എന്തുകൊണ്ട് കുമ്മനം? കേരളം കഴിഞ്ഞ കുറച്ചുകാലമായി ചോദിച്ചിരുന്ന ചോദ്യമാണിത്. കുറച്ചുകൂടി വ്യക്തമാക്കിയാല്‍, കുമ്മനം രാജശേഖരന്‍ ബിജെപി അധ്യക്ഷനായത് മുതല്‍ എന്നു പറയാം. കേരളത്തിലെ ബിജെപിയെ നയിക്കാന്‍ എന്തുകൊണ്ട് കുമ്മനം നിയുക്തനായി എന്നതാണ് പലരെയും ചിന്തിപ്പിക്കുന്നത്. ശരിയാണ്; ആ തീരുമാനത്തിന് പിന്നില്‍ കേരളത്തിലെ ആര്‍ എസ് എസ് നേതൃത്വത്തിന്റെ ചിന്തയും ബുദ്ധിയുമൊക്കെയുണ്ട്. എന്നാലതിലുപരി കാണേണ്ടത് മോദിയുടെ തീരുമാനമാണ്. 

നരേന്ദ്ര മോദി എങ്ങിനെയാണോ അതുപോലെയാണ് കേരളത്തിന്റെ കുമ്മനവും. രണ്ടുപേരുടെയും ജീവിതത്തില്‍ ഒരുപാട് സമാനതകളുണ്ട്. വളരെയേറെ സാമ്യങ്ങളുണ്ട്. തന്റെ ജീവിതം പോലെയാണ് കുമ്മനത്തിന്റെതും എന്നത് മോദി മനസിലാക്കി എന്നതാണ് പരമാര്‍ഥം. സാധാരണക്കാരനില്‍ സാധാരണക്കാരനായ വ്യക്തിത്വമാണ് മോദി. ഗ്രാമ പ്രദേശത്തെ അത്താഴ പട്ടിണിക്കാരന്റെ മകനായി ജനിച്ച് സാധാരണക്കാരന്റെ എല്ലാ വിഷമങ്ങളും സ്വയം അനുഭവിച്ചയാള്‍. കുടുംബത്തിലെ ദാരിദ്ര്യം കൊണ്ട് പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നയാള്‍. നിത്യനിദാനത്തിനു റെയില്‍വേ സ്റ്റെഷനില്‍ ചായവില്പ്പന നടത്താന്‍ തയ്യാറായ ആള്‍. അങ്ങിനെയുള്ള നേതൃ നിരയിലെത്തുക; അനവധി വര്‍ഷം താന്‍ പിറന്ന നാട്ടിലെ മുഖ്യമന്ത്രിയാവുക... സ്വപ്നമെന്ന നിലക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുക. നിമിത്തമാണ്. എനിക്ക് തോന്നുന്നു നരേന്ദ്ര മോദിയും അങ്ങിനെതന്നെയാവും ചിന്തിക്കുന്നുണ്ടാവുക. 

കുമ്മനത്തെ മനസ്സിലാക്കാന്‍ മോദിയെപ്പോലെ അധികം പേര്‍ക്കു കഴിയുമെന്നു തോന്നുന്നില്ല. കാരണം, ഈ നിലയിലൊക്കെ എത്തുമെന്ന് കരുതിയൊന്നുമല്ല ഇരുവരും പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. ആര്‍ എസ് എസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനാവാനുള്ള മോദിയുടെ തീരുമാനം നോക്കുക. ആര്‍ എസ് എസിന്റെ ഭാഷയില്‍ പ്രചാരകനാവുക. വെളുത്ത വസ്ത്രം ധരിച്ച സന്യാസിമാര്‍ എന്നാണ് പ്രചാരകന്മാരെ സംഘപ്രവര്‍ത്തകര്‍ വിശേഷിപ്പിക്കാറുള്ളത്. സ്വന്തം കുടുംബവുമായുള്ള ബന്ധം വേര്‍പെടുത്തി പ്രസ്ഥാനം പറയുന്നിടത്ത്, നിര്‍ദ്ദേശിക്കുന്ന ചുമതല നിര്‍വഹിക്കുക. എന്തും ഏതും പ്രസ്ഥാനത്തിന്. അങ്ങിനെ സ്വയം സമര്‍പ്പിതരായ ആയിരക്കണക്കിന് പേരുണ്ട് ഇന്ത്യയിലിന്ന്. അക്കൂട്ടത്തിലൊരാളാണ് നരേന്ദ്ര മോദി. സംഘ പ്രസ്ഥാനം അദ്ദേഹത്തിനു വിവിധ ചുമതലകള്‍ നല്കി. അതൊക്കെ സത്യസന്ധമായി നിര്‍വഹിച്ചു. 

