Gopakumarകാൽനൂറ്റാണ്ടിലേറെക്കാലം കേരളത്തിലെ തിരഞ്ഞെടുപ്പുസർവേകളുടെ  അമരക്കാരിലൊരാളും തിരഞ്ഞെടുപ്പുശാസ്ത്രവിദഗ്ധനുമായ ഡോ. ജി. ഗോപകുമാർ ഇത്തവണ നിശ്ശബ്ദനിരീക്ഷകനാണ്. തിരഞ്ഞെടുപ്പുകാലത്ത് സ്ഥാനാർഥികളെയും നേതാക്കളെയുംകാൾ തിരക്കായിരുന്നു ഡോ. ഗോപകുമാറിന്. സർവേ നടത്തലും ചാനലുകളിൽ വോട്ടെടുപ്പ് അവലോകനവും. എന്നാൽ, കേരള  കേന്ദ്രസർവകലാശാലാ വൈസ് ചാൻസലറായതിനാൽ ഇപ്പോൾ നിശ്ശബ്ദനിരീക്ഷണമേ പറ്റൂ.

കേരളത്തിൽ തിരഞ്ഞെടുപ്പുസർവേ പതിവാകുന്നതിനുമുമ്പ് 1987-ലാണ്  കേരള സർവകലാശാലാ രാഷ്ട്രതന്ത്രവിഭാഗം തലവനായിരുന്ന  ഡോ. ഗോപകുമാർ സർവേയുമായി രംഗത്തെത്തുന്നത്. ഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഫോർ സോഷ്യൽ സയൻസ് റിസർച്ചിനുവേണ്ടി കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രീ-പോൾ സർവേക്ക് നേതൃത്വംനൽകിയായിരുന്നു കടന്നുവരവ്.

1996-ൽ ഡൽഹിയിലെ സെന്റർ ഫോർ സ്റ്റഡി ഓഫ് ഡെവലപ്പിങ്  സൊസൈറ്റിക്കുവേണ്ടി സർവേ നടത്തി. യോഗേന്ദ്രയാദവിന്റെ നേതൃത്വത്തിലുള്ള ആ സൊസൈറ്റിയിൽനിന്ന് ലഭിച്ച പരിശീലനം വലിയൊരു മുതൽക്കൂട്ടായെന്ന് ഡോ. ഗോപകുമാർ പറയുന്നു. യോഗേന്ദ്രയാദവും സന്ദീപ് ശാസ്ത്രിയും കൂട്ടരും നൽകുന്ന പരിശീലനവും അവർ തയ്യാറാക്കിനൽകുന്ന ചോദ്യാവലിയും തികച്ചും ശാസ്ത്രീയമായ സർവേ നടത്തുന്നതിന് പര്യാപ്തമാണ്. 1998, 99, 2001, 2004, 2006, 2009 വർഷങ്ങളിൽനടന്ന തിരഞ്ഞെടുപ്പുകളിൽ യോഗേന്ദ്രയാദവിന്റെ സൊസൈറ്റിക്കായി കേരളത്തിലെ സർവേ നടത്തി.

2001, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളിലും 1999, 2009 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും സർവേഫലവും തിരഞ്ഞെടുപ്പ് ഫലവും പൂർണമായി ഒത്തുവന്നു.തിരഞ്ഞെടുപ്പുസർവേ അശാസ്ത്രീയവും ഊഹാപോഹസമാനവുമാണെന്ന ആക്ഷേപത്തിൽ കഴമ്പില്ലെന്ന് ഡോ. ഗോപകുമാർ പറയുന്നു. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതാണ്‌ അഭിപ്രായസർവേ. 1948-ൽ അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് പ്രീ-പോൾ സർവേ ആദ്യമായി തുടങ്ങിയത്.

