തളിപ്പറന്പ്: ഉമ്മൻചാണ്ടി സർക്കാർ റബ്ബർ ഇറക്കുമതിക്കാരുടെ ഏജൻറാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ കുറ്റപ്പെടുത്തി. തളിപ്പറമ്പിൽ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
   കൃഷിക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുന്നില്ല. കാർഷിക വസ്തുക്കളുടെ വിലയിടിവിനെതിരെ നടപടി സ്വീകരിക്കാൻ ഉത്തരവാദപ്പെട്ട മുഖ്യമന്ത്രി ഇടപെടുന്നില്ല.
പരിപ്പിനും ഉഴുന്നിനുമുൾപ്പെടെ എല്ലാത്തിനും വില കൂടിയിരിക്കുന്നു. മുൻ സർക്കാർ ചെയ്തതുപോലെ അത്യാവശ്യ സാധനങ്ങൾ നീതി സ്റ്റോറിലൂടെയും മാവേലി സ്റ്റോറിലൂടെയും വിതരണം ചെയ്യണം.
     വർഗീയാടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിനെ നേരിടാനാണ് ആദ്യംമുതൽ യു.ഡി.എഫ്. ശ്രമിച്ചത്. ഇടതുപക്ഷ സ്ഥാനാർഥികളെ വിജയിപ്പിച്ചുകൊണ്ട് ജനാധിപത്യരീതിയിൽ ഉമ്മൻചാണ്ടിക്ക് തിരിച്ചടി കൊടുക്കണം- വി.എസ്. പറഞ്ഞു.
        എ.ആർ.സി.നായർ അധ്യക്ഷത വഹിച്ചു. നടൻ ആർ.ജയൻ, പി.കെ.ശ്രീമതി എം.പി, വി.വി.കുഞ്ഞികൃഷ്ണൻ, സി.കെ.നാരായണൻ, സി.വത്സൻ, പി.മുകുന്ദൻ, കെ.ബാലകൃഷ്ണൻ നമ്പ്യാർ എന്നിവരും പ്രസംഗിച്ചു.