പ്രവര്‍ത്തനത്തിലും വാക്കിലും വിട്ടുവീഴ്ചയില്ലാത്ത നേതാവ്, വിവാദങ്ങളോട് സമരസപ്പെടാത്ത ഉറച്ചനിലപാടുകളുള്ള വ്യക്തിത്വം, പിണറായി വിജയന്‍ എന്ന പേരിന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മറിചോദ്യമില്ല, മറിവാക്കില്ല. വിവാദങ്ങളിലും പ്രതിസന്ധിയിലും വിഭാഗിയതയിലും ആടിയുലഞ്ഞ സമയത്ത് നിലപാടുകളില്‍ ഉറച്ച് നിന്ന് പാര്‍ട്ടിയെ പിളര്‍പ്പില്‍ നിന്ന് തടഞ്ഞ നേതൃത്വമായിരുന്നു പിണറായി വിജയന്റേത്. 2011ലോ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഇടത് പക്ഷത്തിനെ വലിയ തോല്‍വിയില്‍ നിന്ന് കരകയറ്റിയത് പിണറായി വിജയന്‍ എന്ന കര്‍ക്കശനായ നേതാവി സി.പി.എമ്മിന് ഉണ്ടായിരുന്നതുകൊണ്ടാണ്. എണ്ണയിട്ട യന്ത്രം പോലെ പാര്‍ട്ടി സംവിധാനത്തെ പിണറായി ചലിപ്പിച്ചിച്ചില്ലായിരുന്നു എങ്കില്‍ വലിയ തോല്‍വി ഇടതിന് നേരിടേണ്ടതായി വരുമായിരുന്നു. 

ഇത്തവണ നേതാവാരെന്ന വെളിപ്പെടുത്തിയിട്ടില്ല എങ്കിലും പിണറായി തന്നെ അധികാരത്തിലെത്തണം എന്നാണ് കടുത്ത പാര്‍ട്ടി അനുഭാവികള്‍ ആഗ്രഹിക്കുന്നത്. കേരളത്തിന്റെ മാറ്റത്തിനായി നിരവധി കര്‍മ്മപദ്ധതികള്‍ നിശ്ചയിച്ചുറച്ചിച്ചാണ് പിണറായി ഇത്തവണ തിരഞ്ഞെടുപ്പ് ഗോദായിലിറങ്ങുന്നത്. എല്‍.ഡി.എഫ്് പ്രകടന പത്രികയില്‍ സമൂലം ഒരു പിണറായി ടച്ച് തന്നെ കാണാം. വൈദ്യുതി, ഭക്ഷണം, പാര്‍പ്പിടം, തൊഴില്‍, വികസനം, വിദ്യാഭ്യാസം, പരിസ്ഥിതി തുടങ്ങിയ കാര്യങ്ങളില്‍ പിണറായിയുട നിലപാടുകള്‍ തീരുമാനിച്ചുറപ്പിച്ചവയാണ്. 

കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തമായ സാന്നിധ്യം ഉള്ള കണ്ണൂര്‍ ജില്ലയിലാണ് വിജയന്‍ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്. അതിന്റെ കാര്‍ക്കശ്യവും കടുംപിടുത്തവും പുറമേക്ക് കാണാനുമുണ്ട്. എന്നാല്‍ ചിരിച്ചുകൊണ്ട് കാടും മലയും പുഴയും കായലും വിറ്റുതുലയ്ക്കുന്നവരേക്കാള്‍ എന്തുകൊണ്ടും പിണറായി തന്നെയാണ് യോഗ്യന്‍. വിവാദങ്ങളില്‍ നിന്നെല്ലാം അഗ്‌നിയില്‍ നിന്ന് ഫിനിക്സ് പക്ഷിയേപ്പോലെ പറന്നുയരുന്ന പിണറായിയേയാണ് നമുക്ക് കാണാനാകുന്നത്. 

തന്റെ നിലപാട് ശരിയോ തെറ്റോ ആകട്ടെ, തനിക്കൊരു നിലപാട് ഉണ്ട് എന്നതും എടുത്ത നിലപാടില്‍ ഉറച്ചു നില്ക്കുന്നു എന്നതുമാണ് പിണറായിയുടെ വ്യക്തിത്വം. 

പിണറായി പാര്‍ട്ടി സെക്രട്ടറിയായിരുന്നില്ലെങ്കില്‍ പാര്‍ട്ടി പിളരുമായിരുന്നെന്നു വിശ്വസിക്കുന്ന പാര്‍ട്ടിക്കാര്‍ ഏറെയുണ്ട്. മറ്റൊന്നുംകൊണ്ടല്ല, ആള്‍ക്കൂട്ടത്തില്‍ കടന്ന് അവരുടെ നേതാവായല്ല പിണറായി വന്നത് എന്നതുകൊണ്ട് തന്നെ. ആള്‍ക്കൂട്ടത്തിന്റെ മന:ശാസ്ത്രം ഉള്‍ക്കൊണ്ടോ, ജനപ്രിയതയുടെ സൂത്രവാക്യങ്ങളിലൂടെയോ അല്ല, മറിച്ച് നിലപാടുകളില്‍ ഉറച്ചു നിന്ന് പൊരുതാമെന്നുള്ള ആത്മവിശ്വാസത്തോടെയാണ് ജനഹൃദയങ്ങളിലേക്ക് പിണറായി എന്ന പേര് എഴുതി ചേര്‍ത്തത്. 

സ്ത്രീ, ദളിത്, ഭൂമിയുടെ രാഷ്ട്രീയങ്ങളില്‍ നിലപാടുകള്‍ വിളിച്ചുപറയാന്‍ കാണിച്ച ആര്‍ജ്ജവം അത് ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. ചെത്തുതൊഴിലാളിയുടെ മകനായി പിറന്ന പിണറായിക്ക് വീറും വാശിയും പൊരുതാനുള്ള കരുത്തും കിട്ടിയത് കുട്ടിക്കാലത്ത് തന്നെ പോറ്റി വളര്‍ത്തിയ, നെയ്ത്ത്‌തൊഴിലാളിയായ ജ്യേഷ്ഠന്‍ കുമാരന്റെ ഹൃദയത്തില്‍ നിന്നും പ്രവൃത്തിയില്‍ നിന്നുമാണ്. നമുക്ക് ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും പിണറായി ഇപ്പോള്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്.