electionകല്ലിനിടയിലെ മണ്ണും എല്ലിനിടയിലെ ഇറച്ചിയും നല്ലതാണെന്ന് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ പറയാറുണ്ട്. നല്ല കരിങ്കല്ലുള്ള പ്രദേശങ്ങളാണിത്. ഏറ്റവും കൂടുതൽ ക്വാറികളുള്ളതും ഇവിടെത്തന്നെ. കല്ലിനിടയിലെ മണ്ണ് ഫലപുഷ്ടിയുള്ളതുമാണ്. ഇടുക്കിജില്ലയിലാണ് ഭൂമിയുമായി ബന്ധപ്പെട്ട വലിയവിവാദം നീറിപ്പുകയുന്നത്.

നിലവിൽ കൃഷിചെയ്തുകൊണ്ടിരിക്കുന്ന പല പ്രദേശങ്ങളും കസ്തൂരിരംഗൻ റിപ്പോർട്ടുപ്രകാരം പരിസ്ഥിതിലോലമെന്നു പ്രഖ്യാപിച്ചതാണ് പ്രശ്നം. ഇവിടങ്ങളിൽ നിർമാണത്തിനും മറ്റും നിയന്ത്രണം വരുമെന്ന് ജനം ഭയപ്പെടുന്നു. പ്രചാരണത്തിനിടെ, ഇതേച്ചൊല്ലി ആരോപണപ്രത്യാരോപണങ്ങൾ ഉയരുന്നു. ഈ മേഖലയെ പ്രധാനമായി ബാധിച്ച മറ്റൊരുപ്രശ്നം റബ്ബർ വിലയിടിവാണ്.

കോൺഗ്രസും കേരളാകോൺഗ്രസും ഒറ്റക്കെട്ടായിനിന്നാൽ മൂന്നു ജില്ലകളിലെ ഭൂരിപക്ഷം സ്ഥലങ്ങളിലും യു.ഡി.എഫിന്റെ കൊടിതന്നെ ഉയർന്നുപാറും. അവർക്കിടയിൽ വിള്ളൽവീണാൽ കൈതളരും. രണ്ടില വാടും. മണ്ഡലങ്ങൾ ചുവക്കും. ഇത്തവണ, പ്രശ്നങ്ങൾ പരിഹരിച്ച് ഐക്യത്തോടെ കളത്തിലിറങ്ങിയതിന്റെ ആവേശം യു.ഡി.എഫിനുണ്ട്.

കേരളാ കോൺഗ്രസ്സിൽനിന്ന്  ജനാധിപത്യ കേരളാകോൺഗ്രസ് രൂപംകൊണ്ടതിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. അതിന്റെ നേതാക്കൾ മൂന്നിടത്ത് ജനവിധി തേടുന്നു. അവരുടെ വരവ് ഇടതുപക്ഷത്തിനു നേട്ടമാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ, അതുകൊണ്ടുമാത്രം യു.ഡി.എഫിനെ കട്ടയ്ക്കുകട്ടയ്ക്ക് നേരിടാൻ എൽ.ഡി.എഫിനുകഴിയില്ല.

ബി.ജെ.പി.-ബി.ഡി.ജെ.എസ്. സഖ്യത്തിന്റെ മുന്നേറ്റം ജില്ലകളിലെ ചില മണ്ഡലങ്ങളിൽ ഫലപ്രവചനം അസാധ്യമാക്കുന്നു. ബി.ഡി.ജെ.എസ്. മത്സരിക്കുന്ന മണ്ഡലങ്ങളിൽ എൻ.ഡി.എ.സഖ്യത്തിന്റെ വോട്ടുവിഹിതം ഇരട്ടിയിലേറെയാകുമെന്ന് പ്രവർത്തകർ പറയുന്നു.  

ബി.ഡി.ജെ.എസ്സിന്റെ കുടത്തിലെ വെള്ളംകൊണ്ട് താമര കൂടുതൽതുടുത്താൽ ക്ഷീണം വലത്തോ ഇടത്തോ എന്ന ചോദ്യത്തിനുള്ള ഉത്തരംതേടുന്ന തിരഞ്ഞെടുപ്പാണിത്.

