നാധിപത്യമാമാങ്കത്തിന്റെ ഏറ്റവും പുതിയ കേരള എഡിഷന്‍ അണിയറയില്‍ ദ്രുതഗതിയില്‍ തയ്യാറായിക്കൊണ്ടിരിക്കുമ്പോഴും എന്റെ മനസ്സ് അതിന്റെ രാഷ്ട്രീയപരിസരത്തിലല്ല അലഞ്ഞുതിരിയുന്നത്.ഭൂമിക്കും ആകാശത്തിനും ഒരുപക്ഷേ, പ്രപഞ്ചത്തിനുതന്നെയും അവകാശമുന്നയിച്ച് മറ്റു ജീവജാലങ്ങളെയെല്ലാം വരുതിയില്‍നിര്‍ത്തി നിസ്സാരവത്കരിക്കുന്ന മനുഷ്യന്റെ ധാര്‍ഷ്ട്യത്തെപ്പറ്റിയാണ് എന്റെ ആലോചന.

'ജനാധിപത്യം' എന്ന പദംതന്നെ ആ മുഷ്‌കിലേക്കു വിരല്‍ചൂണ്ടുന്നുണ്ട്. ആധിപത്യം രാജാവിന്റേതല്ല, ജനത്തിന്റേതാണ് എന്നായിരിക്കാം രാഷ്ട്രമീമാംസാകാരന്‍ ആ വാക്കുകൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍, ഞാന്‍ നല്‍കുന്ന അര്‍ഥം മറ്റെല്ലാറ്റിന്റെയും മേല്‍ മനുഷ്യന്റെ ആധിപത്യം എന്നാണ്. ആ ആധിപത്യത്തില്‍ സ്‌നേഹത്തിന് പ്രയോജനം എന്നാവും സാരം. 

പശുവിനെ സ്‌നേഹിക്കുന്നത് പശു നമുക്കു പാല്‍ തരുന്നതുകൊണ്ടാണ്. കോഴിയെ സ്‌നേഹിക്കുന്നത് കോഴി നമുക്ക് മുട്ടയും ഇറച്ചിയും തരുന്നതുകൊണ്ടാണ്. മരത്തെ സ്‌നേഹിക്കുന്നത് മരം നമുക്ക് മഴയും ഓക്‌സിജനും തരുന്നതുകൊണ്ടാണ്. മറ്റു ധര്‍മങ്ങള്‍ അവയ്‌ക്കൊന്നിനുമില്ലെന്ന് നാം സ്വയം പറഞ്ഞുറപ്പിക്കുന്നു. പശുവിന്റെ പാല്‍ പശുക്കുട്ടിക്കുള്ളതാണെന്നും കോഴിമുട്ട കോഴിയുടെ പ്രജനനത്തിനുള്ളതാണെന്നും വന്നാല്‍ കളിമാറും.

'ചത്തും കൊന്നും വാണുകൊള്‍ക' എന്നാണ് പണ്ടു രാജാക്കന്മാര്‍ നാടുവാഴികള്‍ക്കു നല്‍കിയിരുന്ന ഉപദേശം. ഭരണസംവിധാനം മാറിയപ്പോള്‍, ജനഭരണത്തിലെത്തിയപ്പോള്‍, അധികാരത്തിന്റെ പീഠാധിപതികളിലേക്ക് ഈ സൂത്രവാക്യവും ഒളിച്ചുകടന്നു. സഹജീവികളെ മാത്രമല്ല, മലകളെയും പുഴകളെയും വനങ്ങളെയും ജനാധിപത്യത്തിലെ ജനത്തിന്റെ ആര്‍ത്തി വിഴുങ്ങിക്കളഞ്ഞു. 
അവന്‍ നിയന്താവായി.

