എന്റെ തെരഞ്ഞെടുപ്പ് പരിപാടികൾ ആരംഭിച്ചത് മഞ്ചേശ്വത്തുനിന്നാണ്. അവിടെ കുട്ടികളാരും വന്ന് എന്നെ മുത്തമിടുകയുണ്ടായില്ല. എന്നാൽ, രണ്ട് കാലിനും സ്വാധീനമില്ലാത്ത, ഉദുമ സ്വദേശി വേണുഗോപാലൻ നിരങ്ങി വന്ന്‌ എന്നോട് സങ്കടം പറയുകയുണ്ടായി. തനിക്ക് ലഭിച്ചുകൊണ്ടിരുന്ന വികലാംഗ പെൻഷൻ പത്തുമാസമായി ലഭിക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ സങ്കടത്തിന്റെ കാതൽ.  

മുഖ്യമന്ത്രി ഉമ്മൻചാണ്ടി കണക്കുകൾ നിരത്തി, താൻ വിതരണം ചെയ്ത ക്ഷേമപെൻഷനുകളെക്കുറിച്ച് വാചാടോപം നടത്തിയത് വായിച്ചപ്പോൾ ഈ സംഭവം ഓർത്തു എന്നുമാത്രം. ഇത് വേണുഗോപാലന്റെ ഒറ്റപ്പെട്ട പരിദേവനമല്ല.  സംഖ്യകൾകൊണ്ട് കസർത്തുകാട്ടുന്ന മുഖ്യമന്ത്രി പറയണം, കഴിഞ്ഞ ആറു മാസമായി പെൻഷനുകൾ മുടങ്ങിക്കിടക്കുന്ന എത്രപേർ കേരളത്തിലുണ്ടെന്ന്.

അതുപറയാൻ മുഖ്യമന്ത്രിക്ക് കഴിയില്ല. പറഞ്ഞാൽ പെൻഷൻ മുടങ്ങിയവർ നാളെ സാക്ഷ്യവുമായി രംഗത്തുവരും.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നോ കാരുണ്യഫണ്ടിൽനിന്നോ ചെലവഴിച്ച തുകയുടെ പട്ടിക പ്രസിദ്ധീകരിച്ചാൽ അഞ്ചുവർഷത്തെ ഭരണവൈകൃതങ്ങൾ മൂടിവെക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്.

അതല്ല, ഭരണകാര്യത്തിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള വ്യത്യാസം ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നതെങ്കിൽ ഉമ്മൻചാണ്ടി വ്യക്തമാക്കേണ്ട ചില കാര്യങ്ങളുണ്ട്.   2006-ൽ എൽ.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തുന്നതിന്റെ മുമ്പുള്ള അഞ്ചുവർഷം കേരളത്തിൽ എത്ര കർഷകരാണ് ആത്മഹത്യ ചെയ്തത്? ഞങ്ങൾ അധികാരത്തിലിരുന്ന അഞ്ചു വർഷക്കാലത്ത് എത്ര കർഷകരാണ് ആത്മഹത്യചെയ്തത്?
അന്നത്തെ പത്രമാധ്യമങ്ങളിൽ നിത്യവും വന്നുകൊണ്ടിരുന്ന ഒരു പ്രധാനവാർത്ത കർഷക ആത്മഹത്യകളായിരുന്നുവെന്ന കാര്യം ഇത് വായിക്കുന്നവരെല്ലാം ഓർക്കുന്നുണ്ടാവും.

തുടർന്നുവന്ന എൽ.ഡി.എഫ്. സർക്കാർ കർഷക ആത്മഹത്യയില്ലാതാക്കി. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളി. നെല്ലിന് താങ്ങുവില വർധിപ്പിച്ചു. വീണ്ടും ഈ യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയതോടെ കർഷകരുടെ കഷ്ടകാലവും ആരംഭിച്ചു.  വീണ്ടും കർഷക ആത്മഹത്യകൾ സംസ്ഥാനത്ത് തലപൊക്കിയിരിക്കുന്നു.

കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാറിന്റെ കാലത്ത് ഏതെങ്കിലും പരീക്ഷാനടത്തിപ്പ് അലങ്കോലപ്പെട്ടിരുന്നോ?  ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത്, അത് ഇപ്പോഴത്തേതാവട്ടെ, അതിനു മുമ്പത്തേതാവട്ടെ, പരീക്ഷ അലങ്കോലപ്പെടാത്തവർഷം ഏതാണ്?