ഇന്ന് ലോകമാകെ അത് അംഗീകരിക്കപ്പെട്ടു. ഓരോ പ്രശ്നത്തിലും ജനങ്ങളുടെ മനസ്സറിയാനും നയങ്ങൾ നിശ്ചയിക്കാനും നിയമനിർമാണത്തിനും സാമ്പിൾസർവേ ആവശ്യമാണ്. പ്രീ-പോൾ സർവേ നടത്തുന്നതിന് സവിശേഷമായ രീതിശാസ്ത്രമുണ്ട്. അതിൽ പൊതുവേ സ്വീകാര്യമായ ഒരു മാർഗമാണ് സന്ദീപ് ശാസ്ത്രിയുടെയും കൂട്ടരുടെയും. അതുപ്രകാരം തന്റെ നേതൃത്വത്തിൽ വിജയകരമായി നടത്തിയ സർവേകളുടെ രീതി   ഡോ. ഗോപകുമാർ വിവരിച്ചു.

സംസ്ഥാനത്തെ 140 മണ്ഡലത്തിൽ 42 മണ്ഡലത്തിലെ നാലുബൂത്തിൽ അമ്പതുവീതം വോട്ടർമാരുമായി അഭിമുഖം നടത്തി ഉണ്ടാക്കിയ സർവേ റിപ്പോർട്ട് ഏറെക്കുറെ ശരിയായ അനുഭവം ഡോ. ഗോപകുമാർ അനുസ്മരിക്കുന്നു. 18-നും 21-നും ഇടയിൽ പ്രായമുള്ള 126 പേരെയാണ് 40 മണ്ഡലത്തിലേക്ക് അഭിപ്രായമറിയാനായി നിയോഗിക്കുന്നത്. ഒരു മണ്ഡലത്തിൽ മൂന്നുപേർവീതം.

ദേശീയതലത്തിൽ തയ്യാറാക്കിയ ചോദ്യാവലിയും പ്രാദേശികമായി കൂട്ടിച്ചേർത്ത ചോദ്യങ്ങളുംവെച്ച് അഭിമുഖം നടത്തുന്നു. കാണേണ്ട വോട്ടർമാരെ നിശ്ചയിക്കുന്നത് പ്രത്യേകരീതിയിലാണ്. വോട്ടർപ്പട്ടികയിലെ 17, 27, 37, 57 എന്നോ 20, 40, 60, 80 എന്നോ ഒക്കയുള്ള ക്രമത്തിൽ വോട്ടറെ കണ്ടെത്തുന്നു. നമ്പറുകൾ തമ്മിലുള്ള അന്തരത്തിൽ മാറ്റംവരുത്തില്ല.

ഇങ്ങനെ അഭിമുഖം നടത്തിക്കിട്ടുന്ന വിവരം കമ്പ്യൂട്ടറിന്റെ സഹായത്തോടെ വിശകലനംചെയ്യുന്നു. തുടർന്ന് നിഗമനത്തിലെത്തുന്നു. സർവേ നടത്തുന്ന വിദ്യാർഥികൾ അവിടുെത്ത ബൂത്തിന്റെ പൊതുസ്ഥിതി സംബന്ധിച്ചുനൽകുന്ന റിപ്പോർട്ടും നിഗമനത്തിനായി ഉപയോഗപ്പെടുത്തുന്നു. 42  മണ്ഡലത്തിലായി നാലുവീതം ബൂത്തിൽ അമ്പതുപേരെവീതം മൊത്തം 840 പേരുടെ അഭിപ്രായങ്ങളിൽനിന്ന് കേരളത്തിലെ രണ്ടരക്കോടിയോളം വോട്ടർമാരുടെ അഭിപ്രായം ഊഹിക്കുകയെന്ന സാഹസം.

