electionജനങ്ങൾ മാറ്റമാഗ്രഹിക്കുന്നു എന്ന് സ്ഥാനാർഥികൾ പ്രസംഗിക്കാറുണ്ട്. അവരുടെ ഭാഷയിൽ മാറ്റം എന്നുപറയുന്നത് തികച്ചും ആപേക്ഷികമാണ്. എന്നാൽ, കേരളത്തിലെ ഭരണം എങ്ങനെയെല്ലാം മാറിയാലും തിരഞ്ഞെടുപ്പുഫലത്തിൽ കാര്യമായ മാറ്റം ദൃശ്യമല്ലാത്ത ചില ജില്ലകളുണ്ട്. മലപ്പുറം, കോഴിക്കോട്, പാലക്കാട് എന്നിവ ഈ ഗണത്തിൽപ്പെടുന്നു.

മലപ്പുറം യു.ഡി.എഫിന് കുത്തകയും കോഴിക്കോടും പാലക്കാടും എൽ.ഡി.എഫിന് മേൽക്കൈയുമുള്ള ജില്ലകളാണ്. കഴിഞ്ഞ ഏതാനും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഈ ജില്ലകളിലെ ബലാബലം പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാവും.

സംസ്ഥാനത്ത് ഏറ്റവുമധികം നിയമസഭാ മണ്ഡലങ്ങളുള്ള മലപ്പുറത്ത് കഴിഞ്ഞ തവണത്തെ ഫലത്തിൽനിന്ന് കാര്യമായ മാറ്റം ഇത്തവണ ആരും പ്രതീക്ഷിക്കുന്നില്ല. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ കഴിഞ്ഞ തവണത്തെ ബലാബലത്തിൽ ചെറിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. 

കോഴിക്കോടിന്റെ അങ്കത്തട്ട്

മലബാറിന്റെ ആസ്ഥാനമായ കോഴിക്കോട്ട് തിരഞ്ഞെടുപ്പുചൂട് ഇനിയും പാരമ്യത്തിലെത്തിയിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിനും ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനും മേൽക്കൈ ലഭിച്ചുവരുന്ന കോഴിക്കോട് ജില്ലയിൽ ഇത്തവണ നേരിയ മാറ്റങ്ങൾ ഇടതുവലത്‌ മുന്നണികൾ പ്രതീക്ഷിക്കുന്നു. കുറഞ്ഞത് രണ്ടുമണ്ഡലങ്ങളെങ്കിലും മാറുമെന്നാണ് ഇരുപക്ഷത്തിന്റെയും കണക്കുകൂട്ടൽ. മൂന്നുമണ്ഡലങ്ങളിൽ നല്ല പോരാട്ടം ബി.ജെ.പി.യും നടത്തുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 13 മണ്ഡലങ്ങളിൽ 10-ഉം എൽ.ഡി.എഫിനൊപ്പമായിരുന്നു. യു.ഡി.എഫിനുലഭിച്ച മൂന്നുമണ്ഡലങ്ങളും മുസ്‌ലിം ലീഗ് സ്ഥാനാർഥികൾ മത്സരിച്ചവയാണ്. കോൺഗ്രസ്സിന് കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും ജില്ലയിൽ ഒരു മണ്ഡലത്തിൽപ്പോലും വിജയിക്കാനായില്ല. പക്ഷേ, കഴിഞ്ഞ രണ്ട്‌ ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ്സാണ് ജില്ലയിൽ വിജയിച്ചത്. മാത്രമല്ല, 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ പത്തിലും യു.ഡി.എഫിനായിരുന്നു ഭൂരിപക്ഷം.

