അഞ്ചുകൊല്ലത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞയാഴ്ച കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഡി.എം.കെ. പ്രസിഡന്റ് എം. കരുണാനിധിയും ചെന്നൈയിൽ ഒന്നിച്ചു പ്രത്യക്ഷപ്പെട്ടു. ഐലന്റ് ഗ്രൗണ്ടിൽ ഡി.എം.കെ.-കോൺഗ്രസ് മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗമായിരുന്നു വേദി.

പ്രളയത്തിൽ മുങ്ങിയ ചെന്നൈയിൽ എ.ഐ.എ.ഡി.എം.കെ.സർക്കാർ ഒന്നും ചെയ്തില്ലെന്നും ജനങ്ങൾ തന്നെയാണ് ജനങ്ങളുടെ രക്ഷയ്ക്കെത്തിയതെന്നുമായിരുന്നു സോണിയയുടെ പ്രസംഗത്തിന്റെ കാതൽ. കോൺഗ്രസ്സുമായി വീണ്ടും സഖ്യമുണ്ടാക്കാനായതിന്റെ ആവേശം കരുണാനിധിയുടെ പ്രസംഗത്തിലുണ്ടായിരുന്നു.

പക്ഷേ, പ്രായവുമായുള്ള പോരാട്ടത്തിൽ  കരുണാനിധിയുടെ വാക്കുകൾ പലപ്പോഴും ഇടറുകയും പതറുകയും ചെയ്തു. 1980-ൽ ഇതേ വേദിയിൽ നിന്നുകൊണ്ട് താൻ ഇന്ദിരാഗാന്ധിയെ വരവേറ്റത് കരുണാനിധി അനുസ്മരിച്ചു.

‘‘നെഹ്രുവിൻ മകളേ വരിക, നിലയാന ആട്ചി  (സ്ഥിരതയാർന്ന ഭരണം)  തരിക.’’ എന്നാണ് താൻ അന്ന് പറഞ്ഞതെന്നോർത്തുകൊണ്ട് കരുണാനിധി സോണിയയെ വരവേറ്റു  ‘‘ഇന്ദിരാവിൻ മരുമകളേ, ഇന്ത്യയുടെ വീരത്തിരുമകളേ വരിക, വരിക.’’ കരുണാനിധിയുടെ വാക്കുകൾ ജനം കൈയടികളോടെയാണ് സ്വീകരിച്ചത്.

പക്ഷേ, 2004-ൽ ഇതേ വേദിയിൽ ഇതേ വാക്കുകൾ കരുണാനിധി പറഞ്ഞപ്പോൾ സദസ്സ് ആർത്തിരമ്പുകയായിരുന്നു. പുതുച്ചേരിയിലെ ഒരു സീറ്റുൾപ്പെടെ തമിഴകത്തെ 40 ലോക്‌സഭാ സീറ്റുകളും അന്ന് ഡി.എം.കെ. - കോൺഗ്രസ് മുന്നണി പിടിച്ചെടുക്കുകയും ചെയ്തു. 12 കൊല്ലം മുമ്പ് ഐലൻഡ്‌ ഗ്രൗണ്ട് കണ്ട ആവേശത്തിമിർപ്പ് 2016 മെയ് അഞ്ചിന് ദൃശ്യമായിരുന്നില്ല.

ആൾക്കൂട്ടവും ആൾക്കൂട്ടത്തിന്റെ പ്രതികരണവും ഒരു സൂചനയാണ്. 2011-ൽ ജയലളിതയുടെ തിരഞ്ഞെടുപ്പുയോഗങ്ങളിൽ ഡി.എം.കെ. സർക്കാറിനെതിരെയുള്ള ജനരോഷം തൊട്ടറിയാമായിരുന്നു.  ഇക്കുറി തമിഴകത്ത് ജയലളിത സർക്കാറിനെതിരെ ശക്തമായ ജനവികാരമില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

അരിയും ലാപ്‌ടോപ്പും സൈക്കിളും അടക്കമുള്ള സൗജന്യപദ്ധതികളും ചുരുങ്ങിയ വിലയ്ക്ക് ഭക്ഷണം കിട്ടുന്ന അമ്മാ കാന്റീനുകളും ജനത്തെ ജയലളിത സർക്കാറിനോടടുപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ സ്ത്രീകൾ പൊതുവേ എ.ഐ.എ.ഡി.എം.കെ.യ്ക്കൊപ്പമാണ് നീങ്ങുന്നത്. ജയലളിതയുടെ പ്രചാരണയോഗങ്ങളിലെത്തുന്ന വൻ സ്ത്രീ സാന്നിധ്യം ഇതിനു തെളിവാണ്.

