ഓരോ നിയമസഭാതിരഞ്ഞെടുപ്പുഫലവും തിരുവനന്തപുരം ജില്ലയുടെ വിധിയെഴുത്തും തമ്മിൽ അദൃശ്യമായ ഒരു പൊക്കിൾക്കൊടിബന്ധമുണ്ട്. തിരുവനന്തപുരത്തിന്റെ മനസ്സു കീഴടക്കുന്നവർ സംസ്ഥാനത്തിന്റെ ഭരണാധികാരം പിടിക്കും. ഇതിന്റെ യഥാർഥകാരണം സംബന്ധിച്ച് രാഷ്ട്രീയനേതാക്കൾക്കും രാഷ്ട്രീയ നിരീക്ഷകർക്കുമെല്ലാം ഭിന്നാഭിപ്രായങ്ങളുണ്ടെങ്കിലും പലവട്ടം തെളിയിക്കപ്പെട്ട വസ്തുതയായതിനാൽ അദൃശ്യബന്ധം എല്ലാവരും അംഗീകരിക്കും.

ഈ അപൂർവസിദ്ധി, ആർക്കും പിടിനൽകാതെ വഴുതിമാറാനുള്ള തിരുവനന്തപുരത്തുകാരുടെ മെയ്‌വഴക്കമായി പലരും പറഞ്ഞൊഴിയുമെങ്കിലും ഭരണം ലഭിക്കുന്ന മുന്നണിയോട് തിരുവനന്തപുരത്തിനുള്ള ഒരു മമതയുടെ കാരണം ആരും വിശദീകരിക്കാറില്ല. 

ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും ബി.ജെ.പി. നടത്തിയ മുന്നേറ്റത്തോടെ സംസ്ഥാനത്ത് ഒട്ടേറെ മണ്ഡലങ്ങളിൽ ത്രികോണമത്സരം അരങ്ങേറുന്നതായിട്ടാണ് വിശേഷിക്കപ്പെടുന്നതെങ്കിലും അക്ഷരാർഥത്തിലുള്ള ത്രികോണമത്സരം കാണണമെങ്കിൽ തിരുവനന്തപുരത്ത് വരണം.

ശരിക്കും സമഭുജത്രികോണം. നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ് എന്നിവിടങ്ങളിലാണ് ഏതു തരത്തിലുള്ള ഫലപ്രവചചനവും അസാധ്യമാക്കുന്ന രീതിയിൽ മത്സരം കടുക്കുന്നത്. മുൻകാലങ്ങളിലും ചില മണ്ഡലങ്ങളിൽ ബി.ജെ.പി. ത്രികോണമത്സരം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും അതെല്ലാം ഏറെക്കുറെ സ്ഥാനാർഥികളുടെ താരപ്പൊലിമയുടെ പിൻബലത്തിലായിരുന്നു.

എന്നാൽ, കഴിഞ്ഞ ലോക്‌സഭ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളിലും നെയ്യാറ്റിൻകര, അരുവിക്കര ഉപതിരഞ്ഞെടുപ്പുകളിലും ക്രമാനുഗതമായി വോട്ടുവിഹിതം ഉയർത്തിയ ബി.ജെ.പി. ഇക്കുറി തിരുവനന്തപുരത്ത് എല്ലാ മണ്ഡലങ്ങളിലും തങ്ങളുടെ സംഘടനാശേഷിയുടെകൂടി അടിസ്ഥാനത്തിലാണ് മത്സരം ശക്തമാക്കുന്നത്. 

ബി.ജെ.പി. ശക്തിപ്പെടുന്നതിലെ അപകടം ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും പ്രചാരണം. ബി.ജെ.പി.ബന്ധം പരസ്പരം ആരോപിക്കുന്നതിനുപുറമേ ബി.ജെ.പി.യെ ചെറുക്കുന്നത് തങ്ങളാണെന്ന അവകാശവാദം മുഴക്കിയാണ് ഇരുപക്ഷത്തിന്റെയും നിൽപ്പ്.

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ നേമത്ത് യു.ഡി.എഫ്. മൂന്നാംസ്ഥാനത്ത് പോയത് ശ്രദ്ധയിൽപ്പെടുത്തി ബി.ജെ.പി.യെ ചെറുക്കാനുള്ള ശേഷി തങ്ങൾക്കാണെന്ന് എൽ.ഡി.എഫ്. പ്രഖ്യാപിക്കുമ്പോൾ കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. മൂന്നാം സ്ഥാനത്തുപോയത്‌ ഓർമിപ്പിച്ചാണ് യു.ഡി.എഫിന്റെ മറുപടി. 

