നെടുമങ്ങാട്: തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തോടെ യു.ഡി.എഫിന്റെ ഭരണതുടര്‍ച്ച ഉറപ്പാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നെടുമങ്ങാട് നഗരസഭ യു.ഡി.എഫ്. സ്ഥാനാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പുകളില്‍ മുഴുവന്‍ പരാജയപ്പെട്ടിട്ടും സംസ്ഥാനത്തിന്റെ വികസന കാര്യത്തിലുള്ള സി.പി.എമ്മിന്റെ നിഷേധാത്മക സമീപനത്തിന് മാറ്റമുണ്ടാകുന്നില്ല.
വിഴിഞ്ഞം തുറമുഖത്തെ പോലും എതിര്‍ക്കുക വഴി വികസന വിരോധികളാണ് തങ്ങളെന്ന് സി.പി.എം. തെളിയിച്ചിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. വികസനത്തിനും കരുതലിനും മൂന്‍തൂക്കം നല്‍കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ കേരളത്തിന്റെ വികസനം സാക്ഷാത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിലരുമായി കൂട്ടുകൂടി വര്‍ഗീയത വളര്‍ത്തി എന്തെങ്കിലും കിട്ടുമോയെന്ന് നോക്കുന്ന ബി.ജെ.പി.യുടെ അജണ്ട കേരളത്തില്‍ നടക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പാലോട് രവി എം.എല്‍.എ., ഡി.സി.സി. പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, തലേക്കുന്നില്‍ ബഷീര്‍, ടി.ശരത്ചന്ദ്രപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
ചുള്ളിമാനൂരിലും, പാലോട്ടും നടന്ന തിരഞ്ഞെടുപ്പ് യോഗങ്ങളിലും മുഖ്യമന്ത്രി സംസാരിച്ചു. പാലോട്ട് പവിത്രകുമാറും ചുള്ളിമാനൂരില്‍ ആര്‍.അജയകുമാറും അധ്യക്ഷത വഹിച്ചു.