ഇവരെ കൈയിലെടുക്കാനാണ് ഡി.എം.കെ. പ്രസിഡന്റ് എം. കരുണാനിധി മദ്യനിരോധനം മുഖ്യ അജൻഡയായെടുത്തത്. അധികാരത്തിലെത്തിയാൽ മദ്യം നിരോധിച്ചുകൊണ്ടുള്ള ഉത്തരവിലായിരിക്കും ആദ്യം ഒപ്പുവെക്കുകയെന്ന  കരുണാനിധിയുടെ പ്രഖ്യാപനം ജയലളിതയെ ഒന്നുലയ്ക്കുയും ചെയ്തു.

പടിപടിയായുള്ള മദ്യനിരോധനമാണ് ജയലളിതയുടെ നിലപാട്. ഈ ആശയത്തോടാണ് മദ്യപരായ പുരുഷന്മാർക്ക് താത്‌പര്യം. മദ്യപർ ഇക്കുറി ജയലളിതയുടെ പാർട്ടിക്ക് വോട്ടുചെയ്യുമെന്നും ഡി.എം.കെ.യ്ക്ക് ഇതു തിരിച്ചടിയാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
%ഭരണതലത്തിൽ മാറ്റംവേണമെന്ന വികാരം ശക്തമാണെന്നാണ് ഡി.എം.കെ. അവകാശപ്പെടുന്നത്.

പ്രളയത്തിൽ മുങ്ങിയ ആറു ജില്ലകളിൽ - ചെന്നൈ, തിരുവള്ളൂർ , കാഞ്ചീപുരം, കടലൂർ, തിരുനെൽവേലി, തൂത്തുക്കുടി എ.ഐ.എ.ഡി.എം.കെ. തകരുമെന്നും ഡി.എം.കെ. അവകാശപ്പെടുന്നു. മൊത്തം 32 ജില്ലകളാണ് തമിഴ്‌നാട്ടിലുള്ളത്. പ്രളയബാധിത ജില്ലകളിൽ തിരിച്ചടി നേരിട്ടാൽപ്പോലും മറ്റു ജില്ലകളിലെ മികച്ചപ്രകടനം ഭരണത്തുടർച്ച നേടിത്തരുമെന്നാണ് എ.ഐ.എ.ഡി.എം.കെ.വൃത്തങ്ങൾ പറയുന്നത്.

നിലവിലുള്ള സർക്കാറിനെതിരെ ശക്തമായ ജനവികാരമില്ലാത്തപ്പോൾ നിർണായകഘടകമാവുക സഖ്യബന്ധങ്ങളാണ്. 2001-ൽ കരുണാനിധി സർക്കാറിനെതിരെയും 2006-ൽ ജയലളിത സർക്കാറിനെതിരെയും അതിശക്തമായ ജനതരംഗമുണ്ടായിരുന്നില്ല. അന്ന് ജയലളിതയെയും കരുണാനിധിയെയും ഭരണത്തിലെത്താൻ സഹായിച്ചത് വിശാലസഖ്യത്തിന്റെ കരുത്തായിരുന്നു.

പക്ഷേ. ഇക്കുറി പ്രതിപക്ഷം നാലായി ഭിന്നിച്ചു നിൽക്കുകയാണ്. ഡി.എം.കെ. - കോൺഗ്രസ് സഖ്യം, ഡി.എം.ഡി.കെ. - ജനക്ഷേമമുന്നണി, പി.എം.കെ., ബി.ജെ.പി. എന്നിങ്ങനെ വിഘടിച്ചു നിൽക്കുന്ന പ്രതിപക്ഷം ജയലളിതയ്ക്ക് അർഹിക്കാത്ത വിജയം നൽകിയേക്കുമെന്നാണ് ചില രാഷ്ട്രീയനിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഭരണത്തുടർച്ചയുണ്ടാക്കാൻ ജയലളിതയ്ക്കായാൽ എം.ജി.ആറിനു ശേഷം തുടർച്ചയായി രണ്ടാംവട്ടം തമിഴകമുഖ്യമന്ത്രിയാവുന്ന നേതാവ് എന്ന ബഹുമതിയാണ് ജയലളിതയെ കാത്തിരിക്കുന്നത്.

പണത്തിന്റെ കളി

പണമാണ് തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പിൽ മറ്റൊരു നിർണായഘടകം. ഡി.എം.കെ.യാണ് സംഗതി തുടങ്ങിവെച്ചതെങ്കിൽ എ.ഐ.എ.ഡി.എം.കെ. ഇതിൽ മാസ്റ്റർ ബിരുദം നേടിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ണുവെട്ടിച്ച് പണം എങ്ങനെ വോട്ടർമാർക്ക് നൽകണമെന്നത് എ.ഐ.എ.ഡി.എം.കെ. പ്രവർത്തകർക്ക് നന്നായറിയാം.

