R. Sanker
ആര്‍.ശങ്കര്‍

''ഞാന്‍ ഞെളിഞ്ഞുനടക്കുന്നുവെന്നാണ് ആരോപണം. ഞാന്‍ സ്വല്പം ഞെളിഞ്ഞുതന്നെയാണു നടക്കുന്നത്. അതിനു പരാതിയുണ്ടെങ്കില്‍ എന്നെ സൃഷ്ടിച്ച ബ്രഹ്മാവിനോടാണു പറയേണ്ടത്. എന്റെ നട്ടെല്ല് വളവില്ലാത്തതാണ്. എന്റെ അനാട്ടമി(ശരീരഘടന)തന്നെ അതാണ്.'' തനിക്കെതിരായ അവിശ്വാസപ്രമേയചര്‍ച്ചയ്ക്ക് 1964 സപ്തംബര്‍ എട്ടിന് അന്നത്തെ മുഖ്യമന്ത്രി ആര്‍.ശങ്കര്‍ പറഞ്ഞ മറുപടിയാണിത്.

അനാട്ടമിയല്ല, അവിശ്വാസമാണ് അന്നു ജയിച്ചത്. കേരളചരിത്രത്തില്‍ ഇതുവരെയുണ്ടായ 17 അവിശ്വാസപ്രമേയങ്ങളില്‍ വിജയിച്ച ആദ്യത്തെയും അവസാനത്തെയും പ്രമേയം. മൂന്ന് അവിശ്വാസപ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെട്ട രണ്ടാം നിയമസഭയില്‍ ഭരണമുന്നണിയില്‍ ആടിത്തിമര്‍ത്തത് തികഞ്ഞ അവിശ്വാസം. 

ആദ്യസര്‍ക്കാറിനെ പിരിച്ചുവിട്ടശേഷം രാഷ്ട്രപതിഭരണത്തിലായിരുന്ന കേരളത്തില്‍ വീണ്ടും തിരഞ്ഞെടുപ്പു നടന്നത് 1960 ഫിബ്രവരി ഒന്നിന്. കോണ്‍ഗ്രസ്സും പി.എസ്.പി.യും(പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി) മുസ്ലിം ലീഗും ചേര്‍ന്ന മുന്നണി ഭൂരിപക്ഷംനേടി. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വെറും 29 സീറ്റ്. കോണ്‍ഗ്രസിന് 63, പി.എസ്.പി.ക്ക് 20, ലീഗിന് 11. പി.എസ്.പി.നേതാവ് പട്ടം താണുപിള്ള മുഖ്യമന്ത്രിയായത് കോണ്‍ഗ്രസിലും പി.എസ്.പി.യിലും ചിലര്‍ക്കു രസിച്ചില്ല.

ഭരണമുന്നണിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ഗൂഢാലോചന ഫലിച്ചു. ഒരു സുപ്രഭാതത്തില്‍ പട്ടം താണുപിള്ളയെ പഞ്ചാബ് ഗവര്‍ണറാക്കി അവര്‍ 'നാടുകടത്തി'.  ആര്‍.ശങ്കര്‍ മുഖ്യമന്ത്രിയായി. മുസ്ലിം ലീഗും പി.എസ്.പി.യും പിണങ്ങി പിന്മാറിയതോടെ കോണ്‍ഗ്രസ് ഒറ്റയ്ക്കു ഭരിച്ചു. 

ആരോപണങ്ങളുടെ പെരുമഴയിലായി ശങ്കര്‍. ഭാര്യ പാട്ടത്തിനു ഭൂമി വാങ്ങി, മരുമകന്‍ ട്രക്ക് വാങ്ങി, വേളിയില്‍ 20 ഏക്കര്‍ കായല്‍ നികത്തി, കൈതമുക്കിലെ സ്വര്‍ണപ്പണിക്കാരന്റെ പക്കല്‍ 125 പവന്‍ ആഭരണമുണ്ടാക്കാന്‍ ഏര്‍പ്പാടാക്കി, അങ്ങനെയങ്ങനെ...കാറില്‍ ഒപ്പമൊരു സ്ത്രീയെക്കണ്ടെന്ന ആരോപണത്തില്‍ ആഭ്യന്തരമന്ത്രി പി.ടി.ചാക്കോ രാജിവെച്ചു. ശങ്കര്‍, ചാക്കോയെ തള്ളിപ്പറഞ്ഞു. ചാക്കോ അകാലത്തില്‍ അന്തരിച്ചു. ചാക്കോയുടെ അനുയായികളായ കെ.എം.ജോര്‍ജിന്റെയും ആര്‍.ബാലകൃഷ്ണപിള്ളയുടെയും നേതൃത്വത്തില്‍ 15 കോണ്‍ഗ്രസുകാര്‍ കൂറുമാറി. 

ഇവരുടെ പിന്തുണയോടെ 1964 സപ്തംബര്‍ എട്ടിന് പി.എസ്.പി.യിലെ പി.കെ.കുഞ്ഞിന്റെ അവിശ്വാസപ്രമേയം ലക്ഷ്യംകണ്ടു. സപ്തംബര്‍ പത്തിന് സര്‍ക്കാര്‍ രാജിവെച്ചു. പിന്നെയും രാഷ്ട്രപതിഭരണം. ശങ്കറെ തോല്‍പ്പിച്ച വിമത കോണ്‍ഗ്രസ് സംഘമാണ് മന്നത്തു പത്മനാഭന്റെ ആശീര്‍വാദത്തോടെ പിന്നീട് കേരള കോണ്‍ഗ്രസായത്.