നെടുമങ്ങാട്: ഭരണത്തുടര്‍ച്ചയ്ക്കായി എല്‍.ഡി.എഫും, ഭരണം തിരിച്ചുപിടിക്കാനായി യു.ഡി.എഫും ഉഴമലയ്ക്കലില്‍ കടുത്ത മത്സരം നടത്തുമ്പോള്‍ ബി.ജെ.പി.യാകട്ടെ പരമാവധി സീറ്റുകള്‍ ഉറപ്പിക്കാനുള്ള പോരാട്ടത്തിലാണ്.
15 വാര്‍ഡുകളുള്ള ഉഴമലയ്ക്കലില്‍ സി.പി.എം.-ഏഴ്, കോണ്‍ഗ്രസ് -6, സ്വതന്ത്രര്‍ രണ്ട് എന്നതാണ് കക്ഷിനില. സ്വതന്ത്രരുടെ പിന്തുണയോടെ ആദ്യം യു.ഡി.എഫ്. അധികാരത്തിലേറിയെങ്കിലും മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ സ്വതന്ത്രരില്‍ ഒരാള്‍ എല്‍.ഡി.എഫ്. പാളയത്തിലേക്ക് പോയതോടെ ഭരണം അവര്‍ക്കായി. ഒരു കക്ഷിക്കും കേവല ഭൂരിപക്ഷമില്ലാതെ കഴിഞ്ഞ കാലത്ത് ഇടതും വലതും ഭരിച്ചു. എന്നാല്‍ സ്ഥിരഭരണമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇരുകക്ഷികളും വോട്ട് തേടുന്നത്. ബി.ജെ.പി.യാകട്ടെ ഇടതു വലതു മുന്നണികളിലെ അഴിമതി ഉന്നയിച്ചാണ് വോട്ടര്‍മാരെ സമീപിക്കുന്നത്.
നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് ബി.ബി.സുജാത കുര്യാത്തി വാര്‍ഡിലാണ് മത്സരിക്കുന്നത്. കുര്യാത്തിയില്‍ ശാരിമോള്‍ യു.ഡി.എഫിലും, ടി.എസ്.രജി ബി.ജെ.പി.യിലും ജനവിധി തേടുന്നു.
അയ്യപ്പന്‍കുഴി വാര്‍ഡില്‍ നിലവിലെ ബ്ലോക്ക് പഞ്ചായത്തംഗം എസ്.സുനില്‍കുമാര്‍ എല്‍.ഡി.എഫിലും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബാബു യു.ഡി.എഫിലും പ്രവീണ്‍ ബി.ജെ.പി.യിലും മത്സരിക്കുന്നു. സി.പി.ഐ. ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അശോകനും, കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയും മത്സര രംഗത്തുണ്ട്.
പുതുക്കുളങ്ങര വാര്‍ഡില്‍ യു.ഡി.എഫില്‍ കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹി ഒസന്‍കുഞ്ഞും എല്‍.ഡി.എഫില്‍ വിജയനും ബി.ജെ.പി. മണ്ഡലം സെക്രട്ടറിയായിരുന്ന അനില്‍കുമാറും മത്സരിക്കുന്നു. കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ച സേവ്യര്‍ ഇവിടെ സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്.
മഞ്ചംമൂലയില്‍ ആശാവര്‍ക്കറായ ലീല എല്‍.ഡി.എഫിലും കുമാരി ഷൈലജ യു.ഡി.എഫിലും സിന്ധുകുമാരി ബി.ജെ.പി.യിലും മത്സരിക്കുന്നു.
പേരില വാര്‍ഡില്‍ യു.ഡി.എഫിലെ രാജേഷും എല്‍.ഡി.എഫില്‍ ആന്റണിയും ബി.ജെ.പി.യില്‍ കുമാറും ജനവിധി തേടുന്നു. സ്വതന്ത്രയായി വിജയിച്ച ലതകുമാരിയും ഇവിടെ മത്സരരംഗത്തുണ്ട് .
പോങ്ങോട് വാര്‍ഡില്‍ യു.ഡി.എഫില്‍ സുനിതകുമാരിയും, എല്‍.ഡി.എഫില്‍ സുജാതയും ബി.ജെ.പി.യില്‍ ടി.അജിതയും മത്സരിക്കുന്നു.
മുന്‍ പഞ്ചായത്തംഗം ഉഷൈല എല്‍.ഡി.എഫിലും വനജ യു.ഡി.എഫിലും വിജയമ്മ ബി.ജെ.പി.യിലും മുന്‍പാല വാര്‍ഡില്‍ മത്സരിക്കുന്നു. ഡി.വൈ.എഫ്.ഐ. വിതുര ഏരിയാ സെക്രട്ടറി അഡ്വ. എ.എ.റഹിം എല്‍.ഡി.എഫിലും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുവിയോട് സുരേന്ദ്രന്‍ യു.ഡി.എഫിലും മണികണ്ഠന്‍ ബി.ജെ.പി.യിലും കുളപ്പട വാര്‍ഡില്‍ നിന്ന് ജനവിധി തേടുന്നു. വാലൂക്കോണം വാര്‍ഡില്‍ യു.ഡി.എഫില്‍ സുമയ്യ വിനോദും എല്‍.ഡി.എഫില്‍ ഒ.എസ്.ലതയും ബി.ജെ.പി.യില്‍ അശ്വതിയും മത്സരിക്കുന്നു. യു.ഡി.എഫില്‍ അഡ്വ.രാജീവ് സത്യനും എസ്.എഫ്.ഐ. മുന്‍ വിതുര ഏരിയാ സെക്രട്ടറിയായിരുന്ന ആര്‍.പ്രശാന്ത് എല്‍.ഡി.എഫിലും സുനില്‍കുമാര്‍ ബി.ജെ.പി.യിലും പുളിമൂട് വാര്‍ഡില്‍ മത്സരിക്കുന്നു. ചുറ്റുവീട് വാര്‍ഡില്‍ യു.ഡി.എഫില്‍ സിമിയും എല്‍.ഡി.എഫില്‍ പുതുക്കുളങ്ങര സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ ഡി.വി.രമേശനും സുരേന്ദ്രന്‍ ബി.ജെ.പി.യിലും ജനവിധി തേടുന്നു. മാണിക്കപുരത്ത് യു.ഡി.എഫില്‍ ടി.ഉഷയും എല്‍.ഡി.എഫില്‍ ബീനയും ബി.ജെ.പി.യില്‍ വത്സലയും മത്സരിക്കുന്നു. സി.പി.എമ്മിലെ എ.വിശ്വംഭരന്‍ 33 വോട്ടുകള്‍ക്കാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കടുത്ത വീറും വാശിയുമാണ് ഉഴമലയ്ക്കലില്‍ മുന്നണിക്കുള്ളത്. സ്വതന്ത്ര സ്ഥാനാര്‍ഥികളും പ്രചാരണത്തില്‍ പിന്നിലല്ല.