പ്രഹ്ലാദന്‍ ഗോപാലന്‍, ഇ.പി.ഗോപാലന്‍
പ്രഹ്ലാദന്‍ ഗോപാലന്‍,  ഇ.പി.ഗോപാലന്‍

രണ്ടാം നിയമസഭയില്‍ ആഭ്യന്തരമന്ത്രി പി.ടി.ചാക്കോ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഒറ്റയാള്‍പ്പോരാട്ടം നടത്തിയ പ്രഹ്ലാദന്‍ ഗോപാലന്‍ എന്ന കോണ്‍ഗ്രസ്സുകാരന്‍ എന്നുമൊരു പോരാളിയായിരുന്നു. പ്രഹ്ലാദന്‍ എന്ന പേരുവീണത് അച്ഛനെതിരെ സമരംചെയ്തതിനും.
കണ്ണൂര്‍ വളപട്ടണം വെസ്റ്റ് എല്‍.പി. സ്‌കൂളിന്റെ മാനേജരും അധ്യാപകനുമായിരുന്ന ആര്‍.കുഞ്ഞിരാമന്റെ മകനായിരുന്നു ഗോപാലന്‍.

1938-ല്‍ 16-ാം വയസ്സില്‍ ഗോപാലന്‍ അണ്‍ട്രെയിന്‍ഡ് അധ്യാപകനായി. ശനിയാഴ്ചതോറും നിര്‍ബന്ധമായി പങ്കെടുക്കേണ്ട ഗുരുജനസഭ ചേരുന്നതിനെതിരെ അധ്യാപകസമരത്തില്‍ ഗോപാലനും പങ്കെടുത്തു. സഭാനുകൂലിയായ മാനേജര്‍ കുഞ്ഞിരാമനെ തടഞ്ഞുവെച്ച സമരക്കാരുടെ കൂട്ടത്തില്‍ പ്രഹ്ലാദനും ഉണ്ടായിരുന്നു.

പുരാണത്തിലെ ഹിരണ്യകശിപുവിനെ എതിര്‍ത്ത മകന്‍ പ്രഹ്ലാദനെപ്പോലെ, അച്ഛനെതിരെ സമരംചെയ്തതിനാണ്  ഗോപാലന് പ്രഹ്ലാദന്‍ ഗോപാലനെന്നു പേരുവീണതെന്ന് അദ്ദേഹത്തിന്റെ സഹോദരനും കണ്ണൂര്‍ മുന്‍ ഡി.സി.സി. പ്രസിഡന്റും ഇപ്പോള്‍ കെ.പി.സി.സി. ജനറല്‍സെക്രട്ടറിയുമായ പി.രാമകൃഷ്ണന്‍ ഓര്‍ക്കുന്നു.സമരക്കാരന്‍ മകനെ അച്ഛന്‍ വീട്ടില്‍നിന്നിറക്കിവിട്ടു.

മുംബൈയിലെത്തിയ ഗോപാലന്‍ മലയാളികളെ സംഘടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് ഉണ്ടാക്കി. 1940-ല്‍ നാട്ടില്‍ തിരിച്ചെത്തി. ഗാന്ധിജി ആഹ്വാനംചെയ്ത വ്യക്തിസത്യാഗ്രഹത്തില്‍ പങ്കെടുത്ത് ജയിലിലായി. പിന്നീട് ക്വിറ്റിന്ത്യാസമരത്തിലും പങ്കെടുത്തു. വൃത്തിഹീനമായ ആഹാരം നല്‍കുന്നതില്‍ പ്രതിഷേധിച്ച്  ഗോപാലന്‍ തടവിലും ഉപവാസസമരം നടത്തി.

1960-ലെ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് നേതാവ് കെ.പി.ആര്‍.ഗോപാലനെ പ്രഹ്ലാദന്‍ ഗോപാലന്‍ തോല്‍പ്പിച്ചത് അന്നത്തെ ഏറ്റവും വലിയ അട്ടിമറിവിജയമായിരുന്നു. 1963 ഡിസംബര്‍ എട്ടിന് പീച്ചിയിലേക്കു പോകവേ മന്ത്രി ചാക്കോയുടെ കാറില്‍ ഒരു സ്ത്രീയെക്കണ്ടത് വിവാദമായിരുന്നു.

ഇതിന്റെ അധാര്‍മികത ചൂണ്ടിക്കാട്ടി ചാക്കോ രജിവെയ്ക്കണമെന്നാവശ്യപ്പെട്ടാണ് 1964 ജനവരി 30-ന് ഗോപാലന്‍ സഭാകവാടത്തില്‍ ഒറ്റയ്ക്ക് സത്യാഗ്രഹം നടത്തിയത്. ചാക്കോ രാജിവെച്ചു. കോണ്‍ഗ്രസ് നിയമസഭാ കക്ഷി പിളര്‍ന്നു. അവിശ്വാസപ്രമേയം പാസ്സായതിനാല്‍ സര്‍ക്കാറും രാജിവെച്ചു. സ്വന്തം സര്‍ക്കാറിനെതിരെ ധാര്‍മികസമരം നയിച്ച ഗോപാലനെ വീണ്ടും കോണ്‍ഗ്രസ് മത്സരിപ്പിച്ചു. 

1965 മാര്‍ച്ച് നാലിന് നടന്ന മൂന്നാമത്തെ തിരഞ്ഞെടുപ്പില്‍ കെ.പി.ആര്‍.ഗോപാലനോടു പരാജയപ്പെട്ടു. രണ്ടാം നിയമസഭയില്‍ ഒപ്പമുണ്ടായിരുന്ന കമ്യൂണിസ്റ്റ് നേതാവായ ഇ.പി.ഗോപാലന്‍ ആദ്യസഭയിലുള്‍പ്പെടെ മൂന്നുതവണ അംഗമായെങ്കിലും പ്രഹ്ലാദന്‍ ഗോപാലന് ഒറ്റത്തവണയേ സഭയിലെത്താനായുള്ളൂ.

കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റും സേവാദള്‍ കേരളപ്രദേശ് ബോര്‍ഡ് ചെയര്‍മാനുമൊക്കെയായിരുന്ന അദ്ദേഹം 47-ാം വയസ്സില്‍ 1969 മെയ് 20-ന് മലപ്പുറത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. 1965-ലെ തിരഞ്ഞെടുപ്പില്‍ ഗോപാലന്‍ ജയിച്ചാല്‍പ്പോലും സഭയിലെത്തുമായിരുന്നില്ല. ആ സഭ ചേര്‍ന്നില്ല.