electionസ്വാതന്ത്ര്യലബ്ധിക്കുമുമ്പുള്ള കാലഘട്ടത്തില്‍ ജനിച്ചവളാണ് ഞാന്‍. അതിനാല്‍ത്തന്നെ ഇന്ത്യയെന്ന വികാരം ഉള്ളില്‍ തീവ്രമാണ്. എന്റെ രാഷ്ടം, എന്റെ കൊടി, എന്റെ കേരളം, എന്റെ ഭാഷ, എന്റെ സംസ്‌കാരം എന്ന വാക്കുകളെല്ലാം സ്‌നേഹാദരങ്ങളോടെ ഞങ്ങള്‍ പലരും അന്നും ഇന്നും മന്ത്രംപോലെ ജപിക്കുന്നു. വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ആശങ്കയോടെയാണ് ഞാന്‍ ഇവിടത്തെ രാഷ്ട്രീയപ്പാര്‍ട്ടികളെ നോക്കിക്കാണുന്നത്.

ഇന്ത്യയെന്ന വര്‍ണോജ്ജ്വലവും ദുഃഖപൂര്‍ണവും പ്രതീക്ഷാനിര്‍ഭരവുമായ ഈ മഹാരാജ്യത്തിന്റെ പശ്ചാത്തല രംഗപടത്തിന് മുന്നിലാണ് നമ്മുടെയീ കൊച്ചുകേരളം വേറിട്ടു തെളിഞ്ഞുനില്‍ക്കേണ്ടത്. 'എന്നുടെയൊച്ച കേട്ടുവോ വേറിട്ട്' എന്ന് അഭിമാനത്തോടെ ചോദിക്കേണ്ടത്.

എന്നാല്‍, ഇന്ന് എന്തിനെച്ചൊല്ലിയാണ് നമുക്കഭിമാനിക്കാനുള്ളത്? മൂന്ന് നിസ്തുലസൗഭാഗ്യങ്ങളിലാണ് നാം വേറിട്ടുനിന്നിരുന്നത്. ഒന്നാമതായി, പശ്ചിമഘട്ട മഹാഗിരിനിരകള്‍ കാവല്‍നില്‍ക്കുന്ന ഈ നാടിന്റെ ഹരിതശ്രീയും ജലസമൃദ്ധിയും സുഖകരമായ കാലാവസ്ഥയും.

രണ്ടാമതായി, വിദ്യാഭ്യാസത്തിലുള്ള നമ്മുടെ മേല്‍ക്കോയ്മ. മൂന്നാമത്തേത്, ഭിന്ന മത-ജാതികള്‍ തമ്മിലുള്ള സാഹോദര്യം. 'ഏതു നാട്ടിലും മരുക്കാട്ടിലും കേറിച്ചെന്നൂ കേരളപുത്രന്‍ വിദ്യാകവചം ധരിച്ചവന്‍' എന്നും 'പലവര്‍ണത്തില്‍ പലേ പൂക്കള്‍ ചേര്‍ന്നിണങ്ങീടും വനമാലയാണല്ലോ ഞങ്ങള്‍ തന്നമ്മയ്ക്കിഷ്ടം' എന്നുമുറക്കെ പാടിയിട്ടുള്ളതോര്‍ത്തുപോകുന്നു. 

ഈ മൂന്ന് സൗഭാഗ്യങ്ങളെയും ഏതാണ്ട് തകര്‍ത്തെറിഞ്ഞുകഴിഞ്ഞു! പ്രകൃതിനാശത്തെപ്പറ്റി ഞാനിനിയും പറയേണമോ? സാധുവും അസാധുവുമായ ആയിരമായിരം പാറമടകളിലെ വെടിമരുന്നിട്ട് പൊട്ടിത്തകര്‍ക്കലിനെപ്പറ്റി ഇനിയും എഴുതേണമോ? മലിനമായിക്കഴിഞ്ഞ കുടിവെള്ളത്തെപ്പറ്റിയും ക്ഷയിക്കുന്ന നാല്പത്തിനാല് നദികളെപ്പറ്റിയും അടിവെള്ളം വറ്റിയതിനാല്‍ അടിയിലൂടെ നീണ്ടുവരുന്ന കടല്‍വിരലുകളെപ്പറ്റിയും തെറ്റുന്ന കാലതാളത്തെപ്പറ്റിയും കേട്ട് മുഷിഞ്ഞുകഴിഞ്ഞില്ലേ?. 