കോട്ടയത്ത് യു.ഡി.എഫിന് മേൽക്കൈ

കോട്ടയം ജില്ലയിൽ കഴിഞ്ഞതവണ ഒൻപത് മണ്ഡലങ്ങളിൽ ഏഴും യു.ഡി.എഫ്. നേടിയിരുന്നു. ഇത്തവണ, ജനാധിപത്യ കേരളാകോൺഗ്രസിന്റെ വരവ് എൽ.ഡി.എഫിന് ഗുണമായിട്ടുണ്ട്. റബ്ബർവിലയിടിവും അനുബന്ധപ്രശ്നങ്ങളുമാണ് പ്രധാനചർച്ചാവിഷയം.

തദ്ദേശസ്ഥാപനങ്ങളിലേറെയും ഭരിക്കുന്നത് യു.ഡി.എഫ്. പഞ്ചായത്തുകളിൽ നൂറിലേറെ അംഗങ്ങളെ ജയിപ്പിച്ചതിന്റെ ബലത്തിലാണ് ബി.ജെ.പി.സഖ്യം.  ജില്ലയിൽ ഏറ്റവും ശക്തമായ മത്സരം നടക്കുന്നത് പൂഞ്ഞാർ, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി മണ്ഡലങ്ങളിലാണ്‌. പൂഞ്ഞാറിലേത് ചതുഷ്കോണം കൂടിയാണ്.

സർവതന്ത്രസ്വതന്ത്രനായി, സിറ്റിങ് എം.എൽ.എ. പി.സി. ജോർജ്, മുന്നണികൾക്ക് വെല്ലുവിളി ഉയർത്തുന്നു. ജനാധിപത്യകേരളാകോൺഗ്രസ്സിലെ പി.സി. ജോസഫാണ് ഇടതുമുന്നണി സ്ഥാനാർഥി. കേരളാകോൺഗ്രസ് എമ്മിലെ ജോർജുകുട്ടി ആഗസ്തി യു.‍‍ഡി.എഫിന്റെയും ബി.ഡി.ജെ.എസ്സിലെ എം.ആർ. ഉല്ലാസ് എൻ.ഡി.എ.യുടെയും സ്ഥാനാർഥികൾ.  

ഏറ്റുമാനൂരിലും കടുത്തമത്സരം. സി.പി.എമ്മിന്റെ സിറ്റിങ് എം.എൽ.എ. സുരേഷ് കുറുപ്പും കേരളാകോൺഗ്രസ് എമ്മിലെ തോമസ് ചാഴിക്കാടനും ബി.ഡി.ജെ.എസ്സിലെ എ.ജി. തങ്കപ്പനുമാണ് ഏറ്റുമുട്ടുന്നത്. ചങ്ങനാശ്ശേരിയിൽ ജനാധിപത്യകേരളാ കോൺഗ്രസ്സിന്റെ ഡോ. കെ.സി. ജോസഫ് പ്രതീക്ഷയിലാണ്. സിറ്റിങ് എം.എൽ.എ. കേരളാകോൺഗ്രസ് നേതാവ് സി.എഫ്. തോമസിനും ജയിക്കുമെന്നതിൽ സംശയമില്ല.

ഏറ്റുമാനൂർ രാധാകൃഷ്ണനാണ് ബി.ജെ.പി. സ്ഥാനാർഥി. ജില്ലയിൽ പ്രചാരണരംഗത്ത് യു.ഡി.എഫിന് മേൽക്കൈയുണ്ട്. എന്നാൽ, കഴിഞ്ഞതവണത്തേതിനെക്കാൾ പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. ബി.ഡി.ജെ.എസ്സുമായുള്ള സഖ്യം വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബി.ജെ.പി.യും കരുതുന്നു.

