സി.പി.എം. സംസ്ഥാന നേതൃത്വത്തോട് കേരളം കടപ്പെട്ടിരിക്കുന്നു. മഹാനായ ചെറിയാന്‍ ഫിലിപ്പിനെ ചാവേറാക്കി അദ്ദേഹത്തിന്റെ ആരാധകരെ വിഷമിപ്പിച്ചില്ലല്ലോ. പാര്‍ട്ടിക്കുവേണ്ടി തിരഞ്ഞെടുപ്പില്‍ ചാവേറാകാന്‍ ഇനി തന്നെ കിട്ടില്ല എന്ന അന്ത്യശാസനം ഫലം കണ്ടിരിക്കുന്നു. എക്കാലത്തും ചാവേറാകാനാണ് തന്റെ വിധിയെന്ന് തോന്നിപ്പോയ നിമിഷത്തിലായിരിക്കണം ചെറിയാന്‍ ഫിലിപ്പ് അങ്ങനെ പ്രതികരിച്ചുപോയിട്ടുണ്ടാവുക. കാല്‍ നൂറ്റാണ്ട്, സ്വാതന്ത്ര്യത്തിനു ശേഷം തുടങ്ങിയ മഹത്തായ ചരിത്രകൃതികള്‍ രചിച്ച ചെറിയാന് ചരിത്രബോധം കൂടുമല്ലോ. ചരിത്രം പിന്നാലെയെത്തി ഓരോന്നോര്‍മിപ്പിച്ച് ചൊറിച്ചിലുണ്ടാക്കുന്ന സാധനമാണ്. 

ഇന്നും ഇന്നലെയുമല്ല ചെറിയാന്‍ ചാവേറാകുന്നത്. കൃത്യം കാല്‍ നൂറ്റാണ്ട് മുമ്പ് കെ. കരുണാകരനും എ.കെ. ആന്റണിയുമെല്ലാം ചേര്‍ന്നാണ് ആദ്യം ചാവേറാക്കിയത്- കോട്ടയത്ത് ടി.കെ. രാമകൃഷ്ണനെതിരെ. യു.ഡി.എഫിന് ഭരണം കിട്ടിയിട്ടും ചെറിയാന് ഒന്നുമില്ല. എം.എല്‍.എ. ഹോസ്റ്റലില്‍ പാര്‍ട്ടി അംഗത്തിന്റെ  മുറിയില്‍ ഇരിപ്പും കിടപ്പും സൗജന്യം എന്നതില്‍ ഒതുങ്ങിയ നിയമസഭാ ബന്ധം.

എം.എല്‍.എ. ഹോസ്റ്റലില്‍ താമസിക്കാനും അവിടെയിരുന്ന പ്രതികരിക്കാനുമല്ലാതെ അവിടെ ആധികാരികമായി ഒരു മുറിക്ക് അവകാശിയാവാന്‍ ഉമ്മന്‍ചാണ്ടി സമ്മിതിക്കില്ലെന്ന് മനസ്സിലാക്കാന്‍ പിന്നെയും വര്‍ഷം കുറെയെടുത്തു. മനസ്സിലായ ഉടന്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പുതുപ്പള്ളിയില്‍ എല്‍.ഡി.എഫിന്റെ സ്വതന്ത്ര ചാവേര്‍. അടുത്ത തവണ ഒറ്റ ആവശ്യമേയുണ്ടായിരുന്നുള്ളു. ഇനി പുതുപ്പള്ളിയില്‍ ചാവേറാക്കരുത്. പിണറായി കരുണ കാണിച്ചു. അങ്ങനെ കല്ലൂപ്പാറിയില്‍ ജോസഫ് എം. പുതുശ്ശേരിക്കെതിരെയായി അടുത്ത ചാവേര്‍.

ഇനി ചാവേറാക്കുന്നെങ്കില്‍ തലസ്ഥാനത്തായിക്കോട്ടെ എന്ന് ചെറിയാന്‍ പ്രതികരിച്ചപ്പോള്‍ പാര്‍ട്ടി പ്രതികരിച്ചത് എങ്കില്‍ വട്ടിയൂര്‍ക്കാവില്‍ മുരളീധരനെതിരെയായിക്കോട്ടെ എന്നാണ്. നല്ല മത്സരം. തിരഞ്ഞെടുപ്പ് ചാവേറാകുന്നതിനു മുമ്പ്  ് കോണ്‍ഗ്രസ്സിലെ പല നേതാക്കള്‍ക്കും വേണ്ടി രഹസ്യ ചാവേറായി പ്രവര്‍ത്തിച്ചതാണ്. അതില്‍ പ്രധാനം ഐ.എസ്.ആര്‍.ഒ. ചാരക്കേസിന്റ വ്യാഖ്യാനങ്ങളും അത് ലീഡര്‍ക്കെതിരെ തിരിച്ചുവിടലുമൊക്കെയായിരുന്നു. ഗൂഢപ്രവര്‍ത്തനത്തിലൂടെ ലീഡറുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചതിനെപ്പറ്റി പശ്ചാത്തപിച്ചതാണ്. എന്നിട്ടും ലീഡറുടെ പുത്രനെതിരെ ഇടതുപക്ഷം ചാവേറാക്കി. തലോടുകയും ചൊറിയുകയും ചെയ്യുന്ന ഒരു ആപേക്ഷിക സാധനമാകുന്നു ചരിത്രം.

