തിരുവനന്തപുരം: സ്ഥാനാർഥിനിർണയം പൂർത്തിയായപ്പോൾ ഇടതുമുന്നണിയിൽ പൊതുവെ റിബലുകൾ കുറവ്. എന്നാൽ ഘടകകക്ഷികളുമായുള്ള തർക്കം പലയിടത്തും നിലനിൽക്കുന്നു.       കണ്ണൂരിലെ ആന്തൂരിൽ 10 വനിതകൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്‌ ഇടതുമുന്നണിയുടെ ആത്മവിശ്വാസം വർധിപ്പിച്ചു.
മലപ്പുറത്ത്  സി.പി.എം. -സി.പി.ഐ. തർക്കമാണ്  പ്രശ്നം. മുന്നിയൂർ പഞ്ചായത്തിലാണ് ഇത്  രൂക്ഷം. സി.പി.എമ്മിൽനിന്ന് പുറത്താക്കിയ നേതാവിന് സി.പി.ഐ. യിൽ അംഗത്വം നൽകിയതാണ്   അകൽച്ചയ്ക്ക് കാരണം.   അമരമ്പലം പഞ്ചായത്തിൽ ഇടതുമുന്നണി സംവിധാനം തന്നെ അപകടത്തിലാണ്. ഒരു വാർഡൊഴികെ എല്ലായിടത്തും സി.പി.എം. സ്ഥാനാർഥികളെ നിർത്തി. സി. പി.ഐ.യും മറ്റ് ഘടകകക്ഷികളും ഒരുമിച്ച് നിൽക്കുന്നു. നിലമ്പൂരിൽ സി.പി.എം. വിമതർ എല്ലാ സീറ്റിലുമുണ്ട്‌.
    തിരുവനന്തപുരത്ത് നെടുമങ്ങാട് നഗരസഭയിൽ നാല് സീറ്റിൽ സി.പി.എമ്മിനെതിരെ സി.പി.ഐ. സ്ഥാനാർഥികളെ നിർത്തി.
    ആലപ്പുഴയിൽ 72 പഞ്ചായത്തുകളിലായി ഇടതുമുന്നണിക്ക് 150 ലേറെ വിമതരുണ്ട്. ബ്ലോക്ക് പഞ്ചായത്തിലും വിമതരുണ്ട്. ആലപ്പുഴ നഗരസഭയിൽ സ്ഥാനാർഥിനിർണയത്തിലെ പ്രശ്നം കാരണം പല വാർഡുകളിലും നേതൃത്വം തന്നെ നിർദേശിച്ച് കൂടുതൽ പേർ പത്രിക നൽകി.
കൊല്ലം കോർപ്പറേഷനിൽ സീറ്റുവിഭജനം പൂർത്തിയാക്കിയെങ്കിലും മുന്നണിയുടെ യോജിച്ച പട്ടിക പുറത്തിറക്കിയില്ല. ഘടകകക്ഷികൾക്ക് കിട്ടിയ സീറ്റുകൾ സംബന്ധിച്ച് തർക്കമുള്ളതിനാലാണിത്. ചോദിച്ച സീറ്റ് കിട്ടാത്തതിനാൽ എൻ.സി.പി.  മത്സരിക്കേണ്ടെന്ന് തീരുമാനിച്ചു.

    എറണാകുളത്ത് സീറ്റുവിഭജനത്തിലെ തർക്കങ്ങളെ തുടർന്ന് ചില പഞ്ചായത്തുകളിൽ  ജനതാദൾ, എൻ.സി.പി. കക്ഷികൾ  സ്വന്തം സ്ഥാനാർഥികളെ നിർത്തി. കോർപ്പറേഷനിൽ രണ്ടിടത്ത് വിമതരുണ്ട്.
    തിരുവല്ല നഗരസഭയിൽ രണ്ടിടത്ത് സി.പി.എമ്മിന് റിബലുണ്ട്. പന്തളം നഗരസഭയിൽ ഒരിടത്ത് സി.പി.എം. - സി.പി.ഐ. തർക്കം തീർന്നിട്ടില്ല. കോഴഞ്ചേരി, ഇരവിപേരൂർ, റാന്നി-പെരുനാട്, മൈലപ്ര എന്നിവിടങ്ങളിലും സി.പി.എം.-സി.പി.ഐ. തർക്കം നിലനിൽക്കുന്നു.
ഒറ്റപ്പാലം നഗരസഭയിൽ സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി അറിയിച്ച് മുൻ വൈസ് ചെയർമാൻ സ്വതന്ത്രനായി പത്രിക നൽകി.