തിരഞ്ഞെടുപ്പുമത്സരമെന്നതിനെക്കാള്‍ തിരഞ്ഞെടുപ്പുത്സവം എന്ന പ്രയോഗമാണ് നമുക്ക് കൂടുതല്‍ യോജിക്കുക. കൊടിതോരണങ്ങള്‍, ഘോഷയാത്രകള്‍, ഛായാചിത്രങ്ങളുടെ എഴുന്നള്ളിപ്പുകള്‍... അങ്ങനെയങ്ങനെ ഉത്സവം കൊടിയേറുന്നു.മനുഷ്യന്റെ മോചനം, മനുഷ്യന്റെ നീതി, മനുഷ്യന്റെ ശാന്തി, മനുഷ്യന്റെ പുരോഗതി എന്നിങ്ങനെ മനുഷ്യകേന്ദ്രിതമുദ്രാവാക്യങ്ങളുയര്‍ത്തിത്തന്നെയാണ് നവോത്ഥാനപ്രസ്ഥാനങ്ങളെല്ലാം മുന്നേറിയത്.

മനുഷ്യന്‍ മോചിതനായി എന്ന മിഥ്യാധാരണയും പരന്നു. പക്ഷേ, മോചിപ്പിക്കപ്പെട്ട മനുഷ്യന്‍ വീണ്ടും നായാടിയായി, നമ്പൂതിരിയായി, പറയനും പുലയനുമായി, മുസല്‍മാനും ക്രിസ്ത്യാനിയുമായി, നായരായി, ഈഴവനായി. ജനാധിപത്യം മനുഷ്യന്റെ ചിന്തയിലേക്കു പ്രവേശിച്ചില്ല. 

ധനവും അധികാരവുമായി ജനാധിപത്യത്തിന്റെ കൊടിയടയാളം. തുല്യത എന്ന സങ്കല്പം ഏട്ടില്‍നിന്നുപോലും എടുത്തുപോയി.ഇക്കഴിഞ്ഞദിവസം ചെറുവത്താനിയിലെ ഉത്സവമായിരുന്നു. നായാടികള്‍ വന്നു. തത്തക്കൂടും തോളിലേറ്റി കുറത്തികള്‍ വന്നു. പല വേഷത്തിലും ഭിക്ഷാടകര്‍ വന്നു. വേഷം പലതാണെങ്കിലും ഫലത്തില്‍ യാചനതന്നെ. വീടിന്റെ ഏതാണ്ടൊരു കിലോമീറ്റര്‍ ദൂരെയുള്ള നായാടിക്കോളനിയില്‍ ഞാന്‍ പലവുരു പോയിട്ടുണ്ട്. 

വെണ്‍മാടങ്ങള്‍ നിറഞ്ഞ ഗ്രാമത്തില്‍ വ്രണംപോലെ തോന്നിച്ചു ആ കോളനി. ഒന്നിനു പുറകെ ഒന്നായി പല മരണങ്ങള്‍ നടന്നു അവിടെ. ആയുര്‍വേദം പോലുള്ള പ്രാചീനവൈദ്യസമ്പ്രദായങ്ങള്‍ പോലും ഇപ്പോഴും അവര്‍ക്കന്യമാവുന്നു. അവര്‍ക്ക് അവരുടെ കോളനിയില്‍ത്തന്നെയും വീടില്ല.

വീടെന്നു പറയാന്‍ ചില അടയാളങ്ങളേയുള്ളൂ. അതെ, അവര്‍ അങ്ങനെയൊക്കെ ജീവിച്ചാല്‍ മതി. വിലപേശാന്‍ ആള്‍ബലമില്ലല്ലോ. പലരും വോട്ടുചെയ്യാന്‍ പോകാറുമില്ല. ഇതുതന്നെയാണ് അട്ടപ്പാടിയിലേയും അവസ്ഥ. ഒരാഴ്ചമുമ്പ് അവിടെ പോയിരുന്നു. ആദിവാസികളുടെ ഉത്സവമായിരുന്നു അന്നവിടെ.

നമ്മുടെ ജനാധിപത്യത്തെ നയിക്കുന്നത് ജാതികളാണെന്നുവരുമ്പോള്‍ വോട്ടിന്റെ എണ്ണത്തില്‍ കുറവുള്ള ജാതിമതസമുദായങ്ങള്‍ വീണുപോകുന്നു. നായാടിക്ക് ഗതി ഭിക്ഷാടനംതന്നെ. ജനാധിപത്യത്തില്‍നിന്ന് നിഷ്‌ക്രമിച്ച സ്‌നേഹവും കാരുണ്യവും പുനഃസ്ഥാപിക്കാന്‍ ഏതെങ്കിലും തിരഞ്ഞെടുപ്പിനു കഴിയുമോ?