ഇത്തവണയും വർധിച്ച ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പുഗോദയിലിറങ്ങിയ ഇടതുമുന്നണിക്ക് വെല്ലുവിളി സൃഷ്ടിക്കാൻ ചില മണ്ഡലങ്ങളിലെങ്കിലും യു.ഡി.എഫിന് കഴിയുന്നു എന്നതാണ് ഒടുവിലത്തെ കാഴ്ച. ഇപ്പോഴുള്ള സീറ്റുകൾ അതേപടി നിലനിർത്താനായാൽ എൽ.ഡി.എഫിന് ഗുണകരമാവും. വടകര, നാദാപുരം, കുറ്റ്യാടി, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂർ, കുന്ദമംഗലം, കോഴിക്കോട് നോർത്ത്, ബേപ്പൂർ എന്നിവയാണ് ഇടതുപക്ഷത്തിന്റെ കൈവശമുള്ള സീറ്റുകൾ. ഇതിൽ വടകരയിൽ ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമല്ല.  

ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമകൂടി മത്സരരംഗത്തെത്തിയതോടെ ഇടതുവോട്ടുകൾ ചോരാവുന്ന വിധത്തിലുള്ള ചതുഷ്കോണ മത്സരമാണ് വടകരയിലിപ്പോൾ. കുന്ദമംഗലം, കൊയിലാണ്ടി, കോഴിക്കോട് നോർത്ത് തുടങ്ങിയ മണ്ഡലങ്ങളിലും നേരത്തേ പ്രതീക്ഷിക്കാത്തവിധം മത്സരം കനത്തിട്ടുണ്ട്. കോഴിക്കോട് സൗത്ത്, കൊടുവള്ളി, തിരുവമ്പാടി എന്നിവയാണ് യു.ഡി.എഫിന്റെ സിറ്റിങ് സീറ്റുകൾ. ഇതിൽ മലയോരമണ്ഡലമായ തിരുവമ്പാടിയിൽ യു.ഡി.എഫ്. സ്ഥാനാർഥി കടുത്തമത്സരം നേരിടുന്നു.

ഇവിടെ രംഗത്തുണ്ടായിരുന്ന യു.ഡി.എഫ്. വിമതനെ അവസാനനിമിഷം പിൻവലിപ്പിക്കാനായത്  യു.ഡി.എഫിന് വലിയ ആശ്വാസമായിട്ടുണ്ട്. കൊടുവള്ളിയിൽ മുസ്‌ലിംലീഗ് വിമതനെയാണ് എൽ.ഡി.എഫ്.  സ്ഥാനാർഥിയാക്കിയത്. മുസ്‌ലിം ലീഗിലെ ഡോ. എം.കെ. മുനീർ മത്സരിക്കുന്ന കോഴിക്കോട് സൗത്തിൽ ഐ.എൻ.എൽ. നേതാവ് പ്രൊഫ. എ.പി. അബ്ദുൾ വഹാബിനെ നിർത്തിയത് ജയംമാത്രം ലക്ഷ്യമാക്കിയാണെന്നും അവർ പറയുന്നു.  

 എന്നാൽ, ഈ മൂന്നുസീറ്റും നിലനിർത്തുമെന്നുമാത്രമല്ല, എൽ.ഡി.എഫിന്റെ കൈയിൽനിന്ന് കുറഞ്ഞത് മൂന്നുസീറ്റെങ്കിലും  പിടിച്ചെടുക്കുമെന്നും യു.ഡി.എഫ്. പറയുന്നു. കുന്ദമംഗലം, കൊയിലാണ്ടി, കോഴിക്കോട് നോർത്ത് തുടങ്ങിയവയാണ് യു.ഡി.എഫ്. ലക്ഷ്യമിടുന്നത്. കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പിലുണ്ടായ മികച്ച വോട്ടുവിഹിതം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. അതിന് ബി.ഡി.ജെ.എസ്സിന്റെ സഹായവുമുണ്ട്. കോഴിക്കോട് നോർത്തിലും കുന്ദമംഗലത്തും പ്രതീക്ഷപുലർത്തുകയും ചെയ്യുന്നു. 

