BJPആറ് പതിറ്റാണ്ടിന്റെയോ അഞ്ച് വര്‍ഷത്തിന്റെയോ ഭരണ നേട്ടങ്ങളോ കോട്ടങ്ങളോ അല്ല, ഒരു രഹസ്യ ബാന്ധവത്തെ പ്രതിയുള്ള ആരോപണ പ്രത്യാരോപണങ്ങളാണ് കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ ഈ നിര്‍ണായക തെരഞ്ഞെടുപ്പില്‍ ഏറെയും ചര്‍ച്ച ചെയ്തത്.

ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് ഇടതും വലതും പരസ്പരം ആരോപിച്ചു കൊണ്ടേയിരിക്കുന്നു. അരിവാളും കൈപ്പത്തിയും കൈകോര്‍ക്കുന്ന ബംഗാളിലെ സ്ഥിതിവിശേഷം ചൂണ്ടിക്കാട്ടി ബി.ജെ.പിയും തിരിച്ചടിക്കുന്നു. 

വെള്ളാപ്പള്ളി നടേശന്‍ ബി.ജെ.പി പാളയത്തിലെത്തിയതോടെയാണ് സി.പി.എം ഉമ്മന്‍ചാണ്ടിയെയും കോണ്‍ഗ്രസ്സിനെയും കൂടുതല്‍ പഴി ചാരാന്‍ തുടങ്ങിയത്.

കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുന്ന സംഘടിത ന്യൂനപക്ഷ വോട്ടുകളെ ഉന്നം വെച്ചായിരുന്നു ഇത്. വളര്‍ന്നു വരുന്ന 'ബി.ജെ.പി വിപത്തി'നെ നേരിടാന്‍ തങ്ങള്‍ക്ക് മാത്രമേ സാധിക്കൂവെന്ന് ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമം. 

ഇതിന് മറുതന്ത്രമായിരുന്നു കുട്ടനാട്ടില്‍ ഉമ്മന്‍ചാണ്ടി നടത്തിയ അരുവിക്കര മോഡല്‍ പ്രസംഗം. പ്രധാന എതിരാളി ബിജെപിയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

ഇടത് പക്ഷത്തിന് ജയസാധ്യത ഇല്ലാത്തതിനാല്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യണമെന്ന പരസ്യ ആഹ്വാനം. ചുരുക്കത്തില്‍ ബി.ജെ.പിയെ പൊതുശത്രുവായി പ്രഖ്യാപിച്ച് ന്യൂനപക്ഷ വോട്ട് നേടാനാണ് ഇരു മുന്നണികളും ശ്രമിക്കുന്നത്. 

സംഘടനാപരമായി കേരളത്തിലുണ്ടായ വളര്‍ച്ചയ്ക്ക് ആനുപാതികമായ രാഷ്ട്രീയ നേട്ടം തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് ഇതുവരെ ലഭിച്ചിരുന്നില്ല. ഇരു മുന്നണികളിലായി ധ്രുവീകരിക്കപ്പെട്ട കേരളത്തിലെ കക്ഷി രാഷ്ട്രീയവും ന്യൂനപക്ഷ വിരുദ്ധരെന്ന പ്രതിഛായയും ഇതിന് അവര്‍ക്ക് തടസ്സമായിരുന്നു. 

ഹൈന്ദവ ഏകീകരണവും നടന്നില്ല. എന്നാല്‍ ഈ മൂന്ന് പരിമിതികളെയും ശക്തമായി വെല്ലുവിളിച്ചാണ് ബി.ജെ.പി കേരളത്തില്‍ ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇരുമുന്നണികളിലായി വിഭജിക്കപ്പെട്ട കേരള രാഷ്ട്രീയത്തില്‍ അരികുവത്കരിക്കപ്പെട്ട നേതാക്കളെയും കക്ഷികളെയും ചേര്‍ത്ത് ഒരു മൂന്നാം മുന്നണി അവര്‍ സാധ്യമാക്കി. 