പ്രീ-പോൾ സർവേയ്ക്കുശേഷമുള്ള കാലത്ത് വോട്ടറുടെ മനസ്സിൽ വലിയമാറ്റം വരത്തക്ക സംഭവങ്ങളുണ്ടായാൽ ഫലം ശരിയാകാതെ വരാം. സർവേ നടത്തുന്ന തീയതിക്കനുസരിച്ചുള്ള മാറ്റങ്ങൾ സ്വാഭാവികം.  എന്നാൽ, എക്സിറ്റ്‌പോളിൽ ആ പ്രശ്നമില്ല. ഓരോ മണ്ഡലത്തിലെയും നാലോ അഞ്ചോ ബൂത്തിൽ നാല്പതോ അമ്പതോ വോട്ടറെയാണ് വോട്ടുചെയ്തിറങ്ങുമ്പോൾ കണ്ട് അഭിമുഖം നടത്തുന്നത്.

വ്യത്യസ്തസമയങ്ങളിൽ നടത്തുന്ന പ്രക്രിയയാണിത്. 7-9 മണിവരെ 10 പേരെ, 10-12 വരെ 10 പേരെ... എന്നിങ്ങനെ. തിരഞ്ഞെടുപ്പുശാസ്ത്രത്തിൽ പ്രത്യേകപരിശീലനം നൽകിയാണ് വിവരശേഖകരെ നിയോഗിക്കുന്നത്. പ്രത്യേകപരിശീലനം ലഭിച്ച വിദഗ്ധരാണ് സർവേ റിപ്പോർട്ട് വിശകലനംചെയ്ത് ഫലപ്രവചനം നടത്തുന്നത്.

തിരഞ്ഞെടുപ്പ് വരുമ്പോഴാണ് സാധാരണക്കാർ ജനാധിപത്യസംവിധാനത്തോട് വളരെ അടുക്കുന്നതെന്നതിനാൽ വിവിധവിഷയങ്ങളിലെ ജനവികാരം മനസ്സിലാക്കാൻ പ്രീ-പോൾ സർവേകൾ ഏറെ സഹായകമാണെന്നും അഭിപ്രായസർവേകൾ പൊതുവിൽ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും ഡോ. ഗോപകുമാർ അഭിപ്രായപ്പെടുന്നു.

കേരളത്തിൽനടന്ന  തിരഞ്ഞെടുപ്പുസർവേകൾ, വിശകലനങ്ങൾ, അവലോകനങ്ങൾ  എന്നിവയുമായി ബന്ധപ്പെട്ട് ‘സിവിൽ സൊസൈറ്റി-പോളിറ്റിക്സ് ഇന്റർഫെയിസ്: കേരളാ എക്സ്പീരിയൻസ്’ എന്നപേരിൽ ഡോ. ഗോപകുമാർ പുസ്തകവുമെഴുതിയിട്ടുണ്ട്. 

സർവേവിദഗ്ധനായ സന്ദീപ് ശാസ്ത്രിക്ക് കർണാടകത്തിലുണ്ടായ ഒരനുഭവം ജനാധിപത്യവുമായി ബന്ധപ്പെട്ട് പ്രസക്തമാണ്. മുഷിഞ്ഞവസ്ത്രം ധരിച്ച, ദരിദ്രയായ ഒരു വൃദ്ധ തുടർച്ചയായ നാലുതിരഞ്ഞെടുപ്പിൽ ബൂത്തിലെ ക്യൂവിൽ ഒന്നാമതുനിൽക്കുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ സന്ദീപ് ശാസ്ത്രി അവരെക്കണ്ട് ചോദിച്ചു: മുത്തശ്ശി ആർക്കാണ് വോട്ടുചെയ്തത്? അറിയില്ല മോനേ എന്നായിരുന്നു മറുപടി.

പിന്നെന്തിനാ എല്ലാ തിരഞ്ഞെടുപ്പിലും ക്യൂവിൽ ആദ്യം നിൽക്കുന്നത്‌?. നോക്കൂ എന്റെ പിറകിലാരൊക്കെയാണെന്ന് - ജന്മിമാർ, കൊള്ളപ്പലിശക്കാർ, പണക്കാർ... ഇന്നുപക്ഷേ  അവരുടെയൊക്കെ മുന്നിലാണ് ഞാൻ  എന്നായിരുന്നു മുത്തശ്ശിയുടെ മറുപടി.