സിറ്റിങ് എം.എൽ.എ.മാരായ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രി കെ.എം. മാണി, മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ഡോ. എൻ. ജയരാജ് എന്നിവർ യഥാക്രമം പുതുപ്പള്ളി, പാലാ, കോട്ടയം, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ യു.ഡി.എഫിനായി ജനവിധി തേടുന്നു. 

പത്തനംതിട്ടയിൽ തുല്യശക്തികളുടെ പോര്
 

പത്തനംതിട്ടയിൽ അഞ്ചു മണ്ഡലങ്ങളാണ്. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അനുരണനങ്ങൾ കോന്നി, റാന്നി മണ്ഡലങ്ങളിലുണ്ട്. റബ്ബർവിലയിടിവും ചർച്ചാവിഷയം. കേരളത്തിലേറ്റവും കൂടുതൽ റബ്ബർകൃഷിയുള്ള മണ്ഡലങ്ങളിലൊന്നാണ് റാന്നി. പത്തനംതിട്ടയിൽനിന്ന് ഏറെപ്പേർ അന്യദേശങ്ങളിൽ ജോലിചെയ്യുന്നു. അവരെ ബാധിക്കുന്ന പ്രശ്നങ്ങളും പ്രചാരണവിഷയങ്ങളാണ്.

മുമ്പ് കത്തിനിന്ന, ആറന്മുള വിമാനത്താവളവിവാദം ഇപ്പോൾ കേൾക്കാനേയില്ല. കഴിഞ്ഞതവണ ജില്ലയിലെ മൂന്നുമണ്ഡലങ്ങളിൽ എൽ.ഡി.എഫിനായിരുന്നു ജയം. രണ്ടിടത്ത് യു.ഡി.എഫ്. നേടി. അഞ്ചു സിറ്റിങ് എം.എൽ.എ.മാരും വീണ്ടും മത്സരിക്കുന്നു. റാന്നി, ആറന്മുള എന്നിവിടങ്ങളിൽ ശക്തമായ ത്രികോണമത്സരമാണ്.

കോന്നിയിൽ സിറ്റിങ് എം.എൽ.എ. അടൂർ പ്രകാശിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കാൻ വൈകി. എന്നാൽ, പ്രകാശ് ഇപ്പോൾ പ്രചാരണത്തിൽ ഒപ്പത്തിനൊപ്പമായി. വികസനപദ്ധതികൾ ചൂണ്ടിക്കാട്ടിയാണ് പ്രകാശിന്റെ പ്രചാരണം.

സി.പി.എം. ജില്ലാ സെക്രട്ടേറിയേറ്റംഗം ആർ. സനൽകുമാറാണ് സ്ഥാനാർഥി. ബി.ജെ.പി. സഖ്യം സ്ഥാനാർഥി അഡ്വ. അശോക് കുമാറും ചിട്ടയായ പ്രചാരണത്തിലാണ്. അടൂരിൽ സിറ്റിങ് എം.എൽ.എ. ചിറ്റയം ഗോപകുമാർ എൽ.ഡി.എഫിന്റെയും കെ.കെ. ഷാജു യു.ഡി.എഫിന്റെയും സ്ഥാനാർഥികൾ. അഡ്വ. പി. സുധീറാണ് എൻ.ഡി.എ. സ്ഥാനാർഥി.

റാന്നിയിലും തുല്യശക്തികളുടെ പോരാട്ടം. സിറ്റിങ് എം.എൽ.എ. സി.പി.എമ്മിലെ രാജു എബ്രഹാം അഞ്ചാമൂഴം തേടുന്നു. അദ്ദേഹത്തെ നേരിടാൻ മുൻ എം.എൽ.എ. എം.സി. ചെറിയാന്റെ ഭാര്യയും കെ.പി.സി.സി. സെക്രട്ടറിയുമായ മറിയാമ്മ ചെറിയാനെയാണ് യു.ഡി.എഫ്. രംഗത്തിറക്കിയിട്ടുള്ളത്.  