സംസ്ഥാനസർക്കാറിനെതിരായ അഴിമതിയാരോപണങ്ങളുടെ കെട്ടഴിച്ചാണ് എൽ.ഡി.എഫിന്റെ പ്രചാരണം. ജില്ലയിലെ 14 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും തങ്ങൾക്കൊപ്പം നിൽക്കുമെന്ന ഉറച്ചവിശ്വാസത്തിലാണ് എൽ.ഡി.എഫ്. മാത്രമല്ല, ബി.ജെ.പി. ജില്ലയിൽ അക്കൗണ്ട് തുറക്കില്ലെന്നും അവർ ഉറപ്പിക്കുന്നു. ബി.ജെ.പി. ത്രികോണമത്സരം നടത്തുന്നുവെന്ന മണ്ഡലങ്ങളിലെല്ലാം എൽ.ഡി.എഫ്. ജയിക്കുമെന്നും അവർ അവകാശപ്പെടുന്നു.

കഴക്കൂട്ടത്ത് മത്സരിക്കുന്ന സി.പി.എം. മുൻജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ, നേമത്ത് മത്സരിക്കുന്ന വി. ശിവൻകുട്ടി എം.എൽ.എ., നെടുമങ്ങാട്ട് മത്സരിക്കുന്ന മുൻമന്ത്രി സി. ദിവാകരൻ തുടങ്ങിയവരാണ് എൽ.ഡി.എഫ്. സ്ഥാനാർഥികളിലെ പ്രമുഖർ. വീടുകയറിയുള്ള പ്രചാരണത്തിൽ ഉന്നയിക്കേണ്ട വിഷയങ്ങൾ സംബന്ധിച്ച് പ്രത്യേകം പരിശീലനം നൽകിയ പ്രവർത്തകരെ ഉൾക്കൊള്ളിച്ചാണ് എൽ.ഡി.എഫിന്റെ സ്ക്വാഡ് പ്രവർത്തനം.

നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് പ്രത്യകവിഭാഗവും എൽ.ഡി.എഫ്. സജ്ജമാക്കിയിട്ടുണ്ട്. എൽ.ഡി.എഫും ബി.ജെ.പി.യുമുയർത്തുന്ന സർക്കാറിനെതിരായ വിമർശനങ്ങളെ വികസനനേട്ടങ്ങൾ പറഞ്ഞ് പ്രതിരോധിക്കുകയാണ് യു.ഡി.എഫ്. വിഴിഞ്ഞംപദ്ധതി, കരമന കളയിക്കാവിള റോഡ്‌വികസനം, ടെക്‌നോപാർക്കിന്റെ വികസനം തുടങ്ങിയവയാണ് യു.ഡി.എഫിന്റെ തുറുപ്പുചീട്ടുകൾ.

ഈ വികസനപ്രവർത്തനങ്ങളുടെ പ്രയോജനം ജനങ്ങൾക്ക് നേരിട്ട് അനുഭവവേദ്യമാണെന്നും അവ തങ്ങൾക്ക് നിഷ്പക്ഷരുടെ വോട്ടുകൾ അനുകൂലമാക്കുമെന്നും യു.ഡി.എഫ്. നേതൃത്വം വിശദീകരിക്കുന്നു. കേരളത്തിലെ യു.ഡി.എഫിന്റെ വിജയം ദേശീയതലത്തിൽ ബി.ജെ.പി. വിരുദ്ധമുന്നണിയുടെ ഏകോപനത്തിന് സഹായകമാകുമെന്നും അത്തരമൊരു മുന്നണിക്ക്‌ നേതൃത്വം നൽകാൻ കോൺഗ്രസ്സിനേ കഴിയൂവെന്നുമാണ് യു.ഡി.എഫിന്റെ വീടുകയറിയുള്ള പ്രചാരണത്തിന്റെ കാതൽ.

കോൺഗ്രസ്‌ പരാജയപ്പെട്ടാൽ ദേശീയതലത്തിൽ ബി.ജെ.പി. വിരുദ്ധരാഷ്ട്രീയം ക്ഷീണിക്കുമെന്നും യു.ഡി.എഫ്. ഓർമിപ്പിക്കുന്നു. ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ ബി.ജെ.പി. വിരുദ്ധവോട്ടുകൾ ഇടതുപക്ഷം ഭിന്നിപ്പിച്ചതും അവർ പ്രചാരണവിഷയമാക്കുന്നു. മന്ത്രി വി.എസ്‌. ശിവകുമാർ, സ്പീക്കർ എൻ. ശക്തൻ, ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, കെ. മുരളീധരൻ എം.എൽ.എ., എം.എ. വാഹിദ് എം.എൽ.എ. തുടങ്ങിയവരാണ് യു.ഡി.എഫ്. സ്ഥാനാർഥികളിലെ പ്രമുഖർ.