കേരളത്തിലെ വിദ്യാഭ്യാസരംഗം മൈക്രോസോഫ്റ്റ് പോലുള്ള കുത്തകകൾക്ക് തീറെഴുതാനും അന്നത്തെ യു.ഡി.എഫ്. സർക്കാർ ശ്രമിച്ചു. പത്താംതരം ഐ.ടി. പരീക്ഷയുമായി ബന്ധപ്പെട്ട് ഒട്ടേറെ കൃത്രിമങ്ങൾ അന്നുനടന്നു. അഞ്ചു ലക്ഷത്തിലധികം വിദ്യാർഥികളുടെ ഭാവി പന്താടിക്കൊണ്ട്, എസ്.എസ്.എൽ.സി. പരീക്ഷയുടെ വിശ്വാസ്യത തകർത്ത പ്രമാണിമാരെ സർക്കാർതന്നെ സംരക്ഷിച്ചു.

തുടർന്നുവന്ന എൽ.ഡി.എഫ്. സർക്കാർ പത്താംതരം പരീക്ഷയുടെ വിശ്വാസ്യത വീണ്ടെടുത്തു. ഐ.ടി. വിദ്യാഭ്യാസം പൂർണമായും സ്വതന്ത്ര സോഫ്റ്റ് വേറിൽ അധിഷ്ഠിതമാക്കി.  വിദ്യാഭ്യാസക്കച്ചവടത്തിന് അറുതിവരുത്തി. ഈ സർക്കാർ അതെല്ലാം വീണ്ടും അലങ്കോലപ്പെടുത്തിയിരിക്കുകയാണ്.  കഴിഞ്ഞവർഷം പത്താംതരം പരീക്ഷയുടെ റിസൾട്ട് പലതവണ തിരുത്തേണ്ടിവന്നത് നാണക്കേടുണ്ടാക്കി.

സ്വകാര്യ അൺ എയ്‌ഡഡ് സ്ഥാപനങ്ങൾ വീണ്ടും മുളച്ചുപൊന്താനാരംഭിച്ചു.  വിദ്യാഭ്യാസത്തെക്കുറിച്ചെന്തേ ഉമ്മൻചാണ്ടി മൗനംപാലിക്കുന്നു? ആദിവാസികൾക്ക് വിതരണം ചെയ്യാമായിരുന്ന സർക്കാർഭൂമി എത്രയേക്കർ സ്വന്തക്കാർക്ക് പതിച്ചുനൽകി എന്നതിന്റെ കണക്ക് കേരളത്തിലെ ജനങ്ങൾക്കറിയാം.  

അതിൽ കോടതികൾ എന്തെല്ലാം പരാമർശങ്ങൾ സർക്കാറിനെതിരെ നടത്തിയെന്നും ജനങ്ങൾക്കറിയാം.  എന്നാൽ, ഉമ്മൻചാണ്ടി വെക്കേണ്ടിയിരുന്ന കണക്ക് അതല്ല.  ദളിതർക്കും ആദിവാസികൾക്കും ഭൂമിയും വീടും ലഭ്യമാക്കുന്നതിന് ഈ സർക്കാർ എന്തുചെയ്തു? എത്ര ആദിവാസികൾക്ക്, എത്രയേക്കർ ഭൂമി നൽകി? ഒരുതുണ്ട് ഭൂമിക്കുവേണ്ടി പോരാട്ടംനടത്തിയ ആദിവാസികൾക്കെതിരെ വെടിയുണ്ടയുതിർത്ത ആന്റണി സർക്കാറിന്റെ നയത്തിൽനിന്ന് ഉമ്മൻചാണ്ടിയുടെ സർക്കാറുകൾ എന്തുമാറ്റമാണ് വരുത്തിയത്?

2006-ൽ എൽ.ഡി.എഫ്.സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലൂടെ 50,000 പേർക്ക് വീടുവെക്കാൻ ഭൂമി നൽകി.  വീടില്ലാത്തവർക്ക് വീടുവെക്കാൻ സർക്കാർ സഹായം നൽകി.  എൽ.ഡി.എഫ്. സർക്കാർ ഭൂമാഫിയകൾക്കെതിരെ സന്ധിയില്ലാത്ത നിലപാടുകളെടുത്തു.  