കുമ്മനവും അതേ ജീവിതമാണ് നാളിതുവരെ ജീവിച്ചത്. ലളിതമായ ജീവിതം. താന്‍ വിശ്വസിക്കുന്ന ആദര്‍ശത്തിനായി,  പ്രസ്ഥാനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം. കുടുംബവും നാടുമൊക്കെ ഉപേക്ഷിച്ചുള്ള യാത്ര. ചെറുപ്പത്തിലെ ആര്‍ എസ് എസുമായി ബന്ധപ്പെട്ടു. അതിനിടയില്‍ കുറെനാള്‍ പത്രപ്രവര്‍ത്തകന്‍ എന്നനിലക്ക് ജോലി. കേരളത്തിലെ ചില മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. അതിനിടെയാണ് കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ഫുഡ് കോര്‍പ്പറെഷന്‍ ഓഫ് ഇന്ത്യയില്‍ ഉദ്യോഗം ലഭിച്ചത്. അവസാനം പ്രസ്ഥാനം ആവശ്യപ്പെട്ടപ്പോള്‍ അല്ലെങ്കില്‍ തനിക്കുതന്നെ പ്രസ്ഥാനത്തിന്റെ ആവശ്യകത ബോധ്യപ്പെട്ടപ്പോള്‍,  നല്ലൊരു  കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗം രാജിവെച്ച് പ്രചാരകനാവാന്‍ തയ്യാറായ വ്യക്തി.  

kummanam

എനിക്ക് രണ്ടുപേരെയും പരിചയമുണ്ട്. അതാണ് ഈ താരതമ്യത്തിനു മുതിരുന്നത്. 1991 ല്‍ അന്നത്തെ ബിജെപി അധ്യക്ഷന്‍ ഡോ. മുരളി മനോഹര്‍ ജോഷി നയിച്ച ഏകാത്മത യാത്രയുടെ സംയോജകന്‍ എന്നനിലക്ക് കേരളത്തിലെത്തുമ്പോഴാണ്  നരേന്ദ്ര മോദിയുമായി അടുത്തിടപഴകാന്‍ കഴിഞ്ഞത്. കന്യാകുമാരിയില്‍ നിന്ന് ശ്രീനഗറിലെക്കായിരുന്നു ആ രഥയാത്ര. അതിന്റെ മുഴുവന്‍ കാര്യങ്ങളും തീരുമാനിച്ചിരുന്നത് അന്ന് ഗുജറാത്തിലെ ബിജെപിയുടെ സംഘടന സെക്രട്ടറി ആയിരുന്ന മോദിയാണ്. നരച്ചു തുടങ്ങിയ വെളുത്ത പയ്ജാമ; സമാനമായ ജുബ്ബ. നരച്ചുതുടങ്ങിയ താടി. വ്യക്തമായി ചീകാത്ത തലമുടി. തോളില്‍ അതുപോലെ മുഷിഞ്ഞു തുടങ്ങിയത് എന്ന് തോന്നിപ്പിക്കുന്ന ഒരു സഞ്ചി. അതാണ് നരേന്ദ്ര മോദിയുടെ അന്നത്തെ ഏകദേശ രൂപം. ഹിന്ദിയിലാണ് സംസാരം മുഴുവന്‍; ഇംഗ്ലീഷ് പറഞ്ഞാല്‍ മനസിലാകുന്നുണ്ടോ എന്നുപോലും സംശയിക്കെണ്ടുന്ന സ്ഥിതിയായിരുന്നു അന്ന്.  പിന്നീട് അദ്ദേഹത്തെ അടുത്തു പരിചയപ്പെട്ടതു ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന  കാലഘട്ടത്തിലാണ്. (എന്റെ വ്യക്തിപരമായ അടുപ്പത്തെക്കുറിച്ചല്ല മോദിയുടെ വ്യക്തിവിശേഷങ്ങളെ സംബന്ധിച്ചാണിത്). ദല്‍ഹിയില്‍ ആശോക റോഡിലെ ബിജെപി ആസ്ഥാനത്ത് പിന്നിലുള്ള സെര്‍വന്റ് സ്  ക്വാര്‍ട്ടേഴ്‌സ്  താമസസ്ഥലമാക്കിയ മോദി. ദല്‍ഹിയില്‍ കാണാറുള്ള ഒരുസാധാരണ മടക്കു കട്ടില്‍; അതുപോലെ ഒരു കസേര. മൂലയ്ക്ക് ഒരു മേശയില്‍ കുറെയേറെ വാരികകളും പുസ്തകങ്ങളും. ആരുചെന്നാലും സുഖാന്വേഷണങ്ങള്‍ നടത്താനും സംഘടനാ വിഷയങ്ങള്‍ സംസാരിക്കാനും മടിയില്ലാത്ത ദേശീയ നേതാവ്. ആരുടെയും തോളത്തു തട്ടിയും തോളത്തു കയ്യിട്ടും സംസാരിക്കുന്ന സംഘാടകന്‍. രാത്രിയില്‍ അത്യുഷ്ണമാണെങ്കില്‍ മടക്കു കട്ടിലെടുത്തു പുറത്തു കിടക്കാന്‍ മടികാണിക്കാത്ത നേതാവ്. പുലര്‍ച്ചെ എഴുന്നേറ്റ് ഇലക്ട്രിക് ഹീറ്ററില്‍ കട്ടന്‍ ചായ തിളപ്പിച്ച് കൂടെയുള്ളവര്‍ക്ക് കൊടുക്കുന്നയാള്‍. മനസ്സില്‍ പെട്ടെന്ന് തോന്നിയ ചില കാര്യങ്ങള്‍ കുറിച്ചുവെച്ചു എന്നുമാത്രം. 