പതിവുതെറ്റാതെ മലപ്പുറം

നിയമസഭാമണ്ഡലങ്ങളുടെ എണ്ണത്തിൽ മാത്രമല്ല,  വോട്ടർമാരുടെയും സ്ഥാനാർഥികളുടെയും എണ്ണത്തിലും മുന്നിലാണ് മലപ്പുറം ജില്ല. യു.ഡി.എഫിന് മാറ്റമില്ലാത്ത പിന്തുണയാണ് മലപ്പുറം എല്ലാകാലത്തും നൽകിവരുന്നത്. യു.ഡി.എഫിലെ മുഖ്യ ഘടകകക്ഷിയായ മുസ്‌ലിംലീഗിന്റെ നെടുങ്കോട്ടയാണിവിടം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ആകെയുള്ള 16 നിയമസഭാ മണ്ഡലങ്ങളിൽ 14-ലും യു.ഡി.എഫ്. നേടി. അതേവിജയം ആവർത്തിക്കുമെന്നുറപ്പിച്ച് അങ്കംകുറിച്ച ലീഗിന് പക്ഷേ, ഇത്തവണ ചില മണ്ഡലങ്ങളിൽ നന്നായി വിയർപ്പൊഴുക്കേണ്ട സ്ഥിതിയാണ്.

മുസ്‌ലിംലീഗിനെതിരെ ഇടതുമുന്നണി സ്വതന്ത്രവേഷത്തിലാണ് സ്ഥാനാർഥികളെ പലരെയും രംഗത്തിറക്കിയത്. ജില്ലയിലെ പകുതി മണ്ഡലങ്ങളിൽ എൽ.ഡി.എഫ്. സ്വതന്ത്രരാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ ലീഗിനെതിരെ മലപ്പുറംജില്ലയിൽ രൂപംകൊണ്ട ‘സാമ്പാർ മുന്നണി’ ഇത്തവണ മറ്റുരൂപത്തിൽ ചില മണ്ഡലങ്ങളിലുണ്ട്. പ്രാദേശിക സ്വാധീനമുള്ള ചില സംഘടനകൾ ഉൾപ്പെട്ട ഈ മുന്നണി മുസ്‌ലിംലീഗിന് തദ്ദേശ തിരഞ്ഞെടുപ്പിൽ ചെറുതല്ലാത്ത തിരിച്ചടിയാണുണ്ടാക്കിയത്.

എന്നാൽ, പാണക്കാട് ഹൈദരലി തങ്ങളുടെയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിൽ ചർച്ചകൾ നടത്തി ലീഗിനുള്ളിലെ അപസ്വരങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമുണ്ടാക്കിയിട്ടുണ്ട്. മുസ്‌ലിംലീഗിന്റെ ഉറച്ച സീറ്റായി കരുതിയിരുന്ന താനൂരിൽ ഇപ്പോൾ പൊരിഞ്ഞ പോരാണ്. ലീഗിലെ സിറ്റിങ് എം.എൽ.എ. അബ്ദുറഹ്മാൻ രണ്ടത്താണി എൽ.ഡി.എഫ്. സ്വതന്ത്രനായ വി. അബ്ദുറഹ്മാനിൽനിന്ന് കടുത്തമത്സരം നേരിടുന്നു.

പെരിന്തൽമണ്ണയിൽ മഞ്ഞളാംകുഴി അലിയും മങ്കടയിൽ ടി.എ. അഹമ്മദ് കബീറും നല്ല മത്സരത്തിലാണ്. കോൺഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് മത്സരിക്കുന്ന നിലമ്പൂരിലും ഇടതുപക്ഷത്തിന്റെ സിറ്റിങ് എം.എൽ.എ.മാരായ പി. ശ്രീരാമകൃഷ്ണനും കെ.ടി. ജലീലും മത്സരിക്കുന്ന പൊന്നാനി, തവനൂർ എന്നിവിടങ്ങളിലും കടുത്ത മത്സരമുണ്ട്. ഇതൊക്കെയാണെങ്കിലും വേങ്ങര, മലപ്പുറം, കൊണ്ടോട്ടി തുടങ്ങി ഒരു ഡസനോളം മണ്ഡലങ്ങളിൽ യു.ഡി.എഫിന്റെ നില ഭദ്രമാണ്.