ബി.ജെ.പി. ദേശീയാധ്യക്ഷൻ അമിത്ഷാ ബി.ഡി.ജെ.എസ്. സ്ഥാനാർഥി കെ. പത്മകുമാറിനായി പ്രചാരണത്തിനെത്തി. ബി.ജെ.പി. പ്രതീക്ഷകൾക്ക് കൂടുതൽ നിറംപകരാനായിരുന്നു ഈ വരവ്. തിരുവല്ലയിൽ സിറ്റിങ് എം.എൽ.എ. എൽ.ഡി.എഫിലെ അഡ്വ. മാത്യു ടി. തോമസിനെ നേരിടുന്നത് യു.ഡി.എഫിലെ ജോസഫ് എം. പുതുശ്ശേരി. ബി.ഡി.ജെ.എസ്. സ്ഥാനാർഥി അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട്.

ഇവിടെ കോൺഗ്രസുമായി നിലനിന്ന ചില തർക്കങ്ങൾ പുതുശ്ശേരിക്ക് തലവേദനയായിരുന്നു. പക്ഷേ, രണ്ട് പാർട്ടികളുടെയും നേതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിച്ചിട്ടുണ്ട്.  ആറന്മുളയിലും ത്രികോണമത്സരം കടുത്തത്. സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ വോട്ടർമാരുള്ള മണ്ഡലമാണ്. ജനസംഖ്യ കുറഞ്ഞതിനാൽ രണ്ടുമണ്ഡലം ഇല്ലാതായ ജില്ലയാണിത്.

സിറ്റിങ് എം.എൽ.എ. കെ. ശിവദാസൻനായർ യു.ഡി.എഫ്. ടിക്കറ്റിൽ വീണ്ടും ജനവിധി തേടുന്നു. മാധ്യമപ്രവർത്തകയായ വീണാ ജോർജ് ഇടതുമുന്നണി സ്ഥാനാർഥി. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനംനടത്തിയ എം.ടി. രമേശ് ബി.ജെ.പി.ക്കായി മത്സരിക്കുന്നു. ചിട്ടയായ പ്രവർത്തനമാണ് ബി.ജെ.പി. നടത്തുന്നത്. ഇവിടെ ജാതി, മതഘടകങ്ങൾ പുതിയ അടിയൊഴുക്കുകൾക്ക് ഇടയാക്കിയിട്ടുണ്ട്.

പട്ടയവും കസ്തൂരിരംഗൻ  റിപ്പോർട്ടും

തൊടുപുഴ, ഇടുക്കി, പീരുമേട്, ഉടുമ്പഞ്ചോല, ദേവികുളം എന്നിവയാണ് ഇടുക്കിയിലെ മണ്ഡലങ്ങൾ. കഴിഞ്ഞതവണ തൊടുപുഴയും ഇടുക്കിയും യു.ഡി.എഫും മറ്റുള്ളവ എൽ.ഡി.എഫുമാണ് നേടിയത്. തദ്ദേശസ്ഥാപനങ്ങളിലേറെയും ഭരിക്കുന്നത് യു.ഡി.എഫാണ്. സി.പി.എം. ജില്ലാ സെക്രട്ടറിയായ കെ.കെ. ജയചന്ദ്രൻ ഒഴിച്ചുള്ള എല്ലാ സിറ്റിങ് എം.എൽ.എ.മാരും മത്സരിക്കുന്നു.

ജയചന്ദ്രനുപകരം ഉടുമ്പഞ്ചോലയിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എം. മണിയെ പോരിനിറക്കി. കസ്തൂരിരംഗൻ റിപ്പോർട്ട്, പട്ടയം എന്നിവയാണ് ഇടുക്കി, ഉടുമ്പഞ്ചോല മണ്ഡലങ്ങളിലെ പ്രധാനചർച്ചാവിഷയങ്ങൾ.
 അന്തിമവിജ്ഞാപനം വരാത്തതിനാൽ കസ്തൂരിരംഗൻ റിപ്പോർട്ട് സംബന്ധിച്ച ആശങ്കകൾ തീരുന്നില്ല.

