john-jacob
ജോണ്‍ ജേക്കബ്‌

കേരളരാഷ്ട്രീയ ചരിത്രത്തില്‍ കൗതുകകരമായ ഒരു താടിശപഥമുണ്ട്. 1967-ലെ മൂന്നാം കേരള നിയമസഭ. ഇ.എം.എസ്. സര്‍ക്കാര്‍ നാടുഭരിക്കുന്നു. കുട്ടനാട്ടിലെ കര്‍ഷകനേതാവും കേരള കോണ്‍ഗ്രസ് അംഗവുമായിരുന്ന ഇലഞ്ഞിക്കല്‍ ജോണ്‍ ജേക്കബ് താടി വളര്‍ത്തിത്തുടങ്ങി.

ഇ.എം.എസ്. രാജിവെച്ചാലേ താടിവടിക്കൂ എന്ന ദൃഢപ്രതിജ്ഞയോടെ.620 ദിവസം വാശിയോടെ ആ താടി വളര്‍ന്നു. ഒടുവില്‍ ഇ.എം.എസ്സിന്റെ രാജിക്കുശേഷം അച്യുതമേനോന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത 1969 നവംബര്‍ ഒന്നിന് ജോണ്‍ ജേക്കബ് താടിവടിച്ചു. എടത്വയില്‍ ആര്‍ത്തിരമ്പിയ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ആ ക്ഷൗരം ചരിത്രത്തിലേറി. 

കേരളാ കോണ്‍ഗ്രസ് അധ്യക്ഷനും രണ്ടുവട്ടം മന്ത്രിയുമൊക്കെയായ ജോണ്‍ ജേക്കബ് നിരണത്തെ പ്രശസ്തമായ ഇലഞ്ഞിക്കല്‍ തറവാട്ടിലാണ് ജനിച്ചത്. നിരണം ബേബി എന്നറിയപ്പെട്ട അദ്ദേഹം ഒരു പ്രസ്ഥാനം തന്നെയായിരുന്നു. മര്‍ച്ചന്റ് നേവിയിലും ഇന്ത്യന്‍ കരസേനയിലും ഓഫീസറായി ജോലിചെയ്തശേഷമാണ് രാഷ്ട്രീയത്തിലെത്തിയത്.

അത്  ജ്യേഷ്ഠ സഹോദരനും തിരുകൊച്ചിയില്‍ മന്ത്രിയുമായിരുന്ന ഇ. ജോണ്‍ ഫിലിപ്പോസിന്റെ പ്രേരണയില്‍. ഇവരാണ് നമ്മുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏക മന്ത്രിസഹോദരങ്ങള്‍. 31967-ല്‍ തിരുവല്ലയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം നിയമസഭയില്‍ കേരള കോണ്‍ഗ്രസ്സിന്റെ ഉപനേതാവായിരുന്നു.

 കുട്ടനാട്ടിലെ കര്‍ഷകരെ സംഘടിപ്പിച്ച് ഒരു സേനതന്നെ ഉണ്ടാക്കി അദ്ദേഹം. കൈയില്‍ ഇരുമ്പ് മോതിരം. തലയില്‍ കവുങ്ങിന്‍പാളത്തൊപ്പി. വേഷം ബനിയനും മുണ്ടും. കൈയില്‍ കുറുവടി. ഇതായിരുന്നു ഈ 'നിരണം പട'യുടെ യൂണിഫോം. കൊയ്ത്തില്‍ അവകാശം സ്ഥാപിച്ച മാര്‍ക്‌സിസ്റ്റ് തൊഴിലാളികളെ നേരിടുകയായിരുന്നു സേനയുടെ ലക്ഷ്യം.

1968 ഫിബ്രവരിയില്‍ നടന്ന സംഘര്‍ഷത്തെത്തുടര്‍ന്ന് ജോണ്‍ ജേക്കബ് 12 ദിവസം തടവിലായി. ജയിലില്‍നിന്നിറങ്ങിയ ഉടനെ എടത്വയില്‍ നൂറുകണക്കിന് അനുയായികളെ സാക്ഷി നിര്‍ത്തിയാണ് അദ്ദേഹം താടി പ്രതിജ്ഞയെടുത്തത്.
 
ഇ.എം.എസ്സിന്റെ രാജിക്കുശേഷം വിജയശ്രീലാളിതനായി ജോണ്‍ജേക്കബ് നടത്തിയ ആ മുഖക്ഷൗരത്തെക്കുറിച്ച് 1969-ന് മാതൃഭൂമി പ്രസിദ്ധീകരിച്ച എടത്വാ വാര്‍ത്ത ഇങ്ങനെ: ''ഇന്നു വൈകിട്ട് എടത്വാപള്ളി മൈതാനിയില്‍ സജ്ജമാക്കിയ മനോഹരമായ പ്ലാറ്റ് ഫോമില്‍ വെച്ച് വെളുത്ത താടിരോമങ്ങളുള്ള അദ്ദേഹം ജനങ്ങളുടെ അനുവാദം വാങ്ങിയശേഷം ഷേവ് ചെയ്യുകയും പിന്നീട് പ്ലാറ്റ്ഫോമില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഉയര്‍ന്നുവന്ന ആര്‍പ്പുവിളികളും ഹസ്തതാഡനങ്ങളും മിനിട്ടുകള്‍ നീണ്ടുനിന്നു.'' 

കര്‍ഷകരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് സഭയില്‍ ഉടുപ്പിടാതെ വന്നും ചരിത്രം സൃഷ്ടിച്ചിട്ടുണ്ട് ജോണ്‍ ജേക്കബ്. 1977-ല്‍ കെ. കരുണാകരന്റെ മന്ത്രിസഭയിലും തുടര്‍ന്ന് എ.കെ. ആന്റണിയുടെ മന്ത്രിസഭയിലും ഭക്ഷ്യമന്ത്രിയായിരുന്നു. മന്ത്രിയായിരിക്കെ  1978 സപ്തംബര്‍ 26-ന് അദ്ദേഹം അന്തരിച്ചു.