മൂന്നാറിൽ മാത്രം പന്തീരായിരത്തിൽ പരം ഏക്കർ െെകയേറ്റഭൂമി തിരിച്ചുപിടിച്ചു. ഈ സർക്കാർ എത്ര പേർക്ക് ഭൂമിയും വീടും നൽകി എന്ന കണക്കുകൂടി പറയേണ്ടതായിരുന്നില്ലേ?  മൂന്നാറിലെ ഭൂമി െെകയേറ്റത്തിന് അറുതിവരുത്താൻ നിയുക്തമായ പ്രത്യേക ദൗത്യസംഘത്തിന് എന്തു സംഭവിച്ചു? യു.ഡി.എഫ്. സർക്കാർ അധികാരത്തിൽവന്നശേഷം എത്രയേക്കർ സർക്കാർഭൂമി എവിടെയെല്ലാം തിരിച്ചുപിടിച്ചു എന്ന കണക്കുകൂടി വെക്കാമോ? കേസുകൾ തോറ്റുകൊടുക്കുന്ന തിരക്കിൽ അവിടെ ഉയർന്നുകൊണ്ടിരിക്കുന്ന റിസോർട്ടുകളുടെ റിപ്പോർട്ടുകൾ ഉമ്മൻചാണ്ടി കണ്ടിട്ടുണ്ടോ എന്നറിയില്ല.  

പതിനഞ്ചുലക്ഷം പേർക്ക് തൊഴിൽ നൽകാമെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ യു.ഡി.എഫ്. സർക്കാർ നിയമനനിരോധനം കൊണ്ടുവന്നതോർമയുണ്ട്.  ഈ സർക്കാർ എത്രപേർക്ക് തൊഴിൽ നൽകിയെന്ന കണക്കും ഉമ്മൻചാണ്ടിതന്നെ പറയുന്നത് നന്നായിരിക്കും. സർക്കാറിന്റെ െെകയിൽ കണക്കുകൾ കൃത്യമായി ഉണ്ടാവുമല്ലോ. പി.എസ്.സി. വഴി എത്രപേർക്കാണ് കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് തൊഴിൽ നൽകിയത് എന്നറിയാൻ യുവാക്കൾക്ക് താത്‌പര്യമുണ്ടാവുമല്ലോ.  

എൽ.ഡി.എഫ്. സർക്കാർ അധികാരത്തിൽ വരുമ്പോൾ പൂട്ടിക്കിടന്ന, 39 വ്യവസായസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിച്ചു. നഷ്ടത്തിലായ പൊതുമേഖലാസ്ഥാപനങ്ങൾ ലാഭത്തിലാക്കി. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ തുറന്നു പ്രവർത്തിപ്പിച്ച പൊതുമേഖലാ സ്ഥാപനങ്ങളുടെ ലിസ്റ്റ് കണ്ടില്ല.  ലാഭത്തിന്റെ കണക്കും കാണുന്നില്ല.  അതുകൂടി വ്യക്തമാക്കിയാൽ രണ്ടു സർക്കാറുകളും തമ്മിലുള്ള താരതമ്യം കുറേക്കൂടി വ്യക്തമാവുമായിരുന്നു.  
കാരുണ്യലോട്ടറിയെക്കുറിച്ചാണ് ഉമ്മൻചാണ്ടി വാചാലനാവുന്നത്.  

അത് ഉമ്മൻചാണ്ടി പറയണമെന്നില്ല.  കാരണം, കാരുണ്യലോട്ടറി വന്നത് എൽ.ഡി.എഫ്. സർക്കാറിന്റെ പരിശ്രമഫലമായാണ്. അന്യസംസ്ഥാന ലോട്ടറിമാഫിയയെ തുരത്തിയത് താനാണെന്ന് എട്ടുകാലിമമ്മൂഞ്ഞിനെപ്പോലെ ഗീർവാണമടിച്ചതുകൊണ്ടായില്ല.  അന്യസംസ്ഥാന ലോട്ടറിക്കാർക്കു വേണ്ടി മനു അഭിഷേക് സിങ്‌വിയും നളിനി ചിദംബരവുമടക്കമുള്ള കോൺഗ്രസ് നേതാക്കൾ എത്രതവണ ഏതെല്ലാം കേസുകളിൽ കേരള ഹൈക്കോടതിയിൽ വാദിച്ചിട്ടുണ്ട് എന്ന കണക്ക് ഉമ്മൻചാണ്ടി ഓർക്കുന്നില്ലെങ്കിലും കേരളത്തിലെ ജനങ്ങൾ ഓർക്കുന്നുണ്ട്.

