കോഴിക്കോട്:  മുസ്‌ലിംലീഗ് വര്‍ഗീയപ്പാര്‍ട്ടിയല്ലെന്ന പിണറായി വിജയന്റെ  നിലപാട് സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വൈകിയെങ്കിലും പിണറായി ഇക്കാര്യം സമ്മതിച്ചല്ലോയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.  കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിന്റെ 'പഞ്ചായത്ത് 2015' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
2കോണ്‍ഗ്രസ്സും ബി.ജെ.പി.യും തമ്മില്‍ തിരഞ്ഞെടുപ്പു സഖ്യമാണെന്ന സി.പി.എമ്മിന്റെ ആരോപണം അവരുടെ പരാജയഭീതി വര്‍ധിച്ചതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പി.ക്ക് എതിരെ പൊരുതുന്നതു കോണ്‍ഗ്രസ്സാണ്. കേരളത്തിലെന്നല്ല, ഇന്ത്യയില്‍ എവിടെയങ്കിലും നടപ്പാകുന്ന സഖ്യമാണോ അത്? അതിന് ആരെങ്കിലും മുതര്‍ന്നാല്‍ അവര്‍ ഈ പാര്‍ട്ടിയില്‍ ഉണ്ടാകുമോ? 1977ലെ തിരഞ്ഞെടുപ്പില്‍ ജനസംഘം രൂപം മാറിയ ജനതാപാര്‍ട്ടിയുമായും 1989ല്‍ വി.പി. സിങ് സര്‍ക്കാറിനെ പിന്തുണയ്ക്കുന്നതിനും 2008ല്‍ യു.പി.എ. സര്‍ക്കാറിനെ താഴെയിറക്കാന്‍ ശ്രമിച്ചതിലും സി.പി.എം. കൂട്ടുകൂടിയത് ആരുമായിട്ടാണെന്ന തന്റെ ചോദ്യത്തിനു മറുപടി പറയാനില്ലാത്തതു കൊണ്ടാണ് പുതിയ ആരോപണം.
  കോണ്‍ഗ്രസ്സും ലീഗും തമ്മിലുള്ള സൗഹൃദമത്സരത്തെക്കുറിച്ചുള്ള ചോദ്യത്തിന് അത് സി.പി.എമ്മും സി.പി.ഐ.യും തമ്മിലുള്ളത്രയും ഇല്ലെന്നായിരുന്നു മറുപടി.