വെള്ളാപ്പള്ളിയെയും സി.കെ ജാനുവിനെയും ഉപയോഗിച്ച് ഭൂരിപക്ഷ ഐക്യത്തിന്റെ സന്ദേശം നല്‍കാനും പി.സി തോമസിനെയും ബാദുഷാ തങ്ങളെയും ഉയര്‍ത്തിക്കാട്ടി ന്യൂനപക്ഷ വിരുദ്ധരല്ലെന്ന് തെളിയിക്കാനും അവര്‍ക്ക് സാധിച്ചു. ബി.ജെ.പിയുടെ ഈ വളര്‍ച്ച ഇരുമുന്നണികളും തിരിച്ചറിഞ്ഞിട്ടുണ്ട്. 

നേതാക്കന്മാരുടെ പ്രസ്താവനകളില്‍ നിന്ന് തന്നെ ഇത് വ്യക്തമാണ്. അയിത്തം കല്‍പ്പിച്ച് ബി.ജെ.പിയെ മാറ്റി നിര്‍ത്താന്‍ പരമ്പരാഗതമായി നടത്തുന്ന ന്യൂനപക്ഷ വിരുദ്ധരെന്ന വിമര്‍ശനം ഇരുവരും ആവര്‍ത്തിക്കുന്നത് അതുകൊണ്ടാണ്. 

എന്നാല്‍, മോദിയുടെ കാലത്തെ ബ.ിജെ.പി അതിനെയൊക്കെ അപ്രസക്തമാക്കുന്ന ചില നീക്കങ്ങളാണ് കേരളത്തില്‍ നടത്തിയത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ വന്‍തോതില്‍ ഉള്‍പ്പെടുത്താന്‍ ബി.ജെ.പിക്കു സാധിച്ചു. മലപ്പുറത്ത് തങ്ങള്‍ കുടുംബത്തിലെ ബാദുഷാ തങ്ങള്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായത് വമ്പിച്ച നേട്ടമായി. 

പി.സി.തോമസിന്റെ കേരളാ കോണ്‍ഗ്രസ്സിനെ മുന്‍നിര്‍ത്തി ക്രൈസ്തവ സമൂഹത്തിലും അവര്‍ കടന്നുകയറി. വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്റെ തിരഞ്ഞെടുപ്പ് വേദികളില്‍ പ്രാസംഗികനായും ഗൃഹസമ്പര്‍ക്കത്തില്‍ അനുഗമിച്ചും ഒരു മാസത്തിലധികമായി ഒരു കൃസ്ത്യന്‍ വൈദികനെ കാണാം, ഫാ. ബോബി എബ്രഹാം. 

അദ്ദേഹത്തെപ്പോലെ വേറെയും ക്രൈസ്തവ പുരോഹിതര്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നു. അടുത്തിടെ ദല്‍ഹി മാര്‍ത്തോമാ ചര്‍ച്ച് സെന്ററില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍ ബി.ജെ.പി തൊട്ടുകൂടാത്തവരാണെന്നും സൂക്ഷിക്കണമെന്നും പറഞ്ഞ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയോട് അത് നിങ്ങള്‍ക്കാണെന്നും ഞങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നും ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത തിരുമേനി പറഞ്ഞത് ബി.ജെ.പിക്ക് വലിയ നേട്ടമായി. 

ഇതിനേക്കാളൊക്കെ പ്രധാനപ്പെട്ടതായി ബി.ജെ.പി കാണുന്നത് ആദിവാസികളുടെ അവകാശ പോരാട്ടത്തിന്റെ പര്യായമായ സി.കെ.ജാനു മുന്നണിയിലെത്തിയതാണ്. ഉത്തരേന്ത്യ ചൂണ്ടിക്കാട്ടി ബി.ജെ.പിയെ ദളിത് വിരുദ്ധരെന്നു മുദ്രകുത്തുമ്പോഴാണ് കേരളത്തില്‍ ഇതു സംഭവിച്ചത്. ഉത്തരേന്ത്യന്‍ കുഗ്രാമങ്ങളിലെ സംഭവങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് കേരളത്തില്‍ വിളമ്പിയിരുന്ന എതിരാളികള്‍ക്ക് മുഖമടച്ചുള്ള അടിയാണ് ഇതിലൂടെ നല്‍കിയതെന്ന് ബിജെപി കരുതുന്നു. 