നാല് തവണ ചാവേറായിട്ടും രാഷ്ട്രീയത്തില്‍ നിലനില്‍ക്കാനും പ്രതികരിക്കാനും കഴിയുന്നുവെന്നതിലാണ് ചെറിയാന്റെ മഹത്വം. പഴയ ചാവേറുകളാണെങ്കില്‍ നിലനില്‍പ്പേയില്ല. ഇന്ന്് അഞ്ച് കൊല്ലത്തിലൊരിക്കലാണ് മാമാങ്കമെങ്കില്‍ പണ്ട്്, ചെറിയാന്‍ സൂചിപ്പിച്ച 'ചാവേര്‍' കാലത്ത്് 12 വര്‍ഷത്തിലൊരിക്കലായിരുന്നു മാമാങ്കം. തിരുനാവായയില്‍ 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന രാഷ്ട്രീയ- വ്യാപാര മഹോത്സവം. ഉത്സവവും ചന്തയും സമ്മേളനവും പൊടിപൂരം. താനാണ് ഈ രാജ്യങ്ങളുടെയാകെ അധികാരിയെന്ന് പ്രഖ്യാപിച്ച സാമൂതിരിക്ക് ഒരേയൊരെതിരാളി. വള്ളുവക്കോനാതിരി. നിലപാട് തറയിലിരുന്ന് മാമങ്കം കാണുന്ന, അധ്യക്ഷം വഹിക്കുന്ന സാമൂതിരിപ്പാട്. അവിടേക്കിരച്ചുകയറി കൊല്ലാന്‍ ശ്രമിക്കുകയും മരിച്ച് വീഴുകയും ചെയ്യുന്ന ചാവേറുകള്‍. വള്ളുവക്കോനാതിരിയുടെ ചാവേറുകള്‍. ചാവേറുകള്‍ ഒന്നുകില്‍ കൊല്ലുക, അല്ലെങ്കില്‍ മരിക്കുക, അതല്ലെങ്കില്‍ തോല്പിക്കുക എന്ന ദൃഢനിശ്ചയത്തോടെ വരുന്നവരാണ്. 

തിരഞ്ഞെടുപ്പില്‍ തന്നെ ആ മട്ടില്‍ ചാവേറാക്കുന്നത് ഇനി നിര്‍ത്തണമെന്നാണ് ചെറിയാന്‍ ഫിലിപ്പ്് പാര്‍ട്ടിയോട് അഭ്യര്‍ഥിച്ചത്. ജയിക്കില്ലെന്നറിഞ്ഞിട്ടും പോരടിക്കാന്‍ ഇറങ്ങുന്നതാണ് ചാവേര്‍. ജയിക്കുമെന്നറിഞ്ഞിട്ട്് മത്സരിക്കാന്‍ പറ്റുന്ന ഉറച്ച മണ്ഡലം തനിക്ക് വേണ്ടി പാര്‍ട്ടി കണ്ടെത്തി തരണമെന്നാണ് ചെറിയാന്‍ പ്രതികരിച്ചത്. 

കുറ്റം പറയരുതല്ലോ. പാര്‍ട്ടി കഴിയാവുന്നത്ര ശ്രമിച്ചു. നിര്‍ത്തിയാല്‍ ജയിക്കുമെന്ന്് നുറ് ശതമാനം ഉറപ്പുള്ള മണ്ഡലം കണ്ടെത്താനായില്ല. ഒടുവില്‍ എത്തിയ തീരുമാനം ചെറിയാനെ ചാവേറാക്കേണ്ടതില്ല. അദ്ദേഹം ഇപ്പോള്‍ മത്സരിച്ചുകൊണ്ടിരിക്കുന്ന മണ്ഡലത്തില്‍ അഭംഗുരം മത്സരിക്കട്ടെ എന്നാണത്രെ. ചാവേറല്ലെന്നത് മാത്രമല്ല, എതിരാളികളില്ലാത്ത മത്സരവേദിയാണത്. ചാനല്‍ അവതാരകര്‍ക്കാര്‍ക്കുമില്ലാത്തത്ര വിപുലമായ രാഷ്ട്രീയാനുഭവം, പോരാത്തതിന് ചരിത്രകാരന്‍. എതിരാളികളായ പ്രേക്ഷകര്‍ എത്ര വേഗമാണ് പരാജയപ്പെടുന്നത്.