പാലോട്: സമവാക്യങ്ങളില്‍ ഇരുമുണികള്‍ക്കും ചുവടുപിഴച്ചുപോയ നന്ദിയോട് പഞ്ചായത്തില്‍ മത്സരം പ്രവചനങ്ങള്‍ക്കതീതം. ആരോടും കൂറ്പുലര്‍ത്താത്ത പഞ്ചായത്താണ് നന്ദിയോട്. ഇരുമുണികളെയും മാറിമാറി പരീക്ഷിക്കുകയാണ് പതിവ്. ആകെ പതിനെട്ടു വാര്‍ഡുകള്‍. കോണ്‍ഗ്രസ് എട്ടും, സി.എം.പി., ജെ.എസ്.എസ്. എന്നിവരുടെ ഓരോസീറ്റും ചേര്‍ത്ത് പത്ത് സീറ്റ് നേടിയ യു.ഡി.എഫ്. ആണ് ഭരണത്തിലുള്ളത്.
ഭരണത്തില്‍ അനൈക്യം കോണ്‍ഗ്രസ്സിനായിരുന്നെങ്കില്‍ അടവുനയത്തില്‍ പിഴച്ചത് സി.പി.എമ്മിന്. കുടിവെള്ള പദ്ധതിയില്‍ കുരുങ്ങി ഇരുകക്ഷികളിലുമുണ്ടായ പൊട്ടിത്തെറി പരിഹാരമില്ലാതെ തുടരുന്നതിനിടെയാണ് തിരഞ്ഞെടുപ്പെത്തിയത്. രണ്ടര പതിറ്റാണ്ടത്തെ സൗഹൃദം അവസാനിപ്പിച്ച് സി.പി.ഐ. ഇവിടെ ആറുസീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുന്നു. കോണ്‍ഗ്രസ് വിട്ടുവന്ന മൂന്നുപേര്‍ക്ക് സീറ്റ് നല്‍കിയിട്ടും സി.പി.ഐ.യെ കൂടെകൂട്ടാന്‍ സി.പി.എമ്മിനായില്ല. ഇരുകൂട്ടരിലുമുള്ള അസ്വാരസ്യങ്ങള്‍ മുതലെടുത്ത് അഞ്ച് സീറ്റുകളില്‍ താമര വിരിയിക്കാനുള്ള തന്ത്രങ്ങളിലാണ് ബി.ജെ.പി. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇക്കുറി പട്ടികവര്‍ഗ സംവരണമാണ്.
പ്രമുഖര്‍ മത്സരിക്കുന്ന പച്ച, വട്ടപ്പന്‍കാട്, ആനകുളം, പാലുവള്ളി, നന്ദിയോട് ടൗണ്‍, കുറുപുഴ, പാണ്ഡ്യന്‍പാറ, ആലമ്പാറ, താന്നിമൂട്, പുലിയൂര്‍ എന്നീ വാര്‍ഡുകളില്‍ പോരാട്ടം ഇഞ്ചോടിഞ്ച്. ആനകുളത്ത് കോണ്‍ഗ്രസ് വിട്ടുവന്ന ചെല്ലഞ്ചി പ്രസാദാണ് സി.പി.എം. സ്ഥാനാര്‍ഥി. ഇടതുപാളയത്തിലെ അതൃപ്തി വോട്ടാക്കാന്‍ യുവനേതാവായ നന്ദഗോപനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. മുന്‍പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.പ്രഭു മത്സരിക്കുന്ന പച്ച വാര്‍ഡില്‍ ത്രികോണമത്സരമാണ്. കോണ്‍ഗ്രസിന് -യു.എസ്.ബോബിയും ബി.ജെ.പി.ക്ക് കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റും പൊതുപ്രവര്‍ത്തകനുമായ നന്ദിയോട് സതീശനുമാണ് മറ്റ് സ്ഥാനാര്‍ഥികള്‍. ബി.ജെ.പി. വിജയപ്രതീക്ഷയര്‍പ്പിക്കുന്ന ഒന്നാമത്തെ വാര്‍ഡ് കൂടിയാണിത്.
നന്ദിയോട് ടൗണ്‍ വാര്‍ഡാണ് കടുത്തമത്സരം നേരിടുന്ന മറ്റൊരു സീറ്റ്. നിലവിലെ പ്രസിഡന്റായിരുന്ന ശൈലജാ രാജീവിന്റ ഭര്‍ത്താവ് പി.രാജീവന്‍, സി.പി.എമ്മിലെ എസ്.ഷിജിന്‍, ബി.ജെ.പി.യിലെ ചന്ദ്രദാസ്, സി.പി.ഐ.യിലെ അരുണ്‍ ബാബു എന്നിവര്‍ തമ്മിലാണ് പോരാട്ടം. സീറ്റുവിഭജനത്തില്‍ കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ തര്‍ക്കങ്ങള്‍ നേരിട്ടതിവിടെയാണ്. ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറിയും സി.പി.എമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ബി.വിദ്യാധരന്‍ കാണി, ജനശ്രീ സംസ്ഥാന നേതാവ് പച്ച രവി, ബി.ജെ.പി.യുടെ മികച്ച സംഘാടകന്‍ ചെമ്പന്‍കോട് മണികണ്ഠന്‍ നായര്‍, സി.പി.ഐ.യിലെ വി.മോഹനന്‍നായര്‍ എന്നിവര്‍ ഏറ്റുമട്ടുന്ന വട്ടപ്പന്‍കാട് വാര്‍ഡാണ് പഞ്ചായത്തിലെ ശ്രദ്ധാകേന്ദ്രം.
കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി ആര്‍.ആര്‍.രാജേഷ്, മുന്‍ പഞ്ചായത്ത് അംഗം, സി.പി.എമ്മിന്റെ വി.വി.അജിത്ത് എന്നിവര്‍ പടവെട്ടുന്ന മീന്‍മുട്ടി വാര്‍ഡിലും കനത്തപോരാട്ടമാണ്. എസ്.അനീഷ് ആണ് ഇവിടെ ബി.ജെ.പി.യെ നയിക്കുന്നത്. ഒരേ പേരുകാര്‍ മത്സരിക്കുന്ന പാണ്ഡ്യന്‍പാറ വാര്‍ഡിലും മത്സരം കനത്തു.
നിലവിലെ ബ്‌ളോക്ക് അംഗം കോണ്‍ഗ്രസ്സിലെ മഞ്ചു മധുസൂദനനും സി.പി.ഐ.യിലെ സ്ഥാനാര്‍ഥി ഒ.മഞ്ചുവിനും പേരിലെ സാമ്യം വലയ്ക്കുന്നു. സി.പി.എമ്മിന് ഗിരിജയും ബി.ജെ.പി.ക്ക് ഡി.ദീപയുമാണ് ഇവിടെ ജനവിധിതേടുന്നത്. ഒരേകുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ മത്സരിക്കുന്ന പുലിയൂര്‍ വാര്‍ഡിലും മത്സരം ചുടുപിടിച്ചു. കോണ്‍ഗ്രസ് അംഗമായിരുന്ന രാധാ ജയപ്രകാശ് സി.പി.എമ്മിലും വിജയകുമാരി കോണ്‍ഗ്രസ്സിലും റാണിജയ ബി.െജ.പി.യിലും മത്സരിക്കുന്നു.
സി.പി.ഐ-സി.പി.എം. ബന്ധം തകര്‍ത്ത കുറുപുഴ വാര്‍ഡില്‍ വിജയിക്കേണ്ടത് രണ്ടു പാര്‍ട്ടികളുടെയും അഭിമാനത്തിന്റെ പ്രശ്‌നമാണ്. ഇവിടെ സി.പി.എം. സ്ഥാനാര്‍ഥിയായി ഉദയകുമാറും സി.പി.ഐ. സ്ഥാനാര്‍ഥിയായി ആദിവാസി നേതാവ് ഈട്ടിമൂട് രാജേന്ദ്രനും കോണ്‍ഗ്രസിന് സാബു സ്റ്റീഫനും ബി.ജെ.പിയില്‍ സുധാകരനും തമ്മില്‍ വാശിയേറിയ മത്സരത്തിലാണ്. നിലവില്‍ സി.പി.ഐ.യുടെ സിറ്റിങ് സീറ്റാണിത്. ഈ സീറ്റില്‍ ഈട്ടിമൂട് രാജേന്ദ്രന്‍ വിജയിച്ചാല്‍ പഞ്ചായത്തുപ്രസിഡന്റ് സ്ഥാനം നല്‍കേണ്ടിവരും എന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് പഞ്ചായത്തില്‍ സി.പി.ഐ.-സി.പി.എം. ബന്ധം തകര്‍ന്നത്.
യുവനിരകള്‍ മത്സരിക്കുന്ന പേരയം വാര്‍ഡ്- സുജിത്ത്, സുഭാഷ്, ഷാലു, താന്നിമൂട് വാര്‍ഡ് -സാവിത്രി, ദീപാസുരേഷ്, ഷാമിലി. കുടുമ്പശ്രീ ഭാരവാഹികള്‍ മത്സരിക്കുന്ന ആലംപാറ വാര്‍ഡ് -ലൈലാചന്ദ്രചൂഢന്‍, ഷീലാപ്രസാദ്, എസ്.സുനിത. കോണ്‍ഗ്രസ് വിട്ടുവന്ന ചൂടല്‍ജോണി മത്സരിക്കുന്ന പാലുവള്ളി വാര്‍ഡ് എന്നിവിടങ്ങളിലും തീപാറുന്ന മത്സരമാണ് നടക്കുന്നത്. പാലോട് ,നന്ദിയോട് ബ്‌ളോക്കുകളിലും സ്ഥിതി വ്യത്യസ്ഥമല്ല. പാലോട് ബ്‌ളോക്കില്‍ അധ്യാപകര്‍ തമ്മിലുള്ള പോരാട്ടമാണ് .നിലവില്‍ അധ്യാപകനും ഗ്രാമപഞ്ചായത്തു അംഗവുമായ കോണ്‍ഗ്രസിലെ ടി.കെ.വേണുഗോപാലും ,മുന്‍ അധ്യാപകനും വിതുര ഏര്യാ സെക്രട്ടറിയുമായ പേരയം ശശിയും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം. നന്ദിയോട് ബ്‌ളോക്കില്‍ -നിലവിലെ അംഗ ബി.എല്‍.കൃഷ്ണപ്രസാദ്, സി.പിഎം മുന്‍ എല്‍.സി.സെക്രട്ടറിയുമായ കെ.പി.ചന്ദ്രനും തമ്മിലാണ് പടയൊരുക്കം. രണ്ടു സ്ഥലങ്ങളിലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ഇല്ല.