കേരളത്തിലെ ആദിവാസികളുടെ ദുരവസ്ഥയും, അവരുടെ അവകാശ സമരങ്ങള്‍ തച്ചുതകര്‍ത്തതുമുള്‍പ്പെടെയുള്ള നിരവധി യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മറുപടി പറയേണ്ട അവസ്ഥയിലേക്ക് ഇരുമുന്നണികളും പൊടുന്നനെ എത്തിച്ചേര്‍ന്നു. ബി.ജെ.പിയെ അന്ധമായി എതിര്‍ത്തു പോരുന്ന സിവിക് ചന്ദ്രന്‍, ജോയ് മാത്യു എന്നിവര്‍ പോലും ജാനുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ചു. 

ബി.ജെ.പി വരുന്നത് കേരളത്തിന് ആപത്താണെന്ന് എ.കെ.ആന്റണിയുള്‍പ്പെടെ എല്ലാ നേതാക്കളും പറയുന്നത് ഫലത്തില്‍ അവര്‍ക്കു കരുത്താവുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സും സി.പി.എമ്മും ഇതേ പ്രചാരണമാണ് നടത്തിയത്. എന്നാല്‍ ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷം നല്‍കിയാണ് അന്ന് ജനം വിധി എഴുതിയത്. 

ന്യൂനപക്ഷ വിരുദ്ധരാക്കി ചിത്രീകരിച്ച് കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ നിന്നും ബി.ജെ.പിയെ പുറന്തള്ളാന്‍ ഇനി കഴിയില്ലെന്ന് ഇരു മുന്നണികളും മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് നിന്നും കച്ചവടക്കാരായ ഇതര മതസ്ഥരെ ഒഴിപ്പിക്കണമെന്ന് കുമ്മനം പറഞ്ഞതായി ഇടത് പാര്‍ട്ടി പത്രത്തിലാണ് വാര്‍ത്ത വന്നത്. 

ഉമ്മന്‍ചാണ്ടിയും പിണറായി വിജയനും അത് ഏറ്റുപിടിച്ചു. പതിവ് ബി.ജെ.പി നേതാക്കളെപ്പോലെ ആരോപണങ്ങളോട് നിസംഗത പുലര്‍ത്താതെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയ കുമ്മനം ഇരുവര്‍ക്കുമെതിരെ വക്കീല്‍ നോട്ടീസയച്ചു. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും ഒരാളും എതിരാളികളുടെ ആരോപണം ഏറ്റുപിടിക്കാനുണ്ടായില്ലെന്ന് മാത്രമല്ല ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ കുമ്മനത്തിന് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. 

വിമോചന യാത്ര നടത്തിയപ്പോള്‍ കുമ്മനം തന്റെ പ്രസംഗങ്ങളില്‍ ഏറ്റവുമധികം പരാമര്‍ശിച്ചത് ഈ സംഭവമായിരുന്നു. തനിക്ക് മതേതര സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് ബിഷപ്പുമാരെ നികൃഷ്ട ജീവിയെന്നാക്ഷേപിച്ച പിണറായി വിജയനല്ലെന്നും ക്രിസ്ത്യന്‍, മുസ്ലിം സഹോദരങ്ങളാണെന്നുമായിരുന്നു കുമ്മനത്തിന്റെ മറുപടി. മലപ്പുറത്തുള്‍പ്പെടെ പലയിടത്തും ന്യൂനപക്ഷ വിഭാഗങ്ങളെ പരിപാടിക്കെത്തിക്കുന്നതിലും പാര്‍ട്ടി നേതൃത്വം വിജയിച്ചു.

നരേന്ദ്ര മോദിയുടെ വാക്കുകളിലോ പ്രവൃത്തികളിലോ ന്യൂനപക്ഷ വിരുദ്ധത ആരോപിക്കാന്‍ ഇതുവരെ എതിരാളികള്‍ക്ക് സാധിച്ചിട്ടില്ല. പകരം ക്രൈസ്തവ, സൂഫി സമ്മേളനങ്ങളിലെ അദ്ദേഹത്തിന്റെ സാന്നിധ്യം എതിര്‍പ്രചാരണങ്ങളെ തളര്‍ത്തുകയും ചെയ്തു. 