ലോട്ടറി മാഫിയയ്ക്കെതിരായ കേസുകൾ വാദിച്ചതും ജയിച്ചതും എൽ.ഡി.എഫ്. സർക്കാറാണെന്നുമാത്രമല്ല, ടാക്സ് ഓൺ ലോട്ടറീസ് ആക്‌ടിൽ ഭേദഗതി വരുത്തി, അന്യസംസ്ഥാന ലോട്ടറിക്കാരിൽനിന്ന് മുൻകൂർനികുതി വാങ്ങാതെ അവരെ കേരളത്തിൽനിന്ന് കെട്ടുകെട്ടിച്ചത് ഉമ്മൻചാണ്ടിയായിരുന്നോ?  ഒടുവിൽ, കേരള സംസ്ഥാനലോട്ടറി മാത്രമേ കേരളത്തിൽ പ്രവർത്തിക്കൂ എന്ന അവസ്ഥയുണ്ടാക്കിക്കൊടുത്ത ശേഷമാണ് ഉമ്മൻചാണ്ടിയുടെയും മാണിയുടെയും ‘കാരുണ്യം’ വഴിഞ്ഞൊഴുകാൻ തുടങ്ങിയത്. ഒരു കാര്യംകൂടി ഉമ്മൻചാണ്ടി ഇതേക്കുറിച്ച് പറയണം.

കാരുണ്യലോട്ടറിയുടെ എത്ര കോടി രൂപ വകമാറ്റി ചെലവഴിച്ചിട്ടുണ്ട്? മുൻ യു.ഡി.എഫ്. സർക്കാറിന്റെ കാലത്ത് ദുബായ് കമ്പനിക്ക് കൈമാറാൻ നിശ്ചയിച്ച ഇൻഫോപാർക്ക് വിട്ടുകൊടുക്കാതെ സ്മാർട്ട്‌സിറ്റി കരാർ പുതുക്കിയെഴുതിയത് എൽ.ഡി.എഫ്. സർക്കാറാണ്. ആ ഇൻഫോപാർക്കിന്റെ രണ്ടാംഘട്ട വികസനം നടത്തിയശേഷമാണ് എൽ.ഡി.എഫ്. സർക്കാർ അധികാരമൊഴിഞ്ഞത്.

കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ ഇൻഫോപാർക്കിൽ എത്രപേർക്ക് തൊഴിൽനൽകാൻ കഴിഞ്ഞിട്ടുണ്ട്?  എൽ.ഡി.എഫ്. സർക്കാർ ആരംഭിച്ചതല്ലാതെ, യു.ഡി.എഫ്. സർക്കാർ കേരളത്തിൽ ആരംഭിച്ച ഒരു ഐ.ടി. പാർക്കിന്റെ പേരുപറയാമോ?  ഉണ്ടാക്കുന്നതിനുമുമ്പേ ഉദ്ഘാടനം നടത്തുന്ന കൂട്ടത്തിൽ സ്മാർട്ട്‌സിറ്റിയുടെയും ഉദ്ഘാടനം നടത്തി പിരിഞ്ഞല്ലോ.

അവിടെ പ്രവർത്തിക്കുന്ന ഐ.ടി. കമ്പനികളുടെ ലിസ്റ്റ് കൂടി കേരളത്തിലെ യുവാക്കളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നതു നന്നായിരിക്കും.  നെൽവയൽ തണ്ണീർത്തടം നികത്തലിനെതിരെ എൽ.ഡി.എഫ്. സർക്കാർ 2008-ൽ നിയമം കൊണ്ടുവന്നിരുന്നു. ആ നിയമപ്രകാരം കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ സംരക്ഷിക്കപ്പെട്ട ഭൂമിയെക്കുറിച്ച് ചോദിക്കുന്നില്ല.