പാർട്ടിയുടെ മുൻ സംസ്ഥാനപ്രസിഡന്റുമാരായ വി. മുരളീധരൻ, ഒ. രാജഗോപാൽ, പി.കെ. കൃഷ്ണദാസ് എന്നിവരും ഇപ്പോഴത്തെ പ്രസിഡൻറ്‌ കുമ്മനം രാജശേഖരനും മത്സരിക്കുന്ന ജില്ലയെന്നതിൽനിന്ന് തിരുവനന്തപുരത്തിന് ബി.ജെ.പി. നേതൃത്വം നൽകുന്ന പ്രാധാന്യം വ്യക്തം. വീടുകയറിയുള്ള പ്രചാരണത്തിലാണ് ബി.ജെ.പി.യും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇതിന്റെ മേൽനോട്ടവും ഏകോപനവും ആർ.എസ്.എസ്സിനാണ്. വീടുകയറിയുള്ള പ്രചാരണത്തിൽ പശ്ചിമബംഗാളിലെ സി.പി.എം., കോൺഗ്രസ്‌സഖ്യം മുതൽ പ്രാദേശികവിഷയങ്ങൾ വരെ ആയുധമാക്കുന്നുണ്ട്.

ന്യൂനപക്ഷവോട്ടുകൾ ലക്ഷ്യമിട്ടാണ് എൽ.ഡി.എഫും യു.ഡി.എഫും പരസ്പരം ബി.ജെ.പി. ബന്ധം ആരോപിക്കുന്നതെന്നും അവർ വിശദീകരിക്കുന്നുണ്ട്. കഴക്കൂട്ടം, നേമം, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങൾക്കുപുറമേ കോവളം, കാട്ടാക്കട, നെയ്യാറ്റിൻകര, അരുവിക്കര, നെടുമങ്ങാട് എന്നീ മണ്ഡലങ്ങളിലും തങ്ങൾ വൻമുന്നേറ്റം നടത്തുമെന്നും ബി.ജെ.പി. മുന്നണി അവകാശപ്പെടുന്നുണ്ട്. 

തിരഞ്ഞെടുപ്പുപ്രവർത്തനത്തിന് ചൂടുപിടിച്ചു തുടങ്ങിയ ഘട്ടത്തിലുണ്ടായ പരവൂർ വെടിക്കെട്ടു ദുരന്തത്തിൽ വിറങ്ങലിച്ചുപോയ കൊല്ലം ജില്ലയിൽ ഇപ്പോൾ പ്രചാരണം ഉച്ചസ്ഥായിയിലാണ്. മുൻമന്ത്രി കെ.ബി. ഗണേഷ്‌കുമാർ, ജഗദീഷ്, ഭീമൻരഘു, മുകേഷ് എന്നീ നാലു സിനിമാതാരങ്ങളുടെ പോരാണ് കൊല്ലത്തെ പ്രധാനകൗതുകം.

സിനിമക്കാർ രംഗത്തിറങ്ങിയെങ്കിലും മത്സരം ഏറെക്കുറെ രാഷ്ട്രീയാടിസ്ഥാനത്തിലാണെന്നതാണ് കൊല്ലത്തെ മത്സരങ്ങളുടെ പ്രത്യേകത.  കൊല്ലം ജില്ലയിൽമാത്രം സ്വാധീനമുള്ള ആർ.എസ്.പി., കേരളാകോൺഗ്രസ്‌ (ബി) എന്നീപാർട്ടികളുടെ രാഷ്ട്രീയ ഭാഗധേയം നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പാണിത്.

ഈ പാർട്ടികൾ മത്സരിക്കുന്ന ഇരവിപുരം, ചവറ, കുന്നത്തൂർ, പത്തനാപുരം എന്നീ മണ്ഡലങ്ങളിൽ കടുത്ത മത്സരമാണ്. ഈ മണ്ഡലങ്ങളിൽ ഫലം പ്രതികൂലമായാൽ അവരുടെ രാഷ്ട്രീയ പ്രസക്തിതന്നെ ചോദ്യംചെയ്യപ്പെടും. നേരത്തേ പറഞ്ഞ മണ്ഡലങ്ങൾക്കു പുറമേ കുണ്ടറ, കൊല്ലം, ചാത്തന്നൂർ എന്നീ മണ്ഡലങ്ങളിലും ഇപ്പോൾ ഇഞ്ചോടിഞ്ച് മത്സരമാണ്.