രാജ്യത്ത് ഏറ്റവുമധികം മുസ്ലിം ജനസംഖ്യയുള്ള ജമ്മു കാശ്മീരില്‍ വിജയം നേടാനും പി.ഡി.പിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനും സാധിച്ചു. രാജ്യത്തെ ഒഒരേയോരു മുസ്‌ലിം വനിതാ മുഖ്യമന്ത്രിയായ മെഹബൂബ മുഫ്തി ബി.ജെ.പിയുടെ പിന്തുണയിലാണ് ജമ്മു കാശ്മീര്‍ ഭരിക്കുന്നത്. ആശയപരമായി ഇരു ധ്രുവങ്ങളില്‍ നില്‍ക്കുന്ന പി.ഡി.പിയുമായി ബി.ജെ.പി സര്‍ക്കാരുണ്ടാക്കിയത് ഏത് വിഭാഗങ്ങളെയും പാര്‍ട്ടിക്ക് ഉള്‍ക്കൊള്ളാനാകുമെന്ന പ്രതിഛായ നല്‍കി. 

മുസ്‌ലിം ജനസംഖ്യയില്‍ രണ്ടാമതുള്ള അസാമിലും വന്‍ സ്വീകാര്യതയാണ് ബി.ജെ.പിക്ക് ലഭിക്കുന്നത്.  ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് പ്രത്യേകിച്ച് കത്തോലിക്കാ വിഭാഗത്തിന് സ്വാധീനമുള്ള ഗോവയില്‍ ഭരണം നേടിയത് കേരളത്തിനുള്ള മാതൃകയായാണ് ബിജെപി അവതരിപ്പിക്കുന്നത്. 

റോമന്‍ കത്തോലിക്കനായ ബി.ജെ.പി നേതാവ് ഫ്രാന്‍സിസ് ഡിസൂസയാണ് ഗോവയില്‍ ഏറ്റവുമധികം ഭൂരിപക്ഷത്തില്‍ (10169) ജയിച്ചത്. ഗുജറാത്തിലുള്‍പ്പെടെ മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ ബി.ജെ.പി തുടര്‍ച്ചയായി ജയിക്കുന്നതും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ മുന്നേറ്റവും കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന ജാഗ്രതയും മാറിച്ചിന്തിക്കാന്‍ ന്യൂനപക്ഷങ്ങളെ പ്രേരിപ്പിച്ചിട്ടുണ്ട്. 

സത്യത്തില്‍, ഭൂരിപക്ഷ വര്‍ഗീയ പാര്‍ട്ടിയായി മുദ്രകുത്തപ്പെടുമ്പോഴും ആ വിഭാഗത്തിന്റെ പിന്തുണ ലഭിക്കാതിരിക്കുക എന്ന സാഹചര്യമായിരുന്നു ബിജെപിക്ക് കേരളത്തില്‍ ഇതുവരെ. ആദിവാസി, മത്സ്യത്തൊഴിലാളി  മേഖലകളിലൊന്നും നിര്‍ണായക ശക്തിയായി മാറാന്‍ ബിജെപിക്കു സാധിച്ചിരുന്നില്ല. 

മതേതരമെന്ന് സ്വയം അവകാശപ്പെടുമ്പോഴും ജാതി,മത രാഷ്ട്രീയത്തിന്റെ വക്താക്കളായി പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റ് പാര്‍ട്ടികളുമാണ് ബി.ജെ.പിയെ ന്യൂനപക്ഷ, ഭൂരിപക്ഷ സമൂഹത്തില്‍ നിന്നും ഒരുപോലെ അകറ്റിയത്. ന്യൂനപക്ഷ താല്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയപ്പോള്‍ സാമൂഹ്യനീതി നിഷേധിക്കപ്പെട്ട അവശ പിന്നോക്ക ഹിന്ദു വിഭാഗങ്ങള്‍ ഇടത് പക്ഷത്തോടൊപ്പമാണ് നിലയുറപ്പിച്ചത്. 

കേന്ദ്രത്തിലെ ഭരണമാറ്റം അവസരങ്ങള്‍ അന്വേഷിച്ചിരുന്നവര്‍ക്ക് പിടിവള്ളിയായി. കേന്ദ്രത്തില്‍ മോദി പ്രതിഛായ നേടിയതോടെ മൂന്നാം ബദലിനു കേരളത്തിലും കളമൊരുങ്ങി. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രവീണ്‍ തൊഗാഡിയയോടൊപ്പം കൈ കോര്‍ത്തപ്പോഴാണ് രാഷ്ട്രീയ നിരീക്ഷകര്‍ക്ക് പോലും ഈ അടിയൊഴുക്കിന്റെ ശക്തി പിടികിട്ടിയത്. 

