വര്‍ക്കല: ജില്ലാപഞ്ചായത്ത് ജനറല്‍ ഡിവിഷനായ മണമ്പൂര്‍ പിടിക്കാന്‍ മരണപ്പോരാട്ടം. 2000, 2005 തിരഞ്ഞെടുപ്പുകളില്‍ മണമ്പൂര്‍ ഡിവിഷനില്‍ വിജയിച്ച സി.പി.എമ്മിലെ എസ്.കൃഷ്ണന്‍കുട്ടിയാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് യുവനേതാവ് അഡ്വ.ഇ.റിഹാസിനെയാണ് ഡിവിഷന്‍ പിടിച്ചെടുക്കാന്‍ യു.ഡി.എഫ്. നിയോഗിച്ചിട്ടുള്ളത്. ഡിവിഷന്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് പ്രവര്‍ത്തിച്ച് പരിചയമുള്ള മണമ്പൂര്‍ ദിലീപാണ് ബി.ജെ.പി.യുടെ സ്ഥാനാര്‍ത്ഥി.
2010ലെ തിഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ ശ്രീലി ശ്രീധരനാണ് വിജയിച്ചത്. വ്യക്തിപരമായ കാരണങ്ങളാല്‍ അവര്‍ രാജിവച്ചതിനെത്തുടര്‍ന്ന് 2012ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ ജൂലിയറ്റ് 3550 വോട്ടുകള്‍ക്ക് വിജയിച്ചാണ് ഡിവിഷന്‍ നിലനിര്‍ത്തിയത്.
വെട്ടൂര്‍, മണമ്പൂര്‍ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും ചെറുന്നിയൂരിലെ പന്ത്രണ്ടും ഒറ്റൂരിലെ ഒന്‍പതും കരവാരത്തെ അഞ്ചും നാവായിക്കുളത്തെ നാലും ഉള്‍പ്പെടെ 60 വാര്‍ഡുകള്‍ ചേര്‍ന്നതാണ് മണമ്പൂര്‍ ഡിവിഷന്‍.
സി.പി.എം. വര്‍ക്കല ഏരിയാ കമ്മിറ്റിയംഗമാണ് എസ്.കൃഷ്ണന്‍കുട്ടി. കര്‍ഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി, വര്‍ക്കല താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്നുവന്ന അഡ്വ.ഇ.റിഹാസിന്റെ യുവത്വവും ജനസമ്മിതിയും വിജയമൊരുക്കുമെന്നാണ് യു.ഡി.എഫ്. കണക്കാക്കുന്നത്. യൂത്ത്‌കോണ്‍ഗ്രസ് മുന്‍ ജില്ലാ ട്രഷററും സേവാദള്‍ കിളിമാനൂര്‍ ബ്ലോക്ക് ചെയര്‍മാനുമാണ് റിഹാസ്. ഡി.സി.സി. അംഗം, ഐ.എന്‍.ടി.യു.സി. സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.
വര്‍ക്കല, ആറ്റിങ്ങല്‍ മേഖലകളിലെ പ്രവര്‍ത്തനപരിചയവുമായാണ് ബി.ജെ.പി. സ്ഥാനാര്‍ത്ഥി മണമ്പൂര്‍ ദിലീപ് വോട്ടുതേടുന്നത്. ബി.ജെ.പി. വര്‍ക്കല നിയോജകമണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ ബി.ജെ.പി. ആറ്റിങ്ങല്‍ മണ്ഡലം സെക്രട്ടറിയാണ്. പ്രചാരണരംഗത്ത് സ്ഥാനാര്‍ത്ഥികളെല്ലാം സജീവമായിക്കഴിഞ്ഞു.


12


എസ്.കൃഷ്ണന്‍കുട്ടി (സി.പി.എം)
അഡ്വ.ഇ.റിഹാസ് (കോണ്‍ഗ്രസ്)
മണമ്പൂര്‍ ദിലീപ് (ബി.ജെ.പി)