തിരുവനന്തപുരം: ബി.ജെ.പി വ്യക്തമായ മുന്നേറ്റം കാഴ്ചവെക്കുന്ന കാഴ്ചയാണ് ഇത്തവണ തിരുവനന്തപുരത്ത് കണ്ടത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കഴിഞ്ഞ തവണത്തെ ആറു സീറ്റില്‍ നിന്ന് 34 ലേയ്ക്ക് എത്തിയ ചരിത്രമുന്നേറ്റമാണ് ഇക്കുറി ബി.ജെ.പി കാഴ്ചവെച്ചത്. കോര്‍പ്പറേഷനിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി രണ്ട് പഞ്ചായത്തുകളിലും ഭരണം നടത്തുമെന്നുറപ്പായി. കല്ലിയൂര്‍, വെങ്ങാനൂര്‍ പഞ്ചായത്തുകളാണ് ബി.ജെ.പി വിജയിച്ചത

യു.ഡി.എഫ് നിഷ്പ്രഭമായ തിരുവനന്തപുരത്ത് നഗരസഭകള്‍ നാലും എല്‍.ഡി.എഫ് പിടിച്ചു. ആറ്റിങ്ങലില്‍ എല്‍.ഡി.എഫ് ബഹുദൂരം മുന്നിലെത്തിയപ്പോള്‍ നെടുമങ്ങാട്ടും വര്‍ക്കലയിലും വ്യക്തമായ ലീഡ് നേടാന്‍ എല്‍.ഡി.എഫിനായി. നെയ്യാറ്റിന്‍കരയില്‍ 44 ല്‍ 21 സീറ്റുകള്‍ നേടിയ എല്‍.ഡി.എഫ് സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം പിടിക്കുമെന്നുറപ്പാണ്. കഴിഞ്ഞ തവണ രണ്ടു നഗരസഭകളില്‍ ഭരണമുണ്ടായിരുന്ന യു.ഡി.എഫിന് ഒന്നും നിലനിര്‍ത്താനായില്ല.

11 ബ്ലോക്ക് പഞ്ചായത്തുകളില്‍ എട്ടെണ്ണവും എല്‍.ഡി.എഫ് നേടി. മൂന്നെണ്ണം മാത്രമാണ് യു.ഡി.എഫിന് നേടാനായത്. കഴിഞ്ഞ തവണ 39  ഗ്രാമപഞ്ചായത്തുകളില്‍ ഭരണം നേടിയ യു.ഡി.എഫിന് ഇക്കുറി 22 ഇടത്ത് മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. കഴിഞ്ഞ പ്രാവശ്യം 34 പഞ്ചായത്തുകളില്‍ വിജയിച്ച എല്‍.ഡി.എഫിന് ഇക്കുറി 49 ഇടത്ത് ഭരണം നേടാനായി.