ആര്‍ത്തലച്ചു കടപുഴകിവീഴുന്ന മഹാവൃക്ഷങ്ങളെപ്പറ്റിയും ദാഹിക്കുന്ന ജീവജാലങ്ങളെപ്പറ്റിയും 'ജെ.സി.ബി.'യെ സംസ്ഥാനമുദ്രയായി സ്വീകരിച്ചുകഴിഞ്ഞവരോട് ഇനിയും പറയേണ്ട ആവശ്യമുണ്ടോ? വലതും ഇടതും നടുവിലുമുള്ള രാഷ്ട്രീയകക്ഷികളേ, കേരളത്തിന്റെ പ്രകൃതിയെ രക്ഷിക്കാന്‍ നിങ്ങള്‍ എന്തുചെയ്യാന്‍ പോകുന്നു?. സ്മാര്‍ട്ട് സിറ്റികളും കൂറ്റന്‍ ഷോപ്പിങ് മാളുകളും 
 
റിസോര്‍ട്ടുകളും അഭിമാനത്തോടെ നീട്ടിക്കാണിക്കുന്ന നിങ്ങളുടെ മുന്നില്‍ എന്നെപ്പോലുള്ളവര്‍ മനംനൊന്ത് ചോദിക്കുകയാണ്. ജയിച്ചുവരുന്നവരേ, നിങ്ങളീ നാടിനെ കേരളമായിത്തന്നെ സൂക്ഷിക്കുമോ? അതോ ദുബായിയാക്കിമാറ്റുമോ? ഞങ്ങള്‍ അഭിമാനിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവുംമികച്ച വിദ്യാഭ്യാസം ഞങ്ങളുടേത്. ഇന്നിതാ നാം 17-ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുന്നു.

10-ാം ക്ലാസ്സുകാരന് ഒരു വാചകം മലയാളം നന്നായി എഴുതാനറിഞ്ഞുകൂടാ. ഇംഗ്ലീഷിന്റെ അവസ്ഥ പരമദയനീയം. അമ്പത്തൊന്ന് അക്ഷരങ്ങളും എഴുതാനറിഞ്ഞുകൂടാത്ത മലയാളിക്കുട്ടികളെ ഞങ്ങള്‍ ചുറ്റുംകാണുന്നു. അവര്‍ക്ക് ഭാഷയോട് സ്‌നേഹമില്ല, ആദരവില്ല. പക്ഷേ ചാറ്റിങ് അറിയാം. ലോകത്തിന്റെ മുഖത്തുനോക്കി വിഡ്ഢിത്തങ്ങളും അശ്ലീലങ്ങളും വിളമ്പി രസിക്കാനറിയാം. 

എന്നാല്‍, എഴുത്തച്ഛനെ അറിഞ്ഞുകൂടാ, ആശാനെ അറിഞ്ഞുകൂടാ, വള്ളത്തോളിനെയും സി.വി.യെയും വൈലോപ്പിള്ളിയെയുമറിഞ്ഞുകൂടാ. 98 ശതമാനം എസ്.എസ്.എല്‍.സി. പാസാകുന്നു. വന്‍തുകകള്‍ ചെലവാക്കി സ്വകാര്യസ്‌കൂളുകളില്‍ പഠിക്കുന്നു. ഉന്നതവിദ്യാഭ്യാസമേഖല, പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖല എല്ലാമെല്ലാം പണാധിപത്യത്തിന്റെ പിടിയിലമര്‍ന്നുകഴിഞ്ഞിരിക്കുന്നു. ഒന്നരക്കോടിരൂപ കൊടുത്താല്‍ എം.ഡി. ബിരുദം കിട്ടുന്ന മെഡിക്കല്‍ കോളേജുകള്‍, പിഎച്ച്.ഡി. 
 ലേലത്തിനുവെച്ചിരിക്കുന്ന കച്ചവടസ്ഥാപനങ്ങള്‍