പാലക്കാടിന്റെ രാഷ്ട്രീയം 
 

വേനൽച്ചൂടിൽ എരിപൊരി കൊള്ളുകയാണ് പാലക്കാട്. 42 ഡിഗ്രിയോളമെത്തിയ കൊടും ചൂടിലും പാലക്കാട്ടെ പതിവുരാഷ്ട്രീയ കാലാവസ്ഥയിൽ പ്രകടമായ മാറ്റം കാണാനാവുന്നില്ല. ആകെയുള്ള 12 നിയമസഭാ മണ്ഡലങ്ങളിൽ ഏഴിടത്ത് എൽ.ഡി.എഫും അഞ്ചിടത്ത് യു.ഡി.എഫുമാണ് കഴിഞ്ഞതവണ ജയിച്ചത്. ഇത്തവണ രണ്ടുസീറ്റുകൾകൂടി തങ്ങളുടെ പക്ഷത്തേക്ക് എത്തുമെന്ന് ഇടതു- വലതു മുന്നണികൾ ഒരുപോലെ കണക്കുകൂട്ടുന്നുണ്ട്. ഒരു സീറ്റ് ബി.ജെ.പി.യും പ്രതീക്ഷിക്കുന്നു.

പാലക്കാടിന്റെ രാഷ്ട്രീയത്തിന് കൂടുതൽ ചായ്‌വ്‌ ഇടത്തോട്ടാണ്. മുഖ്യമന്ത്രിമാരെയും പ്രതിപക്ഷനേതാക്കന്മാരെയും സൃഷ്ടിച്ച ജില്ലയാണിത്. ഇത്തവണയും ജില്ലയിലെ ഏറ്റവും ശ്രദ്ധേയനായ സ്ഥാനാർഥി മലമ്പുഴയിൽ മത്സരിക്കുന്ന 92-കാരനായ വി.എസ്. അച്യുതാനന്ദനാണ്. എതിരാളി കോൺഗ്രസ്സിലെ ഇളമുറക്കാരൻ വി.എസ്. ജോയ്. ലോക്‌സഭാ തിരഞ്ഞെടുപ്പുഫലവും തുടർന്നുവന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമൊക്കെ ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.

എന്നാൽ, ഇരുമുന്നണികളുടെയും ആശങ്ക ബി.ജെ.പി.യുടെ മുന്നേറ്റത്തിലാണ്. പാലക്കാട് നഗരസഭയിൽ ബി.ജെ.പി. ഭരണത്തിലെത്തിയതിന്റെ ഞെട്ടൽ അവർക്ക് ഇതുവരെ മാറിയിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ യഥാർഥ ത്രികോണമത്സരം നടക്കുന്ന മണ്ഡലവും പാലക്കാടാണ്. യു.ഡി.എഫിനുവേണ്ടി സിറ്റിങ് എം.എൽ.എ. ഷാഫി പറമ്പിലും എൽ.ഡി.എഫിനുവേണ്ടി എൻ.എൻ. കൃഷ്ണദാസും ബി.ജെ.പി.ക്കുവേണ്ടി ശോഭ സുരേന്ദ്രനും ഇവിടെ നേരിട്ട് ഏറ്റുമുട്ടുന്നു.

