്രം അഴിമതികൾ പ്രചാരണവിഷയമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിണറായി വിജയനെതിരെ ഉയർന്ന ലാവലിൻ കേസ് ഈ തിരഞ്ഞെടുപ്പിൽ പ്രചാരണവിഷയമേ ആയില്ല. സോളാർ സംഭവത്തിന്റെ പേരിൽ വൻ അഴിമതി നടന്നുവെന്ന് പറയുമ്പോഴും സരിതാവിഷയം എൽ.ഡി.എഫോ ബി.ജെ.പി.യോ വലിയതോതിൽ രംഗത്തിറക്കിയില്ല.         

കണ്ണൂരിൽ എന്നും തിരഞ്ഞെടുപ്പുകാലത്ത് വികസനത്തേക്കാൾ ക്രമസമാധാനത്തെക്കുറിച്ചുതന്നെയാണ് പ്രചരണമുണ്ടാവാറ്‌്‌. അക്രമരാഷ്ട്രീയം എൽ.ഡി.എഫിനെതിരെയുള്ള ആയുധമാക്കി എന്നും യു.ഡിഎഫ്. കൊണ്ടുവരാറുണ്ട്. രണ്ടുമൂന്ന് കൊലക്കേസുകൾ ഉൾപ്പെടെ പൊള്ളുന്ന വിഷയങ്ങൾ യു.ഡി.എഫിന്റെ കൈയിലുണ്ടുതാനും.

ഏറ്റവും ഒടുവിൽ തിരഞ്ഞെടുപ്പുദിനം യു.ഡി.എഫ്. തന്നെ തങ്ങളുടെ ബൂത്ത് ഏജന്റുമാരെ സ്വയരക്ഷയ്ക്കായി ഇൻഷുർ ചെയ്തിരിക്കയാണ്. സംസ്ഥാനത്തുതന്നെ ആദ്യമായിരിക്കും ഒരു പാർട്ടി തങ്ങളുടെ ഇത്രയധികം ബൂത്ത് ഏജന്റുമാരെ ഇൻഷുർചെയ്യുന്നത്. ജില്ലയിലെ 570 ബൂത്ത് ഏജന്റുമാരെ ഒരു ലക്ഷംരൂപ പ്രീമിയത്തിൽ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയാണ് ഇൻഷുർചെയ്തിരിക്കുന്നത്.

ബൂത്ത് ഏജന്റുമാരെ തലേദിവസം ഭീഷണിപ്പെടുത്തുകയും അഥവാ ബൂത്തിലെത്തിയാൽ അടിച്ചോടിക്കുകയുംചെയ്ത സംഭവം നിരവധിയുണ്ടെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ബി.ജെ.പി. ദേശീയ നേതാക്കൾ സി.പി.എമ്മിനെയും കോൺഗ്രസ്സിനെയും ഒരേപോലെ ആക്രമിച്ചു. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തെത്തന്നെയാണ് അവരും ഉന്നംവെച്ചത്. കൊലക്കേസിൽ ആരോപിതനായ ആളെയാണ് സി.പി.എം. മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയതെന്നുവരെ പ്രധാനമന്ത്രി നരേന്ദ്രമോദി കാസർകോട്ട്‌ പ്രസംഗിച്ചു.

യു.ഡി.എഫും എൽ.ഡി.എഫും ബി.ജെ.പി.യെ അടിമുടി ആക്രമിച്ചപ്പോൾ ബി.ജെ.പി. തിരിച്ചടിച്ചത് ബംഗാളിലെ സി.പി.എം.-കോൺഗ്രസ് ബാന്ധവമായിരുന്നു. അക്രമരാഷ്ട്രീയത്തിന്റെ പേരിൽ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കാൻ യു.ഡി.എഫിന് ഇക്കുറി കാരണങ്ങൾ ഏറെയുണ്ടായി. മനോജ്, ഷുക്കൂർ, ചന്ദ്രശേഖരൻ വധത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നവർ ഏറെയും കണ്ണൂർ ജില്ലയിലായത് ഒരു കാരണമായി.

മനോജ് വധക്കേസിൽ പ്രതിയായതിന്റെ പേരിൽ കണ്ണൂരിൽ പ്രവേശിക്കാൻ കഴിയാത്ത പി. ജയരാജൻ, ഫസൽവധക്കേസിൽ പ്രതിയായതിനാൽ ജില്ലയിൽ വരാൻകഴിയാത്ത കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവർ സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിന്റെ തെളിവുകളായി യു.ഡി.എഫ് പറയുന്നു.

