kummanam rajasekharanകേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തിരശ്ശീല വീണു കഴിഞ്ഞു. പൊതുവേ സമാധാനപരമായിരുന്നു പ്രചാരണ കാലഘട്ടം എന്നത് സ്മരിക്കാതെ വയ്യ. ഈ തിരഞ്ഞെടുപ്പ് എന്തുകൊണ്ടും വളരെയേറെ നിർണായകമാണ്.

അടുത്ത അഞ്ചുവർഷം കേരളത്തിന്റെഭരണം ആരു നിർവഹിക്കണം എന്നതുമാത്രമല്ല കേരളജനതയ്ക്ക് തീരുമാനിക്കാനുള്ളത്; കേരളം മുന്നോട്ടാണോ പിന്നാക്കമാണോ ചലിക്കേണ്ടത് എന്നതും വിലയിരുത്തപ്പെടുന്ന മുഹൂർത്തമാണിത്. ഇവിടെ ഒരു പാളിച്ച സംഭവിച്ചാൽ ദുഃഖിക്കേണ്ടിവരും എന്നതും പ്രബുദ്ധരായ മലയാളികൾക്ക് നന്നായറിയാം.

കഴിഞ്ഞ അറുപതു വർഷക്കാലം കേരളത്തെ മാറിമാറി ഭരിച്ച ഇടതു, വലതു മുന്നണികൾ ചെയ്തുവെച്ച പാതകങ്ങൾക്ക് പരിഹാരം കാണാനുള്ള സന്ദർഭമായി, അസുലഭ അവസരമായി, കേരളീയർ ഈ ജനവിധിയെ കാണുന്നു എന്നതാണ് ആശ്വാസം. 

ജനജീവിതം അസാധ്യമാക്കുന്ന നിലയിലാണ് കേരളത്തിൽ കാര്യങ്ങൾ നീങ്ങുന്നത്. സ്ത്രീകൾക്ക് പട്ടാപ്പകൽ സ്വന്തം കുടുംബത്തിൽപോലും കഴിയാൻ പറ്റാത്ത അവസ്ഥയുണ്ടായിരിക്കുന്നുവെന്നതിന് ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം.

അതിന്റെ അന്വേഷണത്തിൽ സംഭവിച്ച പാളിച്ചകൾ കേരളം എത്രയോതവണ ചർച്ചചെയ്തുകഴിഞ്ഞു. പട്ടികജാതി-വർഗക്കാരുടെ അവസ്ഥ ഭയാനകമാണെന്നതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. ജിഷയുടെ കൊലപാതകം ഒരു ഉദാഹരണം മാത്രം. ചലച്ചിത്രതാരം കലാഭവൻമണി മരണമടഞ്ഞിട്ടുമാസങ്ങളായി.

ആ മരണത്തിന്റെ ദുരൂഹതമാറ്റാൻ ഇതുവരെ ഭരണകൂടത്തിനായിട്ടില്ല. അദ്ദേഹവും പിന്നാക്ക സമൂഹത്തിന്റെ പ്രതിനിധിയാണെന്നത് മറന്നുകൂടാ. ആദിവാസികളുടെ കാര്യം പറയാതിരിക്കുകയാണ് നല്ലത്. ആദിവാസികൾ കൂടുതലുള്ള വയനാട്ടിലും അട്ടപ്പാടിയിലും ഇടുക്കിയിലും ഭക്ഷണത്തിനുപോലും വിഷമിക്കുന്ന കുടുംബങ്ങൾ ഇന്നുമുണ്ട്.

വേണ്ടത്ര ആഹാരം ലഭിക്കാത്തതിനാൽ മറ്റുള്ളവരുടെ ഉച്ഛിഷ്ടത്തിൽ തിരയുന്ന ആദിവാസിക്കുട്ടികളുടെ ചിത്രം നമ്മുടെയൊക്കെ മുന്നിൽ ഇന്നുമുണ്ട്. ആഹാരംലഭിക്കാത്തതിനാൽ അടുത്തിടെ ഒരു ആദിവാസിക്കുട്ടി ആത്മഹത്യയിൽ അഭയംതേടിയതും കേരളത്തിലാണ്. പോഷകാഹാരക്കുറവാണ് ആദിവാസി മേഖല നേരിടുന്ന മറ്റൊരുപ്രശ്നം.

അതൊക്കെ ഈ തിരഞ്ഞെടുപ്പുവേളയിൽ സജീവമായി ചർച്ചചെയ്യപ്പെട്ടു. കേരളത്തിലെ പട്ടികവർഗമേഖലയിലെ ശിശുക്കളുടെ മരണനിരക്ക് സൊമാലിയയിലേതിനേക്കാൾ മോശമാണ് എന്നുപറയാൻ പ്രധാനമന്ത്രിയെ നിർബന്ധിതനാക്കിയതും ഈ അവസ്ഥയാണ്. 

ഇന്നത്തെ അവസ്ഥയിൽ നിന്ന് കേരളത്തിനൊരു മോചനം വേണ്ടേ എന്നതാണ് പ്രധാനപ്രശ്നം. അവിടെയാണ് എന്താണ് മറ്റൊരു പോംവഴി എന്ന ചിന്ത ഉടലെടുക്കുന്നത്‌. ഇന്ന് കേന്ദ്രത്തിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഒരു സുസ്ഥിരസർക്കാറുണ്ട്. 

