തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയത്തിൽ മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പത്രിക പിൻവലിക്കാനുള്ള സമയം അവസാനിക്കുന്നതോടെ കോൺഗ്രസ്-ലീഗ് തർക്കം തീരും. അതിനുശേഷവും പ്രശ്നമുണ്ടാക്കുന്നവർക്കെതിരെ പാർട്ടി നടപടിയെടുക്കും - കേസരി സ്മാരക ട്രസ്റ്റിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ  ചെന്നിത്തല പറഞ്ഞു.
  കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ 70 ശതമാനം സീറ്റുകളാണ് യു.ഡി.എഫ്. നേടിയത്. ഇക്കുറി നില കൂടുതൽ മെച്ചപ്പെടുത്തും. സർക്കാരിന്റെ ഭരണത്തുടർച്ചയ്ക്ക് തദ്ദേശതിരഞ്ഞെടുപ്പ് വഴിയൊരുക്കും. എൽ.ഡി.എഫിന്റെ അക്രമരാഷ്ട്രീയത്തിനെതിരെയും ബി.ജെ.പി.യുടെ വിദ്വേഷരാഷ്ട്രീയത്തിനെതിരെയും തിരഞ്ഞെടുപ്പിൽ വിധിയെഴുത്തുണ്ടാകും. കൊലക്കേസിൽ പ്രതിയായവർ സി.പി.എമ്മിന്റെ സ്ഥാനാർത്ഥിപ്പട്ടികയിലുണ്ട്. ഇതേക്കുറിച്ച് അച്യുതാനന്ദന്റെ അഭിപ്രായമറിയാൻ താത്പര്യമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.
തദ്ദേശതിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിടാനൊരുങ്ങുകയാണ് ഇടതുമുന്നണി. വടക്കേ ഇന്ത്യയിൽ താത്കാലിക വിജയം നൽകിയ ചില പരീക്ഷണങ്ങൾക്കൊരുങ്ങുകയാണ് ബി.ജെ.പി. അവ കേരളത്തിൽ വിജയിക്കില്ല. വർഗീയതക്കെതിരായ വിധിയെഴുത്ത് തിരഞ്ഞെടുപ്പിലുണ്ടാകും.
    ബി.ജെ.പി.-എസ്.എൻ.ഡി.പി. യോഗം കൂട്ടുകെട്ട് യു.ഡി.എഫിന്‌ ഭീഷണിയല്ല. അതിൽനിന്ന് ലാഭമുണ്ടാക്കുന്നതും യു.ഡി.എഫിന്റെ ലക്ഷ്യമല്ല. എസ്.എൻ.ഡി.പി. യോഗത്തിന്റെ ആവശ്യങ്ങളോട് യു.ഡി.എഫ്. സർക്കാർ ഒരിക്കലും പുറംതിരിഞ്ഞുനിന്നിട്ടില്ല.  സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തുടരന്വേഷണ സാധ്യത ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്.  യോഗത്തിന്റെ മൈക്രോ ഫിനാൻസ് പദ്ധതി സംബന്ധിച്ച് പ്രതിപക്ഷനേതാവിന്റെ പരാതി ആഭ്യന്തര സെക്രട്ടറിക്ക്‌ കൈമാറിയതായും മന്ത്രി അറിയിച്ചു.