കേസിൽ പ്രതിയായയാളെ മത്സരിപ്പിച്ച് ജയിപ്പിച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റും തലശ്ശേരി നഗരസഭാ ചെയർമാനുമാക്കിയതും പിന്നീട് അവരെ രാജിവെപ്പിച്ചതും സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തോടുള്ള മനോഭാവം വെളിപ്പെടുത്തുന്നതാണെന്ന് യു.ഡി.എഫ്. നേതാക്കാൾ എല്ലായിടത്തും പ്രസംഗിച്ചു. 

ധർമടത്ത് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന മമ്പറം ദിവാകരൻ, സി.പി.എം. പ്രവർത്തകനെ ബോംബെറിഞ്ഞ്‌ കൊലപ്പെടുത്തിയ കേസിൽ പ്രതിയായി ജയിൽശിക്ഷ അനുഭവിച്ച വ്യക്തിയാണെന്ന് സി.പി.എം. ആരോപിക്കുന്നു. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തെ പിണറായിക്കെതിരെ തിരിക്കാനുള്ള പ്രചാരണമാക്കാൻ കോൺഗ്രസ്സിന് കഴിയാത്തത് കോൺഗ്രസ് സ്ഥാനാർഥിയുടെ പഴയ ജയിൽശിക്ഷയാണ്.

അതേസമയം, സി.പി.എം. അക്രമത്തിൽ രണ്ടുകാലും നഷ്ടപ്പെട്ട സദാനന്ദൻമാസ്റ്ററെ സ്ഥാനാർഥിയാക്കിക്കൊണ്ടാണ് ബി.ജെ.പി. അക്രമത്തിനെതിരെ പ്രചാരണവുമായി നീങ്ങുന്നത്.തിരഞ്ഞെടുപ്പുകാലം കണ്ണൂരിൽ പലപ്പോഴും അക്രമം പൊട്ടിപ്പുറപ്പെടാറുണ്ട്. ഇക്കുറി പൊതുവേ പ്രചാരണം സമാധാനപരമാണ് ഇതുവരെ. ധർമടത്ത് പിണറായി വിജയന്റെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചത് സംഘർഷത്തിനിടയാക്കുമെന്ന് ഭയന്നെങ്കിലും ഒന്നും ഉണ്ടായില്ല. 

തലശ്ശേരിയിൽ പ്രചാരണത്തിനിടെ യു.ഡി.എഫ്. സ്ഥാനാർഥി എ.പി. അബ്ദുള്ളക്കുട്ടിയുടെ ഷർട്ടിൽ ചിലർ തുപ്പിയതും വാർത്തയായി. ഇതുമായി ബന്ധപ്പെട്ട് രണ്ട് സി.പി.എം. പ്രവർത്തകർ പിടിയിലായിട്ടുണ്ട്. തലശ്ശേരി വയലളത്ത് പാട്യം ഗോപാലൻസ്മാരക വായനശാലയിൽ ബോംബ് പൊട്ടിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഒരു ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായി.

കണ്ണൂരിൽ പ്രശ്നബാധിത ബൂത്തുകളുടെയും അതീവ പ്രശ്നബാധിത ബൂത്തുകളുടെയും എണ്ണം കൂടിയിട്ടുണ്ട്. ഇക്കുറി 20 കമ്പനി  കേന്ദ്രസേന ഇറങ്ങുന്നുണ്ട്. തിരഞ്ഞെടുപ്പ് സമാധാനപരമാക്കാനുള്ള എല്ലാ ശ്രമങ്ങളും ജില്ലാ ഭരണകൂടം നടപ്പാക്കുന്നുണ്ട്. കള്ളവോട്ട് സംഘർഷങ്ങൾക്ക്  വഴിതെളിക്കുമെന്നതിനാൽ അത്തരം പ്രവണതകൾ തടയാനുള്ള ഒരുക്കങ്ങൾ നടക്കുന്നു. ഓപ്പൺ വോട്ടിന്റെ പേരിലുള്ള തർക്കങ്ങളും ക്രമക്കേടും തടയാനും  നടപടികളുണ്ടാവും.