കേന്ദ്രത്തിന്റെ മനസ്സറിഞ്ഞു പ്രവർത്തിക്കുന്ന ഒരു ഭരണകൂടം കേരളത്തിലുംവേണം. അവിടെയാണ് ബി.ജെ.പി. നേതൃത്വം നല്കുന്ന എൻ.ഡി.എ.യുടെ പ്രസക്തിയും പ്രാധാന്യവും. സാധാരണ രണ്ടു മുന്നണികൾ തമ്മിലുള്ള പോരാട്ടമായാണ് കേരളത്തിലെ തിരഞ്ഞെടുപ്പുകൾ അവസാനിക്കാറുള്ളത്.

ശരിയാണ്, 1982 മുതൽ മൂന്നാംശക്തി എന്ന നിലയ്ക്ക് ബി.ജെ.പി. ഇവിടെ മത്സര രംഗത്തുണ്ടായിരുന്നു. എന്നാൽ, അന്നെല്ലാം അനവധി കക്ഷികൾ ഉൾപ്പെടുന്ന രണ്ടു മുന്നണികൾക്കെതിരെ ബി.ജെ.പി. തനിച്ചാണ് പോരാടിയത്. 
എന്നാലിന്ന് സ്ഥിതിവ്യത്യസ്തമാണ്. ബി.ജെ.പി. തനിച്ചല്ല ഇവിടെ മത്സരിക്കുന്നത്.

ദേശീയ ജനാധിപത്യ സഖ്യം എന്ന നിലയ്ക്കാണ് ഞങ്ങളിന്ന് ജനസമക്ഷം നിൽക്കുന്നത്. ജനപിന്തുണയുള്ള അനവധി രാഷ്ട്രീയ കക്ഷികൾ ഇന്നിപ്പോൾ ബി.ജെ.പി.ക്കൊപ്പമുണ്ട്. ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിനു മുൻപേ ശക്തി കാണിച്ച ബി.ഡി.ജെ.എസ്. ഇന്നിപ്പോൾ എൻ.ഡി.എ.യിലെ പ്രധാനഘടകമാണ്.

കെ.പി.എം.എസ്. പോലുള്ള പ്രസ്ഥാനങ്ങളുടെ നേതാക്കൾ ബി.ഡി.ജെ.എസ്സിന്റെ ഭാഗമാണ്. നായാടി മുതൽ നമ്പൂതിരി വരെയുള്ളവരെ ഒരു ചരടിൽ കോർത്തുകൊണ്ട് കേരള സമൂഹത്തിൽ ആഴ്ന്നിറങ്ങാൻ ആ കക്ഷിക്കായി എന്നത് പ്രതിയോഗികൾ പോലുമിന്ന് സമ്മതിക്കുന്നു.

മറ്റൊന്ന് മുൻ കേന്ദ്രമന്ത്രി പി.സി. തോമസ് നയിക്കുന്ന കേരള കോൺഗ്രസ്സാണ്. ആദിവാസി മേഖലയിലെ നിറസാന്നിധ്യമായ സി.കെ. ജാനുവാണ് മറ്റൊരാൾ. ജാനുവിന്റെ പാർട്ടിയും എൻ.ഡി.എ.യിലുണ്ട്. പറഞ്ഞുവന്നത് സമൂഹത്തിന്റെ എല്ലാ മേഖലകളെയും വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന ബഹുജന സഖ്യമായി എൻ.ഡി.എ. മാറിയെന്നതാണ്. 

കേരളത്തിൽ എവിടെയെങ്കിലും ഏതാനും സീറ്റുകൾ നേടലല്ല, മറിച്ച് സംസ്ഥാനഭരണം െെകയാളുന്ന നിലയിലേക്ക് വളരലാണ് ഈ സഖ്യം ലക്ഷ്യമിട്ടത്. അതിനു കേരളത്തിലുടനീളം ലഭിച്ച പിന്തുണയും സഹകരണവും ജനമനസ്സ് എങ്ങനെയാണെന്നത് കാണിച്ചുതരുന്നുണ്ട്.

ഇത്തവണ ഇവിടെ ഒരു ഭരണമാറ്റമല്ല, രാഷ്ട്രീയമാറ്റം തന്നെ ഉണ്ടാക്കാൻ കഴിയുമെന്നു വിശ്വസിക്കുന്നത് അതുകൊണ്ടാണ്. ആ വലിയ രാഷ്ട്രീയമാറ്റത്തിന് കേരളമിന്ന് സജ്ജമായിരിക്കുന്നു. കേരളീയർക്കു മുന്നിൽ ബദൽ ശക്തിയായി ദേശീയ ജനാധിപത്യസഖ്യമുണ്ട്.

കേരളം ആര് ഭരിക്കണം എങ്ങനെ ഭരിക്കണമെന്ന് ഇത്തവണ തീരുമാനിക്കുന്നത് ബി.ജെ.പി. നേതൃത്വം നൽകുന്ന, നരേന്ദ്രമോദിയുടെ ആശീർവാദമുള്ള എൻ.ഡി.എ. ആയിരിക്കുമെന്ന് ആത്മവിശ്വാസത്തോടെ പറയാൻ കഴിയുന്നതും ആതുകൊണ്ടുതന്നെ.