എന്തിനും സര്‍ട്ടിഫിക്കറ്റുനല്‍കുന്ന നൂറുനൂറു വ്യാജസ്ഥാപനങ്ങള്‍. ഇവയെല്ലാം തഴച്ചുവളരുന്ന ഈനാട്ടില്‍ രാഷ്ട്രീയപ്പാര്‍ട്ടികളേ, നിങ്ങള്‍ക്ക് അവരെയാരെയെങ്കിലും ഒന്നുതൊടാന്‍ സാധിക്കുമോ? ഇനി മതസാഹോദര്യം. ഓരോപാര്‍ട്ടിയും മതനേതാക്കളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, ഓരോ പാര്‍ട്ടിയും സ്ഥാനാര്‍ഥിനിര്‍ണയത്തിന് മതവും ജാതിയും കണക്കെടുക്കുമ്പോള്‍, ഓരോ മതവും തങ്ങള്‍ക്കവകാശപ്പെട്ട സീറ്റുകള്‍ പിടിച്ചുവാങ്ങുമ്പോള്‍, നമുക്ക് മതാതീതമായ ഒരു ജനാധിപത്യത്തെപ്പറ്റി ചിന്തിക്കാന്‍പോലും അര്‍ഹതയുണ്ടോ? 
 
ക്യാബിനറ്റിലെ സീറ്റുകളും മത, ജാതി വ്യവസ്ഥയനുസരിച്ച്... ലജ്ജയില്ലേ മലയാളിക്ക് ഈ ഇരട്ടമുഖം കാട്ടി മേനിനടിക്കാന്‍. ഓരോ പാര്‍ട്ടിക്കാരോടും ചോദിച്ചുപോകുന്നു. അധികാരം കിട്ടിയാല്‍ നിങ്ങള്‍ ഇത്തവണ എത്രനിയമങ്ങള്‍ ലംഘിക്കാന്‍പോകുന്നു? എത്ര വയലുകള്‍ നികത്താന്‍പോകുന്നു? എത്ര പാറമടകള്‍ക്ക് അനുവാദം നല്‍കും? എത്ര കൈയേറ്റങ്ങളെ സാധൂകരിക്കാന്‍പോകുന്നു? എത്ര പുതിയ സ്മാര്‍ട്ട് സിറ്റികള്‍? വന്‍കിട പദ്ധതികള്‍?

ഹാ എന്തെല്ലാമാണ് ഞങ്ങള്‍ക്കുതരാന്‍ നിങ്ങള്‍ ഒരുക്കുന്നത്?. എങ്കിലും ഈ കൊടുംചൂടിലും സ്വപ്നംകാണാന്‍ എന്നെപ്പോലുള്ളവര്‍ക്ക് അനുവാദം വേണ്ടല്ലോ. വെടിയൊച്ചത്തകര്‍ച്ചകളില്ലാത്ത മഹാ ഗിരിനിരകള്‍, കൈയേറ്റങ്ങളില്ലാത്ത പ്രശാന്ത വനഭൂമികള്‍, പൊന്‍വിളയുന്ന വിശാലമായ നെല്‍പ്പാടങ്ങള്‍, വിഷംതീണ്ടാത്ത സമൃദ്ധമായ പച്ചക്കറികള്‍, ശുദ്ധജലമൊഴുകുന്ന പുഴകള്‍, മാലിന്യക്കൂമ്പാരങ്ങളില്ലാത്ത നഗരങ്ങള്‍, പ്രസന്നമുഖരായ കര്‍ഷകര്‍, വഴിനടക്കാന്‍ പേടിക്കാത്ത പെണ്‍കിടാങ്ങള്‍, നീണ്ടനിരയില്ലാത്ത ബിവറേജസ് കടകള്‍, കൈക്കൂലിക്കായി നീളാത്ത അധികാരക്കൈകള്‍, നല്ലമലയാളം പറയുന്ന എന്റെ കുഞ്ഞുങ്ങള്‍, ബഹുമാന്യരായ രാഷ്ട്രീയനേതാക്കന്മാരേ, നിങ്ങള്‍ ഈവിധമുള്ള മൂഢസ്വപ്നങ്ങള്‍ കാണാറുണ്ടോ? ഉണ്ടെങ്കില്‍, ഈ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രയത്‌നിക്കുമെന്ന് ഉറപ്പുനല്‍കുമെങ്കില്‍, ഇതാ ഞങ്ങള്‍ ഒപ്പമുണ്ട്.