ചവറയിലെ മത്സരത്തിന്റെ ചൂട് സ്ഥാനാർഥികളായ മന്ത്രി ഷിബു ബേബിജോണിനും എൻ. വിജയൻപിള്ളയ്ക്കും പരിക്കേല്ക്കുന്ന ഏറ്റുമുട്ടലോളമെത്തി. കേരളത്തിൽ മറ്റൊരിടത്തും ഇത്തരമൊരു സംഭവമുണ്ടായിട്ടില്ല. കോൺഗ്രസ്‌ നേതാവ് രാജ്‌മോഹനുണ്ണിത്താന്റെ സ്ഥാനാർഥിത്വം കുണ്ടറയിലും സൂരജ് രവിയുടെ സ്ഥാനാർഥിത്വം കൊല്ലത്തും മത്സരം കടുപ്പിച്ചു. തലശ്ശേരിയിൽ കോടിയേരി ബാലകൃഷ്ണനെ വെള്ളം കുടിപ്പിച്ച സ്ഥാനാർഥിയെന്ന ഖ്യാതിയുമായാണ് ഉണ്ണിത്താന്റെ വരവ്. 

ജില്ലാനേതൃത്വത്തെ മറികടന്ന് സി.പി.എം. സംസ്ഥാനനേതൃത്വം സ്ഥാനാർഥിയെ നിശ്ചയിച്ച കൊല്ലത്ത് സിനിമാതാരം മുകേഷിനുവേണ്ടി സി.പി.എം. അണിയറയിലെ എല്ലാ ആയുധങ്ങളുമെടുത്ത് പെരുമാറുകയാണ്. പി.കെ. ഗുരുദാസന് സീറ്റ് നിഷേധിക്കപ്പെട്ടത് ജില്ലാ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ ചില അലോസരങ്ങൾക്ക് കാരണമായെങ്കിലും ഏറ്റവും ചിട്ടയായ പ്രവർത്തനമാണ് ഇവിടെ എൽ.ഡി.എഫ്. നടത്തുന്നത്.

മുൻ കാലങ്ങളിൽ നിന്ന്‌ വ്യത്യസ്തമായി കോൺഗ്രസ്സിലും കാര്യമായ തർക്കങ്ങളില്ലാതെ സ്ഥാനാർഥിനിർണയം നടന്നുവെന്നത് യു.ഡി.എഫിനും ആശ്വാസമാണ്. ചടയമംഗലത്തെച്ചൊല്ലി കോൺഗ്രസ്സിലുണ്ടായ തർക്കവും ആദ്യഘട്ടത്തിൽത്തന്നെ പരിഹരിക്കാനായി.

അവിടെ മുൻമന്ത്രിമാരായ മുല്ലക്കര രത്നാകരനും എം.എം. ഹസ്സനും തമ്മിലാണ് കൊമ്പുകോർക്കുന്നത്. ജില്ലയിലെ എല്ലാ സീറ്റുകളിലും ബി.ജെ.പി. മുന്നണി ശക്തമായ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ടെങ്കിലും കടുത്ത ത്രികോണമത്സരം നടക്കുന്നത് കൊട്ടാരക്കര, കുന്നത്തൂർ, ചാത്തന്നൂർ എന്നീ മണ്ഡലങ്ങളിലാണ്. 

എസ്.എൻ.ഡി.പി. യോഗത്തിന് ശക്തമായ വേരുകളുള്ള ജില്ലയിൽ ബി.ഡി.ജെ.എസ്. ചെലുത്തുന്ന സ്വാധീനം ഏതുതരത്തിൽ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് വ്യക്തമല്ല. ബി.ഡി.ജെ.എസ്സിനെ സംബന്ധിച്ച് എൽ.ഡി.എഫിനും യു.ഡി.എഫിനും വ്യത്യസ്തമായ കണക്കുകൂട്ടലുകളാണുള്ളത്. നായർ, ഈഴവ, മുസ്‌ലിം വിഭാഗങ്ങൾക്ക് ജില്ലയിൽ ഏറെക്കുറെ തുല്യസ്വാധീനമാണ്.