കുമ്മനത്തെയും എത്രയോ വര്‍ഷമായി അടുത്തറിയാം. അടിയന്തരാവസ്ഥക്ക് മുന്‍പ് കൊച്ചിയില്‍ നിന്ന് രാഷ്ട്രവാര്‍ത്ത എന്നപേരില്‍ ഒരു സായാഹ്ന പത്രം പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ പത്രാധിപസമിതിയില്‍ അദ്ദേഹമുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് പോലീസ് ആ പത്രം അടച്ചുപൂട്ടി; അത് അച്ചടിച്ചിരുന്ന പ്രസും  ജീവനക്കാരെയും മറ്റും പിടികൂടി. ആ കറുത്ത നാളുകള്‍  കഴിഞ്ഞ് കൊച്ചിയില്‍ നിന്ന് പ്രഭാത ദിനപത്രമായി ജന്മഭുമി പ്രസിദ്ധീകരിക്കുന്ന വേളയില്‍ അവിടെയും കുമ്മനമുണ്ട് . അതിനിടെ എഫ് സി ഐയില്‍ ജോലികിട്ടി. അവിടെ ജോലി ചെയ്യുമ്പോഴും വൈകുന്നേരങ്ങളില്‍ ജന്മഭുമിക്കായി നീക്കിവെച്ചിരുന്നയാളാണ്  അദ്ദേഹം. പത്രാധിപ സമിതിയില്‍ അംഗമല്ലെങ്കിലും അതുപോലെ എല്ലാ കാര്യങ്ങളും ചെയ്തശേഷമാണ് മടക്കം. ചില ദിവസങ്ങളില്‍ പത്രം പൊതിഞ്ഞ് അയക്കുന്നതിനു പോലും അദ്ദേഹമുണ്ടായിരുന്നു. അത് അക്കാലത്ത് മാത്രമല്ല. പില്‍ക്കാലത്ത് കുമ്മനം ജന്മഭുമി പത്രത്തിന്റെ പത്രാധിപരായി, മാനേജിംഗ് എഡിറ്ററായി. അങ്ങിനെ അവസാനം ഓര്‍മ്മ ശരിയെങ്കില്‍ എംഡിയും ചെയര്‍മാനുമൊക്കെയായി. അക്കാലത്തും പത്രം പായ്ക്ക് ചെയ്യുന്നിടത്തും മറ്റുമെത്തുന്ന കുമ്മനത്തെ പലപ്പോഴും കണ്ടിട്ടുണ്ട്.  അതൊന്നും ചെറിയതോ മോശപ്പെട്ടതോ ആയ ജോലിയല്ല എന്ന് എല്ലാവരെയും പഠിപ്പിക്കാനും അദ്ദേഹത്തിനായി. 