പിന്നോക്കക്കാരനായ മോദിയുടെ പിന്നില്‍ കെ.പി.എം.എസ് ഉള്‍പ്പെടെയുള്ള പട്ടികജാതി സംഘടനകളും വിശ്വാസമര്‍പ്പിച്ചു. ഇതിന്റെയെല്ലാം ആകെത്തുകയായാണ് ഭാരത് ധര്‍മ ജന സേനയെന്ന പുതിയ പാര്‍ട്ടി പിറന്നത്.

പുതിയ രാഷ്ട്രീയ നീക്കം തിരിച്ചടിയാകുമെന്ന് ആദ്യമേ മനസ്സിലാക്കിയത് സി.പി.എം ആണ്. എസ്.എന്‍.ഡി.പിയെ പോലും തകര്‍ക്കാന്‍ അവര്‍ ഇറങ്ങി പുറപ്പെട്ടത് വെള്ളാപ്പള്ളിക്കും ബി.ജെ.പിക്കും കാര്യങ്ങള്‍ എളുപ്പമാക്കി. 

മൈക്രോഫിനാന്‍സിനെതിരെ വി.എസ്. നടത്തിയ കടന്നാക്രമണം തന്റെ രാഷ്ട്രീയ നിലപാടിന് അനുഗുണമാക്കാന്‍ വെള്ളാപ്പള്ളിക്കും സാധിച്ചു. അസംഘടിത സമൂഹത്തിന്റെ പരാധീനതകള്‍ മനസിലാക്കി ആരംഭിച്ച പദ്ധതിയുടെ ഗുണഭോക്താക്കള്‍ സ്ത്രീകളാണെന്നാണ് വെള്ളാപ്പള്ളി തിരിച്ചടിച്ചത്. 

ദേവസ്വം, ശബരിമല വിഷയങ്ങളില്‍ ഹൈന്ദവ സമൂഹത്തില്‍ ഉടലെടുത്ത അതൃപ്തിയും പുരോഗമനത്തിന്റെ പേരില്‍ ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായുള്ള ആശങ്കയും നവസമരങ്ങളെന്ന് വിളിക്കുന്ന ഇത്തരം ഇടപെടലുകള്‍ക്ക് പിന്നില്‍ ഇടത് പക്ഷത്തിന്റെ സജീവ പങ്കാളിത്തമുള്ളതും ഭൂരിപക്ഷ സമൂഹത്തെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന് ബി.ജെ.പി വിലയിരുത്തുന്നു. സെലക്ടീവ് മതവിമര്‍ശനവും ഇരട്ടത്താപ്പുമുള്ള ഇടത് ബുദ്ധിജീവികളാണ് സത്യത്തില്‍ തങ്ങള്‍ക്ക് കൂടുതല്‍ സഹായം നല്‍കുന്നത് എന്നാണ് ബി.ജെ.പിയുടെ പരിഹാസം.

ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളുടെ വിശ്വാസ്യത നേടാന്‍ പാര്‍ട്ടിക്ക് സാധിച്ചിരിക്കുന്നു. ബി.ജെ.പിക്കാരനെന്ന് പറയാന്‍ പ്രവര്‍ത്തകര്‍ പോലും മടിച്ചിരുന്ന കാലത്ത് നിന്നും സമൂഹത്തില്‍ സ്വാധീനമുള്ളവര്‍ ധൈര്യത്തോടെ പാര്‍ട്ടിയെ സ്വീകരിക്കുന്ന നിലയിലേക്ക് അവര്‍ വളര്‍ന്നിരിക്കുന്നു. 

സുരേഷ് ഗോപിയും അലി അക്ബറും ശ്രീശാന്തുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഇനി ബിജെപിയെ വളര്‍ത്തിയതാരെന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പിന് ശേഷം ഇരു മുന്നണികള്‍ക്കും തര്‍ക്കിക്കാം.

(പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമാണ് ലേഖകന്‍)