ജില്ലയിലെ 47 വില്ലേജുകൾ ഇ.എസ്.എ.യിൽപ്പെടുത്തിയതിനെച്ചൊല്ലിയാണ് വിവാദമേറെയും. കേരളം സർവേനമ്പർ അടിസ്ഥാനമാക്കി പരിസ്ഥിതിലോലമെന്ന് വേർതിരിച്ച് ഭൂപടം നൽകിയെങ്കിലും കേന്ദ്രം ഇത് തള്ളി.
ഇ.എസ്.എ.യുടെ അടിസ്ഥാനയൂണിറ്റ് വില്ലേജാകണമെന്നാണ് കേന്ദ്രനിലപാട്.

ഇക്കാര്യത്തിൽ സംസ്ഥാനസർക്കാർ വീഴ്ചവരുത്തിയെന്നാണ് എൽ.ഡി.എഫ്. ആരോപണം. ആകുന്നതെല്ലാം ചെയ്തെന്ന് യു.ഡി.എഫ്. പ്രതികരിക്കുന്നു. പൊമ്പിളൈ ഒരുമൈയുടെ സാന്നിധ്യം ദേവികുളത്തും പീരുമേട്ടിലുമുണ്ട്. തോട്ടംമേഖലയിലെ പ്രശ്നങ്ങളും വോട്ടെടുപ്പിൽ പ്രതിഫലിക്കും.

എ.ഐ.എ.ഡി.എം.കെ. സ്ഥാനാർഥികളും ഇവിടെ വോട്ടുപിടിക്കും.  മുല്ലപ്പെരിയാർ ഡാം സംബന്ധിച്ച വിവാദം ഇന്ന് കേൾക്കുന്നതേയില്ല. തൊട്ടപ്പുറത്ത് തമിഴ്നാട്ടിൽ ഡാമിന് ഉയരംകൂട്ടാൻ ശ്രമിക്കുമെന്ന് പറഞ്ഞാണ് പ്രാദേശികപാർട്ടികൾ വോട്ടുതേടുന്നത്. 

പീരുമേട്, ദേവികുളം മണ്ഡലങ്ങളിൽ ബി.ജെ.പി.യും ബാക്കി മൂന്നിടത്ത് ബി.ഡി.ജെ.എസ്സുമാണ് എൻ.ഡി.എ.യ്ക്കുവേണ്ടി മത്സരിക്കുന്നത്. എല്ലായിടത്തും ഇവർക്ക് വോട്ടുവർധിക്കുമെന്ന് പ്രവർത്തകർ പറയുന്നു.
 ഇടുക്കി, ഉടുമ്പഞ്ചോല മണ്ഡലങ്ങളിൽ ബി.ഡി.ജെ.എസ്. സാന്നിധ്യം ഏതുമുന്നണിയെയാണ് ബാധിക്കുകയെന്നു പ്രവചിക്കാനാവില്ല.

ഈ രണ്ടു മണ്ഡലങ്ങളിലാണ് ഏറ്റവും കടുത്തമത്സരം. തൊടുപുഴയിലെ പ്രചാരണത്തിൽ യു.ഡി.എഫിന് മേൽക്കൈയുണ്ട്. മറ്റു മണ്ഡലങ്ങളിൽ ഒന്നും പറയാറായിട്ടില്ല. സിറ്റിങ് എം.എൽ.എ.മാരായ യു.ഡി.എഫിലെ മന്ത്രി പി.ജെ. ജോസഫ്(തൊടുപുഴ), റോഷി അഗസ്റ്റിൻ(ഇടുക്കി), എൽ.ഡി.എഫിലെ ഇ.എസ്. ബിജിമോൾ(പീരുമേട്), എസ്. രാജേന്ദ്രൻ(ദേവികുളം) എന്നിവർ വീണ്ടും ജനവിധി തേടുന്നു.