കഴിഞ്ഞതവണ ജയിച്ച പാലക്കാട്, തൃത്താല, പട്ടാമ്പി, മണ്ണാർക്കാട്, ചിറ്റൂർ എന്നീ അഞ്ചുമണ്ഡലങ്ങൾ നിലനിർത്താനായാൽത്തന്നെ യു.ഡി.എഫിന് അതൊരു നേട്ടമായിരിക്കും. അതിന്‌ കഴിയുമോ എന്ന ചോദ്യം ഉയരുമ്പോൾത്തന്നെ നെന്മാറ, കോങ്ങാട് സീറ്റുകൾ എൽ.ഡി.എഫിൽനിന്ന്‌ പിടിച്ചെടുക്കാനാവുമെന്ന ആത്മവിശ്വാസവും അവർ പ്രകടിപ്പിക്കുന്നു. കഴിഞ്ഞതവണ ജയിച്ച ഷൊറണൂർ, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, തരൂർ,  നെന്മാറ, ആലത്തൂർ എന്നിവയ്ക്കുപുറമേ പാലക്കാടും തൃത്താലയും യു.ഡി.എഫിൽനിന്ന് പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്.

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുഫലവും കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പുഫലവുമാണ് ജില്ലയിൽ ഇടതുമുന്നണിക്ക് ഏറ്റവും പ്രതീക്ഷ പകരുന്നത്. പൊന്നാനി ലോക്‌സഭാ  മണ്ഡലത്തിലുൾപ്പെടുന്ന തൃത്താലയുൾപ്പെടെ പതിനൊന്നിടത്ത് ഇടതുമുന്നണി മേൽക്കൈ നേടിയപ്പോൾ. മണ്ണാർക്കാട് നിയമസഭാ മണ്ഡലത്തിലെ ഭൂരിപക്ഷം മാത്രമായിരുന്നു യു.ഡി.എഫിന് ആശ്വാസം. സ്ഥാനാർഥിനിർണയം ഒരു മുന്നണിക്കും വിചാരിച്ചപോലെ എളുപ്പമായിരുന്നില്ല. ഒരുപക്ഷേ, സി.പി.എമ്മിന്റെ ചരിത്രത്തിലാദ്യമായി മേൽക്കമ്മിറ്റികളുടെ നിർദേശങ്ങൾക്കെതിരെ പരസ്യമായ നിലപാടുകളുണ്ടായി. ഒറ്റപ്പാലത്തും ഷൊറണൂരുമായിരുന്നു അപസ്വരങ്ങളേറെ.

തൃത്താലയിലേക്ക്  മൂന്നുതവണയെങ്കിലും പുതിയ പേരുകൾ നിർദേശിക്കേണ്ടിവന്നു. പാർട്ടി കേന്ദ്രകമ്മറ്റിയംഗം എ.കെ. ബാലന് മത്സരിക്കാൻ ചട്ടങ്ങളിൽ ഇളവനുവദിച്ചപ്പോൾ രണ്ടാമൂഴം പൂർത്തിയാക്കി മികച്ച പ്രകടനം കാഴ്ചവെച്ച എം. ഹംസയ്ക്ക് ഒറ്റപ്പാലത്ത് അവസരം നൽകാത്തതും എതിർസ്വരങ്ങൾക്കിടയാക്കി. മലമ്പുഴയിൽ പാർട്ടി നിയമസഭാ മണ്ഡലം സെക്രട്ടറിയെ അവസാനനിമിഷം മാറ്റിയത് ആദ്യഘട്ടത്തിൽ  പ്രതിഷേധമുയർത്തി. 

ബി.ജെ.പി.യിൽ പാലക്കാട് സീറ്റിനെച്ചൊല്ലിയായിരുന്നു  പ്രാദേശികമായി ചില്ലറ അസ്വാരസ്യം. കോൺഗ്രസ്സിൽ ഒറ്റപ്പാലത്തും  കോങ്ങാടും എതിർ ശബ്ദങ്ങളുയർന്നു. ഏതായാലും തിരഞ്ഞെടുപ്പുപ്രചാരണം ചൂടുപിടിച്ചതോടെ അപസ്വരങ്ങളെല്ലാമൊതുങ്ങി. അവ മറ്റേതെങ്കലും തരത്തിൽ അടിയൊഴുക്കായി പരിണമിക്കുമോ എന്ന് കാത്തിരുന്നുകാണാം.