ഈ വേളയില്‍ ഒരു കാര്യം ഓര്‍മ്മവരുന്നു. മുന് പ്രധാനമന്ത്രി എ ബി വാജ്‌പേയി മാധ്യമ പ്രവര്‍ത്തകരെ കണ്ടവേളയെക്കുറിച്ചാണ് -ഒരു പത്ര സ്ഥാപനത്തിലെ ട്രെയിനീ പത്രലേഖകരടക്കം എല്ലാവരും ഉണ്ട്.  അവരുടെ മുന്നില്‍ താനും ഒരു പത്രപ്രവര്‍ത്തകന്‍ തന്നെ എന്ന് പറഞ്ഞുകൊണ്ടാണ് വാജ്‌പേയി സംസാരം ആരംഭിച്ചത്. അന്ന് എനിക്കും അവിടെയുണ്ടാവാനുള്ള സൗഭാഗ്യം ലഭിച്ചു. ' പത്രപ്രവര്‍ത്തകര്‍ ശരിക്കും ദുഷ്ടന്മാരാണ്. ' അങ്ങിനെയാണ് വാജ്‌പേയി പറഞ്ഞു തുടങ്ങിയത്. ചിലദിവസം ഡസ്‌ക് വെറും നിര്‍ജീവമാവും; പ്രത്യേകിച്ച് ഒരു വാര്‍ത്തയും ഉണ്ടാവില്ല. അപ്പോഴാണ് എവിടെയെങ്കിലും ഒരു അപകടം നടന്നുവെന്നും നൂറുകണക്കിന് ആളുകള്‍ മരിച്ചുവെന്നും വാര്‍ത്തവരുന്നത് . അതോടെ ഡസ്‌ക് ഇളകി മറിയും; എല്ലാവരും സജീവമാവും.. നൂറു കണക്കിന് പേരാണ് മരിച്ചതെങ്കില്‍ സന്തോഷം പിന്നെ സജീവം. മരണ സംഖ്യ കുറഞ്ഞു എന്നുവെക്കുക. അത്രയേ മരണമുള്ളോ, പിന്നെന്തു വാര്‍ത്ത എന്നും പറയും. പിന്നെ തന്റെ പത്രപ്രവര്‍ത്തന ജീവിതത്തെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. ലക്‌നോവില്‍ 'പാഞ്ചജന്യ' യുടെ പത്രാധിപരായിരുന്ന കാലത്തെക്കുറിച്ച്. അന്ന് എഴുതുക മാത്രമല്ല, കല്ലച്ചില്‍ കമ്പോസിങ്ങും ശീലിച്ചു. അച്ചടിക്കാന്‍ പഠിച്ചു; അവസാനം ലക്‌നോ റെയില്‍വേ സ്‌റെഷനില്‍ കൊണ്ടുപോയി ബുക്ക് ചെയ്തു വാരിക അയക്കുന്ന ജോലിയും ചെയ്തു. അതുകൊണ്ട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്തുജോലിയും ചെയ്യാന്‍ തയ്യാറാവണം; എന്തും പഠിക്കാനും ശ്രമിക്കണം ഇതായിരുന്നു വാജ്‌പേയിയുടെ ഉപദേശം. അതൊക്കെ ശിരസാ അംഗീകരിച്ച വ്യക്തിത്വമാണ് മോദി എന്ന് തോന്നിയിട്ടുണ്ട്; സമാനനാണ് കുമ്മനവും.   