ക്രൈസ്തവ വിഭാഗത്തിനും ചില മണ്ഡലങ്ങളിൽ നിർണായകസ്വാധീനമുണ്ട്. കശുവണ്ടിത്തൊഴിലാളികളാണ് ജില്ലയിൽ ഏറ്റവും വലിയ തൊഴിൽവിഭാഗം.  ഇടതുപക്ഷത്തിന്റെ ജില്ലയിലെ സ്വാധീനത്തിന്റെ നട്ടെല്ലും അവരാണ്. കശുവണ്ടിമേഖലയിലെ പ്രശ്നങ്ങൾ എൽ.ഡി.എഫ്. ഇവിടെ പ്രചാരണായുധമാക്കുന്നുണ്ട്. 

പത്തനാപുരം, ചടയമംഗലം, കൊട്ടാരക്കര, പുനലൂർ, ചാത്തന്നൂർ, കുന്നത്തൂർ, കുണ്ടറ, ചവറ എന്നീ മണ്ഡലങ്ങളിൽ എൽ.ഡി.എഫ്. ഇപ്പോഴേ വിജയം പ്രഖ്യാപിക്കുന്നുണ്ടെങ്കിലും കരുനാഗപ്പള്ളി, കുണ്ടറ, കൊല്ലം, ചവറ, ചാത്തന്നൂർ എന്നീ മണ്ഡലങ്ങളിൽ യു.ഡി.എഫും വിജയം അവകാശപ്പെടുന്നുണ്ട്‌. 

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചവറയും പത്തനാപുരവും മാത്രം നൽകി ബാക്കി മൊത്തം സീറ്റുകളും എൽ.ഡി.എഫ്. പിടിച്ചെടുത്തിരുന്നു. ആർ.എസ്.പി.യുടെ മുന്നണിമാറ്റത്തോടെ ഇരവിപുരം എം.എൽ.എ. എ.എ. അസീസ് ഇപ്പോൾ യു.ഡി.എഫ്. സ്ഥാനാർഥിയും കേരളാ കോൺഗ്രസ്‌ (ബി) യു.ഡി.എഫ്. വിട്ടതോടെ പത്തനാപുരം എം.എൽ.എ. കെ.ബി. ഗണേഷ്‌കുമാർ എൽ.ഡി.എഫ്. സ്ഥാനാർഥിയുമാണ്. 

വീടുകൾ കയറിയുള്ള പ്രചാരണത്തിലാണ് വോട്ടുകൾ ഉറപ്പിക്കപ്പെടുന്നതെങ്കിലും പ്രചാരണ വിഷയങ്ങൾ നിശ്ചയിക്കപ്പെടുന്നത് നേതാക്കളിലൂടെയാണ്. അവസാനപാദത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധി, സി.പി.എം. ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി, ബിഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാർ തുടങ്ങിയവരെല്ലാം കേരളത്തിൽ പ്രചാരണം നടത്തുന്നുണ്ട്.

അനുദിനം പുതിയപുതിയ വിഷയങ്ങളാണ് പ്രചാരണരംഗത്തിന് ഇവർ സമ്മാനിക്കുന്നത്. മുൻകാലത്ത് തിരഞ്ഞെടുപ്പുരംഗത്ത് ഏതെങ്കിലും ഒരു പ്രധാനവിഷയമായിരുന്നു നിറഞ്ഞുനിന്നിരുന്നതെങ്കിൽ ഇപ്പോൾ ഒരോ ആഴ്ചയിലും പ്രചാരണവിഷയം മാറുകയാണ്. തുടക്കത്തിൽ സോളാർതട്ടിപ്പും ബാർ കോഴയും സർക്കാറിന്റെ ഭൂമി സംബന്ധമായ വിവാദ തീരുമാനങ്ങളുമാണ് പ്രചാരണരംഗത്തുനിറഞ്ഞുനിന്നത്.

എന്നാൽ, പിന്നീട് വി.എസ്സിനെതിരായ പാർട്ടിതല അച്ചടക്കനടപടിയും വെടിക്കെട്ടപകടവും പി. ജയരാജന്റെ പ്രസംഗവും ബി.ജെ.പി. ബന്ധവും ഏറ്റവുമൊടുവിൽ പെരുമ്പാവൂരിലെ ദാരുണമായ കൊലപാതകത്തിലെ പ്രതികളെ പിടികൂടുന്നതിലെ പോലീസിന്റെ വീഴ്ചയുമാണ് പ്രചാരണായുധങ്ങൾ.