കഴിഞ്ഞദിവസം കടലൂരിലൂടെ സഞ്ചരിക്കുമ്പോൾ ഒരു കോളനിയിൽ എ.ഐ.എ.ഡി.എം.കെ.യെ അനുസ്മരിപ്പിക്കുന്ന ഷാളുകൾ കഴുത്തിലിട്ടവർ പണംവിതരണം ചെയ്യുന്നത് നേരിട്ടുകണ്ടു. കൈയിലുള്ള പേപ്പറിലുള്ള പേരുകൾക്കു നേരേ കൃത്യമായി ശരിയടയാളമിട്ടിട്ടാണ് പണം കൊടുക്കുന്നത്.

സ്വന്തം പാർട്ടിക്കാർക്കാണ് ഓരോ പാർട്ടിയും മുഖ്യമായും പണം നൽകുന്നത്. പത്ര ഏജന്റു വഴി വരെ പണമെത്തിക്കുന്നുണ്ട്. ചിലയിടങ്ങളിൽ പെട്രോൾ അടിക്കുന്നതിനും മൊബൈൽഫോൺ റീച്ചാർജ്  ചെയ്യുന്നതിനുമുള്ള കൂപ്പണുകളായും പണം രൂപാന്തരം പ്രാപിക്കുന്നുണ്ട്. ഇക്കുറി പണം ഇതുവരെ കിട്ടിയിട്ടില്ലെന്നും രണ്ടു ദിവസത്തിനുള്ളിൽ പണം കിട്ടിയേക്കുമെന്നുമാണ് വീടുകളിൽ സഹായത്തിനെത്തുന്ന ഒരു സ്ത്രീ പറഞ്ഞത്. ചുരുങ്ങിയത് അഞ്ഞൂറു രൂപയെങ്കിലും ഒരു വോട്ടർക്ക് കിട്ടുമെന്നാണറിയുന്നത്.

ജയലളിതയായാലും കരുണാനിധിയായാലും ഇത് ആറാം വട്ടമാണ് തമിഴകത്തെ മുഖ്യമന്ത്രി കസേരയിലേക്കെത്തുക. മൂന്നാം മുന്നണിയുടെ നേതാവ് വിജയകാന്തിന് മുഖ്യമന്ത്രിക്കസേര കണ്ട് പനിക്കാനുള്ള യോഗമേ ഇക്കുറിയുമുള്ളൂ.

അധികാരത്തോടുള്ള കരുണാനിധിയുടെ ആസക്തിയാണ് പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ കൂടുതലായി പുറത്തുവന്ന മറ്റൊരു സംഗതി. ഒരഭിമുഖത്തിൽ മകൻ സ്റ്റാലിൻ മുഖ്യമന്ത്രിയാവാൻ സാധ്യതയുണ്ടോയെന്നു ചോദിച്ചപ്പോൾ അതിനുള്ള സമയമായിട്ടില്ലെന്നാണ് കരുണാനിധി തുറന്നടിച്ചത്. സെന്റ് ജോർജ് കോട്ടയിലെ ആ കസേര കലൈഞ്ജറെ ഈ 93-ാം വയസ്സിലും അത്രമാത്രം മോഹിപ്പിക്കുന്നുണ്ട്. 

പുതുച്ചേരിയിൽ രംഗസാമി സമ്മർദത്തിൽ

കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും മെയ് 16-നു തന്നെയാണ് വിധിയെഴുത്ത്. കോൺഗ്രസ് ഡി.എം.കെ.യുമായി ചേർന്ന് മത്സരിക്കുമ്പോൾ മുഖ്യമന്ത്രി എൻ. രംഗസാമിയുടെ എൻ.ആർ. കോൺഗ്രസ്സും എ.ഐ.എ.ഡി.എം.കെ.യും ബി.ജെ.പി.യും പി.എം.കെ.യും തനിച്ചാണ് മത്സരിക്കുന്നത്.

വിജയകാന്തിന്റെ ഡി.എം.ഡി.കെ.- ജനക്ഷേമമുന്നണിയും മത്സരരംഗത്തുണ്ട്. മുഖ്യമത്സരം കോൺഗ്രസ്-ഡി.എം.കെ. മുന്നണിയും എൻ.ആർ. കോൺഗ്രസ്സും തമ്മിലാണ്.

പുതുച്ചേരിയിൽ ഇപ്പോഴും ഏറ്റവും ജനകീയനായ നേതാവ് രംഗസാമിയാണെങ്കിലും സഖ്യമില്ലാത്തത് രംഗസാമിക്ക് തിരിച്ചടിയാവുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അഭിപ്രായവോട്ടെടുപ്പുകളെല്ലാം തന്നെ കോൺഗ്രസ് - ഡി.എം.കെ. മുന്നണി അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്.