പടിഞ്ഞാറത്തറ: ബി.ജെ.പി. തുറന്നുവിട്ട വര്‍ഗീയത അവരെത്തന്നെ തിരിഞ്ഞുകുത്തുകയാണെന്ന് ജനതാദള്‍യു സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. പടിഞ്ഞാറത്തറയിലും മേപ്പാടിയിലും സംഘടിപ്പിച്ച യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  വര്‍ഗീയത ബി.ജെ.പി.യെ തിരിഞ്ഞുകുത്തിയതിന് ഉദാഹരണമാണ് ബി.ജെ.പി. യുടെ മുന്‍ ഉപദേഷ്ടാവും ചിന്തകനുമായ സുധീന്ദ്ര കുല്‍ക്കര്‍ണിക്കെതിരെയുണ്ടായ കരിഓയില്‍ പ്രയോഗം.

പാക്കിസ്താന്‍ മുന്‍ വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മഹമൂദ് കസൂരിയുടെ പുസ്തകപ്രകാശനം മുംബൈയില്‍ നടത്തുന്നതില്‍ പ്രതിഷേധിച്ചായിരുന്നു കുല്‍ക്കര്‍ണിയുടെ മേല്‍ ശിവസേന പ്രവര്‍ത്തകരുടെ കരിഓയില്‍ പ്രയോഗം. വര്‍ഗീയതയെ പുറത്തുവിടാന്‍ എളുപ്പമാണ്. വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. അതാണ് രാഷ്ട്രത്തിന്റെ ശക്തിയും.

ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുവിറച്ചി കഴിച്ചെന്നാരോപിച്ച് ഒരാളെ തല്ലിക്കൊന്നു. നമ്മുടെ അടുക്കളയില്‍ എന്തുണ്ടാക്കണമെന്നും നമ്മള്‍ എന്തു കഴിക്കണമെന്നും തീരുമാനിക്കാന്‍ വരെ ആളുകളുണ്ടായി.

ബീഫ് കഴിക്കുന്നതുനിര്‍ത്തിയാല്‍ മുസ്‌ലിങ്ങള്‍ക്ക് ഇന്ത്യയില്‍ തന്നെ ജീവിക്കാമെന്നാണ് ഒരു കേന്ദ്രമന്ത്രി ഈ സംഭവവുമായി ബന്ധപ്പെട്ട് പറഞ്ഞത്.
ബീഫ് ഫെസ്റ്റിവെല്‍ നടത്തിയ കശ്മീര്‍ എം.എല്‍.എ. അബ്ദുള്‍ റാഷീദിനെ ബി.ജെ.പി. ക്കാര്‍ മര്‍ദിച്ചത് സ്വാഭാവിക പ്രതികരണമായിമാത്രം കണ്ടാല്‍ മതിയെന്നാണ് മറ്റൊരു കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടത്. ഡല്‍ഹിക്കടുത്ത് ദളിത് കുടുംബത്തിലെ രണ്ടുകുട്ടികളെ ഉന്നതജാതിക്കാര്‍ തീവെച്ചുകൊന്നു. ആരെങ്കിലും പട്ടിയെ കല്ലെടുത്തെറിഞ്ഞാല്‍ സര്‍ക്കാര്‍ ഉത്തരവാദിത്തം ഏല്‍ക്കണോ എന്നാണ് കേന്ദ്രമന്ത്രി വി.കെ. സിങ് ഈ സംഭവവുമായി ബന്ധപ്പെട്ട് ചോദിച്ചത്. ഇങ്ങനെ എല്ലാറ്റിനെയും പരസ്യമായി ന്യായീകരിക്കാന്‍ ആളുകളുണ്ടായി.

നവംബര്‍ ഏഴും എട്ടും ഇന്ത്യയുടെ രാഷ്ട്രീയഭാവി നിര്‍ണയിക്കുന്ന ദിനങ്ങളാണ്. കേരളത്തില്‍ നടക്കാനിരിക്കുന്ന ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പു ഫലം നവംബര്‍ ഏഴിനും ബിഹാറില്‍ നടക്കുന്ന നിയമസഭാതിരഞ്ഞെടുപ്പു ഫലം നവംബര്‍ എട്ടിനും പുറത്തുവരും. യാതൊരു സംശയവുമില്ല, കേരളം പറയും ഞങ്ങള്‍ യു.ഡി.എഫിനൊപ്പമാണെന്ന്. ബീഹാര്‍ പറയും ഞങ്ങള്‍ വിശാലമുന്നണിക്കൊപ്പമാണെന്ന്. ബിഹാര്‍ മാറ്റങ്ങള്‍ക്ക് തുടക്കംകുറിക്കുന്ന മണ്ണാണ് വീരേന്ദ്രകുമാര്‍ പറഞ്ഞു.

പടിഞ്ഞാറത്തറയില്‍ കെ.ടി. കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. ജനതാദള്‍യു ജില്ലാ പ്രസിഡന്റ് കെ.കെ. ഹംസ, എം. ഇബ്രാഹിം ഹാജി, എം.വി. ജോണ്‍, കെ.ടി. ശ്രീധരന്‍, പി.കെ. അബ്ദുള്‍ റഹ്മാന്‍, പി.സി. മമ്മൂട്ടി, പി.എം. ജോസ്, പി.ജെ. ജെയ്‌സണ്‍, പി.പി. തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മേപ്പാടിയില്‍ ടി. ഹംസ അധ്യക്ഷത വഹിച്ചു. കെ.എസ്. ബാബു, ബി. സുരേഷ് ബാബു, അഡ്വ. ജോര്‍ജ് പോത്തന്‍, പി. കോമു തുടങ്ങിയവര്‍ സംസാരിച്ചു.