നരേന്ദ്ര മോദി പറയുന്നത് കേട്ടിട്ടുണ്ട്: 'നിങ്ങള്‍ നിങ്ങളുടെ പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുക്കൂ; നിങ്ങളുടെ സഹപ്രവര്‍ത്തകരുടെ പ്രയാസങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കൂ. അതിനു പരിഹാരം കാണൂ''.   ഇതാണ് അദ്ദേഹം സംഘടനാ പ്രവര്‍ത്തനത്തില്‍ വ്യാപൃതരായവര്‍ക്ക് നല്‍കാറുള്ള ഉപദേശം. അതേസമയം പൊതുപ്രവര്‍ത്തകരൊട് നിര്‍ദ്ദേശിക്കാറുള്ളത് ജീവിതത്തില്‍ സുതാര്യതയും സത്യസന്ധതയും പുലര്‍ത്തണം എന്നതാണ്; അത് പുലര്‍ത്തിയാല്‍ പോരാ, അത് അങ്ങിനെയാണ് എന്ന് ബഹുജനങ്ങള്‍ക്ക് ബോധ്യമാവുകയും വേണം.  ഇതുതന്നെയാണ് നാമിന്നു കുമ്മനത്തില്‍ ദര്‍ശിക്കുന്നതും. നേരത്തെ സൂചിപ്പിച്ചതുപോലെ ലളിതമായ ജീവിതം; എവിടെച്ചെന്നാലും ആരുടെ വീട്ടില്‍ എത്തിയാലും അതാണ് അദ്ദേഹത്തിനു വീട്;  അവിടെയുള്ളവരാണ് കുമ്മനത്തിനു കുടുംബം. സ്വന്തം ജീവിതത്തിലൂടെ തന്നെ ഒരു വലിയ സന്ദേശം സംഘടനയിലെ എല്ലാവര്‍ക്കും പകര്‍ന്നുനല്കി എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം. അതായത് പൊതുപ്രവര്‍ത്തകന്റെ ജീവിതം എങ്ങിനെയാവണം എന്ന് കേരളത്തിനു കാട്ടിക്കൊടുത്തു. അങ്ങിനെയൊരാള്‍ കേരള രാഷ്ട്രീയ രംഗത്ത് കുറവാവും. അതുകൊണ്ടാണ് കുമ്മനം ശ്രദ്ധിക്കപ്പെടുന്നത്. 

പൊതുരംഗത്തു മാത്രമല്ല, പരിസ്ഥിതി പ്രശ്‌നങ്ങളിലും അദ്ദേഹം സ്വീകരിച്ച പൊതു നിലപാടുകള്‍ കേരളം കണ്ടറിഞ്ഞതാണ്. ആദിവാസി പട്ടികജാതി വിഭാഗങ്ങള്‍ക്കിടയിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു നല്ല പൊതു പ്രവര്‍ത്തകന്‍ എങ്ങിനെയാവണം  എന്ന്  വാജ്‌പേയിയും മോദിയുമൊക്കെ സൂചിപ്പിച്ചത്‌പോലെ തന്നെയാണ്  ലാളിത്യത്തിന്റെ  പര്യായമായ കുമ്മനവും. എന്തുകൊണ്ട് കുമ്മനം, എന്തുകൊണ്ട് ബിജെപി എന്ന് ചോദിച്ചതിനുള്ള ഉത്തരവും അതിലുണ്ട്. 

കേരളത്തിലെ ബിജെപിയെ നയിക്കാന്‍ നിയുക്തനായ കുമ്മനം നാളെകളില്‍ കേരള ജനതയ്ക്ക് തന്നെ സംരക്ഷകനാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നരേന്ദ്ര മോദിയുടെ കണ്ടെത്തല്‍ തെറ്റുകയില്ല. മോദിയുടെ കാല്‍പ്പാടുകളെ പിന്തുടര്‍ന്ന് നീങ്ങുന്ന സന്യാസിതുല്യനായ മറ്റൊരു തേരാളി. നാല് പതിറ്റാണ്ടിലേറെ കാലത്തെ പൊതു പ്രവര്‍ത്തന കാലഘട്ടത്തില്‍ ഒരിക്കല്‍പോലും ഒരു കറുത്ത പൊട്ടു വീണിട്ടില്ലാത്ത കേരളത്തിന്റെ സ്വന്തം കുമ്മനം. കേരളത്തിനു അങ്ങിനെയുള്ള ഒരു നായകനാണ് വേണ്ടത് എന്ന് മോദി തീരുമാനിച്ചു. അതു ശരിയാണ് എന്ന് കേരളം തെളിയിക്കുമോ? കാത്തിരിക്കുകയാണ് കേരളം.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമാണ് ലേഖകന്‍).