കൊയിലാണ്ടി: നരേന്ദ്ര മോദി രാജ്യംഭരിക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരായിരിക്കുമെന്ന്  ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി അംഗം ഒ. രാജഗോപാല്‍ പറഞ്ഞു. കൊയിലാണ്ടിയില്‍ ബി.ജെ.പി. തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷങ്ങളെ മോദി സര്‍ക്കാര്‍ വേട്ടയാടുന്നുവെന്നത് കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും നടത്തുന്ന കള്ളപ്രചാരണമാണ്. ചില മാധ്യമങ്ങളും ഇതേ പ്രചാരവേല നടത്തുന്നു. ഇതു കൊണ്ടൊന്നും കേന്ദ്രസര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനാവില്ല. മഹാഭൂരിപക്ഷംവരുന്ന ഇന്ത്യന്‍ ജനതയുടെ ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇല്ലാതാക്കാന്‍ പ്രായോഗികനടപടികളാണ് മോദി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. കേരളത്തില്‍നിന്ന് ഒരൊറ്റ എം.പി.യുടെ പോലും പിന്തുണയില്ലാഞ്ഞിട്ടും വിഴിഞ്ഞം പദ്ധതിയ്ക്ക് ഫണ്ട് അനുവദിക്കുന്നതിലോ, ദേശീയപാത വികസനത്തിന് അംഗീകാരം നല്‍കുന്നതിലോ പാലക്കാട് ഐ.ഐ.ടി സ്ഥാപിക്കുന്നതിലോ കേന്ദ്ര സര്‍ക്കാര്‍ ഒരു വിവേചനവും കാണിച്ചിട്ടില്ലെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. അത് ബി.ജെ.പി.ക്ക് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു.

 മണ്ഡലം പ്രസിഡന്റ് വായനാരി വിനോദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.കെ. ജയന്‍, ടി.കെ. പത്മനാഭന്‍, കെ.വി. സുരേഷ് , ജയപ്രകാശ് കായണ്ണ, വി.കെ. മുകുന്ദന്‍, അഖില്‍ പന്തലായനി, ഉദയന്‍ കൊടക്കാട്, ഏ.പി. രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഉണ്ണികുളം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയുന്നതോെട കേരള രാഷ്ട്രീയത്തില്‍ വന്‍മാറ്റം വരുമെന്ന് മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ പറഞ്ഞു. ഉണ്ണികുളം പരപ്പില്‍ ബി.ജെ.പി. കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി. ബി.ജെ.പി. സഖ്യം വന്‍ നേട്ടമുണ്ടാക്കുമെന്നും കേരളത്തില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കരിന്തോറ കൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.വി. രാജന്‍, മണ്ഡലം പ്രസിഡന്റ് എന്‍.പി. രാമദാസ്, രാജേഷ് കായണ്ണ, ത്രിതല പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ എന്നിവര്‍ പ്രസംഗിച്ചു.