നിയമത്തിൽ ഇളവ് കൊടുത്തതിന്റെ ലിസ്റ്റ് പത്രമാധ്യമങ്ങളിൽ വന്നത് കേരളത്തിലെ ജനങ്ങൾ വായിച്ചിട്ടുണ്ട്.  ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കൃഷിഭൂമിയുടെ വിസ്തൃതിയിൽ വന്ന വർധന എത്രയാണെന്ന് ഉമ്മൻചാണ്ടിക്ക് പറയാൻ കഴിയുമോ?  വനവിസ്തൃതിയുടെ കാര്യമോ? ഈ സർക്കാർ അനുമതി കൊടുത്ത ക്വാറികളുടെ കണക്കുവെക്കാമോ?  

ഉമ്മൻചാണ്ടി സർക്കാർ മദ്യവില്പന നിരോധിച്ചിരിക്കുന്നു എന്ന മട്ടിലാണ് യു.ഡി.എഫ്. പ്രചാരണം.  വാസ്തവത്തിൽ ഉമ്മൻചാണ്ടി സർക്കാർ ചെയ്തതെന്താണ്? മദ്യംവിൽക്കാനുള്ള ചില സ്ഥലങ്ങൾ വേണ്ടെന്നുവെക്കുക മാത്രമാണ് ചെയ്തത്. അതിലൂടെ മദ്യവില്പന വർധിപ്പിക്കുകയല്ലേയുണ്ടായത്?  ഇക്കഴിഞ്ഞ വർഷത്തെ കണക്കുമാത്രം നോക്കിയാൽ കാര്യം വ്യക്തമാവും.  

1,537 കോടി രൂപയുടെ മദ്യമാണ് ഈ വർഷം അധികമായി വിറ്റത്.  ബാർ മന്ത്രി നിയമസഭയിൽ പറഞ്ഞ കണക്കിൽ എന്തെങ്കിലും വ്യത്യാസം ഉമ്മൻചാണ്ടിയുടെ കണക്കുകളിൽ കടന്നുവരുമോ എന്നറിയില്ല. 
 ബാറുകൾ പൂട്ടുന്നതിനും പൂട്ടിയ ബാറുകൾ തുറക്കുന്നതിനും തുറന്ന ബാറുകൾ വീണ്ടും പൂട്ടുന്നതിനും കൈക്കൂലി വാങ്ങാനുള്ള തന്ത്രം മാത്രമായിരുന്നോ, ഈ സർക്കാറിന്റെ മദ്യനിരോധനനാടകം? ബാക്കി കാര്യങ്ങൾ ഇനി കോടതികൾ പറയുമെന്നാശിക്കാം.

അദാനിക്ക് തീറെഴുതിയ വിഴിഞ്ഞം പദ്ധതിയും കൊച്ചി നഗരത്തിൽ അസ്ഥികൂടം പോലെ നിൽക്കുന്ന മെട്രോയും ഇതുവരെ ഒറ്റ വിമാനംപോലും ഇറങ്ങിയിട്ടില്ലാത്ത കണ്ണൂർ വിമാനത്താവളവും ഒരന്താരാഷ്ട്ര ഐ.ടി. കമ്പനിപോലും വന്നിട്ടില്ലാത്ത സ്മാർട്ട്‌സിറ്റിയും തറക്കല്ലല്ലാതെ ഒരിഷ്ടികപോലും വെക്കാത്ത കോച്ച് ഫാക്ടറിയുമെല്ലാം ഉദ്ഘാടനം നടത്തി സ്വസ്ഥമായിരിക്കുന്ന ഉമ്മൻചാണ്ടിക്ക് എല്ലാ കുംഭകോണങ്ങൾക്കും അഴിമതികൾക്കുംശേഷം, തെരഞ്ഞെടുപ്പിനെ നേരിടാൻ െെകയിൽ ആയുധമില്ലാതാവുമ്പോൾ ദുരിതാശ്വാസനിധിയിൽനിന്ന് കാരുണ്യം ചൊരിഞ്ഞതിന്റെ പട്ടിക പ്രസിദ്ധപ്പെടുത്തി രക്ഷപ്പെടാമെന്ന വ്യാമോഹം നല്ലതുതന്നെ. പക്ഷേ, ജനങ്ങൾ വിഡ്ഢികളല്ലെന്നുകൂടി ഓർക്കുന്നത് നന്ന്.