ഒരു ഭരണത്തുടര്‍ച്ച എന്ന യു.ഡി.എഫിന്റെ പ്രതീക്ഷകള്‍ മുഴുവന്‍ ഉമ്മന്‍ ചാണ്ടി എന്ന നേതാവിലാണ്. രമേശ് ചെന്നിത്തല, വി.എം സുധീരന്‍ എന്നിവരും ഘടകകക്ഷി നേതാക്കളും ചേരുന്ന കൂട്ടായ നേതൃത്വം എന്ന് മുന്നണി അവകാശപ്പെടുമ്പോഴും യു.ഡി.എഫിന്റെ പ്രധാനനേട്ടങ്ങളും കോട്ടങ്ങളും ഉമ്മന്‍ ചാണ്ടി എന്ന മനുഷ്യനില്‍ തന്നെയാണ്. വിവാദങ്ങള്‍ വകവെക്കാതെ വികസനപദ്ധതികള്‍ക്ക് വേഗം നല്‍കാനും അതില്‍ ഏറിയ പങ്കും യാഥാര്‍ഥ്യത്തിലേക്ക് എത്തിച്ചതിനും പിന്നില്‍ ഉമ്മന്‍ ചാണ്ടിയുടെ ഇച്ഛാശക്തിയും കഠിനാധ്വാനവുമാണ്. വിദേശത്ത് കുടുങ്ങിപ്പോയ നഴ്‌സുമാരുടെ പ്രശ്‌നമായാലും അങ്ങ് ഇടുക്കിയിലെ പൊമ്പിളൈ ഒരുമയുടെ സമരം തീര്‍ക്കുന്നതിലായാലും ഏത് പ്രതിസന്ധികളിലും അറച്ചുനില്‍ക്കാതെ ഇടപെടും. നയതന്ത്രമികവിലൂടെ പരിഹാരത്തിലെത്തിക്കും. അതാണ് ഉമ്മന്‍ ചാണ്ടി.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഭരണത്തുടര്‍ച്ച നേടുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മിഷന്‍ 676 എന്ന പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചു. അതില്‍ നല്ലൊരുപങ്കും പൂര്‍ത്തിയാക്കി. സര്‍ക്കാരിന്റെ ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നായ കാരുണ്യ ചികിത്സാസഹായം, മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി എന്നീ കരുതല്‍ നടപടികള്‍. ഒപ്പം വന്‍കിട പദ്ധതികളായ കൊച്ചി മെട്രോ, വിഴിഞ്ഞ തുറമുഖം, സ്മാര്‍ട്ട്‌സിറ്റി, കണ്ണൂര്‍ വിമാനത്താവളം എന്നിവയിലുണ്ടാക്കാനായ പുരോഗതി. അടിസ്ഥാനസൗകര്യമേഖലയില്‍ 245 പാലങ്ങള്‍ മികച്ച റോഡുകള്‍, ബൈപ്പാസുകള്‍ എന്നിവ സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നു.

രണ്ട് സീറ്റിന്റെ നേരിയ ഭൂരിപക്ഷം മാത്രമുള്ള സര്‍ക്കാരിനെ അഞ്ച് വര്‍ഷം കൊണ്ടുനടക്കാന്‍ തനിക്കല്ലാതെ മറ്റൊരാള്‍ക്കും കഴിയില്ല എന്ന് മുന്നണിനേതൃത്വത്തെ പലതവണ ഉമ്മന്‍ ചാണ്ടി ബോധ്യപ്പെടുത്തിയ സന്ദര്‍ഭങ്ങള്‍ നിരവധി. വെല്ലുവിളികള്‍ തരണം ചെയ്യുന്നതില്‍ ഉമ്മന്‍ ചാണ്ടിയുടെ വൈഭവം ഈ അഞ്ച് വര്‍ഷത്തിനിടയില്‍ പലതവണ കേരളം കണ്ടു. അപ്പോഴും കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും കേട്ടിട്ടില്ലാത്ത ആരോപണങ്ങള്‍ നേരിട്ടു, ബാര്‍കോഴ അടക്കമുള്ള ആരോപണങ്ങള്‍ അഗ്നിപരീക്ഷയായി.

ഇതെല്ലാമുണ്ടെങ്കിലും വികസനം വോട്ടാകുമെന്ന വിശ്വാസത്തിലാണ് അദ്ദേഹം. ഭരണത്തുടര്‍ച്ച എന്നതിലേക്ക് ചര്‍ച്ച കൊണ്ടുവരാന്‍ പ്രചാരണത്തിന്റെ തുടക്കത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞു. ഫേസ്ബുക്കിനെ മുഖ്യപ്രചാരണ ഇടമായി ഉപയോഗിച്ചു. എതിരാളികള്‍ക്കുള്ള മറുപടികള്‍ ഫേസ്ബുക്കില്‍ ഇടതടവില്ലാതെ വന്നുകൊണ്ടിരുന്നു. ബി.ജെ.പി ശക്തമായ സ്ഥലങ്ങളില്‍ യു.ഡി.എഫും എന്‍.ഡി.എയും തമ്മിലാണ് മത്സരമെന്ന് പ്രസ്താവിച്ച് ചര്‍ച്ചയെ ആ വഴിക്ക് തിരിച്ചു. അതോടെ ന്യൂനപക്ഷ സംരക്ഷകര്‍ തങ്ങളാണ് തെളിയിക്കാന്‍ എല്‍.ഡി.എഫും യു.ഡി.എഫും മത്സരിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്ന് വീണുകിട്ടിയ സൊമാലിയയെ വന്‍വിവാദമാക്കി ഉമ്മന്‍ ചാണ്ടി വീണ്ടും അജണ്ട നിശ്ചയിച്ചു. ഏറ്റവും ഒടുവില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് പ്രധാന മത്സരമെന്ന് പറഞ്ഞാണ് അദ്ദേഹം പ്രചാരണം കൊട്ടിക്കലാശത്തിലെത്തിച്ചത്.