തിരുവനന്തപുരം: വിതുര പഞ്ചായത്തിലെ ബോണക്കാട് വാര്‍ഡില്‍ വോട്ടര്‍മാരുടെ എണ്ണം 827. വാര്‍ഡില്‍ സ്ഥിര താമസക്കാരായ വോട്ടര്‍മാര്‍ 200ല്‍ താഴെ മാത്രം. 586 പേര്‍ വോട്ട് ചെയ്തു. 70.9 ശതമാനം.
ബോണക്കാട് എസ്റ്റേറ്റ് പൂട്ടിയതോടെ തൊഴില്‍ നഷ്ടപ്പെട്ടവര്‍ തൊഴില്‍ തേടി തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ചേക്കേറിയതോടെയാണ് സ്ഥിരതാമസക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായത്. പലരും വോട്ടിങ് ദിനത്തില്‍ മാത്രമാണ് ഇവിടെ വരുന്നത്.
വര്‍ഷങ്ങള്‍ക്ക മുമ്പ് കൂട് വിട്ടവര്‍ വോട്ടെടുപ്പ് ദിവസം ബോണക്കാടില്‍ ഒത്തുചേരുന്നതോടെ നാട് ഉത്സവ ലഹരിയിലാകും. പട്ടിണിയില്‍ വട്ടംചുറ്റുന്ന തോട്ടം തൊഴിലാളികള്‍ തിരഞ്ഞെടുപ്പ് ദിനത്തില്‍ ഉറ്റവരെ ഒരുമിച്ച് കാണുന്നതോടെ ആനന്ദത്തിലാകും. ദൂരസ്ഥലങ്ങളില്‍ താമസിക്കുന്നവരില്‍ ചിലര്‍ തലേദിവസമേ എത്തി ബന്ധു വീടുകളില്‍ താമസിക്കും.
തമിഴ്‌നാട്ടിലെ വള്ളിയൂര്‍, രാധാപുരം, തെങ്കാശി, അംബാസമുദ്രം, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അധികം പേരും. വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാല്‍ പിന്നെ അന്യസ്ഥലങ്ങളില്‍ നിന്നുമെത്തുന്നവര്‍ ബന്ധുവീടുകള്‍ സന്ദര്‍ശിക്കും. ഉച്ചയ്ക്ക് രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ഒരുക്കിയിരുന്ന ഭക്ഷണം കഴിച്ചാണ് പലരും മടങ്ങുന്നത്.
തമിഴ്‌നാട്ടിലും അന്യനാടുകളിലും താമസിക്കുന്നവരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളാണ് ബോണക്കാടിലെത്തിക്കുന്നത്. രാവിലെ കൊണ്ടുവരുന്നവരെ വോട്ട് രേഖപ്പെടുത്തിയ ശേഷം തിരികെ നാട്ടിലെത്തിക്കും. ജനിച്ച സ്ഥലവും ബന്ധുക്കളെയും കാണാന്‍ കഴിയുമെന്നതിനാല്‍ മിക്കവാറും എല്ലാ വോട്ടര്‍മാരും എത്താറുണ്ട്. ബോണക്കാട് സ്‌കൂളാണ് പോളിങ് ബൂത്ത്. നേരത്തെ രണ്ട് പോളിങ് സ്റ്റേഷനുകളുണ്ടായിരുന്നു. വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞതോടെ ഒറ്റ ബൂത്തായി.
ഇരുപത് വര്‍ഷം മുമ്പാണ് ബോണക്കാട് മഹാവീര്‍ ടീ പ്ലാന്റേഷന്‍ പൂട്ടിയത്. ഇതോടെ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ പട്ടിണിയിലായി. സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷനാണ് ഏക ആശ്വാസം. പ്ലാന്റേഷന്‍ നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി തോട്ടം ഉടമകള്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയില്ല. ഇതോടെ സമരം തുടങ്ങുകയും തോട്ടം പൂട്ടുകയും ചെയ്തു. തോട്ടം ലാഭകരമല്ലെന്ന വാദം ഉന്നയിച്ച് ഉടമകള്‍ തോട്ടം ഉപേക്ഷിച്ചു കടന്നു. ഇതോടെ തൊഴിലാളികള്‍ പെരുവഴിയിലായി. തോട്ടം തുറക്കാന്‍ സര്‍ക്കാരുകള്‍ ശ്രമം നടത്തിയെങ്കിലും തോട്ടം ഉടമകള്‍ തോട്ടം ഈടുവച്ച് ബാങ്കില്‍നിന്ന് കോടികള്‍ വായ്പയെടുത്തതിനാല്‍ തുറക്കാനുള്ള ശ്രമങ്ങള്‍ വിജയം കണ്ടില്ല.
തോട്ടം തുറക്കുമെന്ന പ്രതീക്ഷയിലാണ് ഓരോ വര്‍ഷവും കിലോമീറ്റര്‍ താണ്ടി വോട്ടര്‍മാര്‍ വോട്ട് ചെയ്യാനെത്തുന്നത്. എന്നാല്‍ തോട്ടം തുറക്കല്‍മാത്രം നടക്കില്ല. ജനിച്ച മണ്ണ് വിട്ട് പോകാന്‍ മനസില്ലാത്ത നൂറോളം കുടുംബങ്ങള്‍ ഇപ്പോഴും ഇവിടെ തങ്ങുന്നുണ്ട്.
തോട്ടം തുറന്നാലും ഇല്ലെങ്കിലും ഞങ്ങള്‍ പിറന്ന മണ്ണ് വിടില്ലെന്ന് ഇവര്‍ പറയുന്നു.