കാട്ടാക്കട: അഞ്ചുവര്‍ഷത്തിനിടെ സ്വതന്ത്രന്മാരുടെ പിന്തുണയില്‍ യു.ഡി.എഫ്.-എല്‍.ഡി.എഫ്. മുന്നണികള്‍ മാറി മാറി ഭരണം നടത്തിയ കുറ്റിച്ചല്‍ പഞ്ചായത്തില്‍ മത്സരം പ്രവചനങ്ങള്‍ക്ക് അതീതം.
ആകെയുള്ള 14 വാര്‍ഡുകളില്‍ ഇരുമുന്നണികള്‍ക്കും പുറമെ ബി.ജെ.പി.യും പഴയ മൂന്ന് സ്വതന്ത്രന്മാര്‍ ചേര്‍ന്ന് രൂപവത്കരിച്ച മനുഷ്യസ്‌നേഹി കൂട്ടായ്മ മുന്നണിയും ഒക്കെയായി വോട്ടുകള്‍ വിഭജിച്ചുപോകുമ്പോള്‍ പഞ്ചായത്ത് ഭരണം ആരുനേടും എന്നത് എല്ലാവരെയും കുഴയ്ക്കുന്നു. കൂടാതെ, 10 പഞ്ചായത്ത് പ്രതിനിധികളും നാല് മുന്‍ പ്രസിഡന്റുമാരും മത്സരത്തിനുണ്ട് എന്ന പ്രത്യേകതയും ഇവിടെയുണ്ട്. കഴിഞ്ഞ ഭരണസമിതിയില്‍ സി.പി.എം.-4, സി.പി.ഐ.-1, ആര്‍.എസ്.പി.-1, കോണ്‍ഗ്രസ്-5, സ്വത.-3 എന്നിങ്ങനെയായിരുന്നു കക്ഷിനില.
ഇത്തവണ 7 വനിത, പട്ടിക ജാതി-വര്‍ഗ സംവരണം ഒന്നുവീതം, 5 ജനറല്‍ എന്ന തരത്തിലാണ് വാര്‍ഡുകള്‍. പ്രസിഡന്റ് സ്ഥാനം ജനറലും ആണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രരായി മത്സരിച്ച് മുന്നുപേരെ വിജയിപ്പിച്ചെടുത്ത ഇപ്പോഴത്തെ കൂട്ടായ്മ ഇത് നാലാംതവണയാണ് ജനവിധി തേടുന്നത്. അവര്‍ക്ക് സ്വാധീനമുള്ള 8 വാര്‍ഡുകളിലാണ് സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നത്. ഇതില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന എഫ്.സതീഷ് കുമാര്‍ ഉത്തരംകോട് വാര്‍ഡില്‍ നിന്ന് മാറി എലിമലയും ഒപ്പം ഉണ്ടായിരുന്ന സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് മിത്ര കോട്ടൂരില്‍ നിന്ന് മാറി ചോനംപാറയും പി.എസ്.ജയശ്രീ എലിമല നിന്ന് മാറി ഉത്തരംകോടും ആയി മത്സരിക്കുന്നു.
പ്രധാനമായും സ്ത്രീകളെ മുന്നില്‍ നിര്‍ത്തി ഈ കൂട്ടായ്മ ഉയര്‍ത്തുന്ന വെല്ലുവിളി മത്സരരംഗത്തുള്ള എല്‍.ഡി.എഫ്., യു.ഡി.എഫ്., ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ക്ക് ഭീഷണിയാണ്. എല്‍.ഡി.എഫിലെ പ്രമുഖരായ മുന്‍ പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പ്രതിനിധിയും കൂടിയായ പരുത്തിപ്പള്ളി ചന്ദ്രന്‍ തച്ചന്‍കോട് വാര്‍ഡില്‍ മത്സരിക്കുമ്പോള്‍ നിലവിലെ പ്രസിഡന്റ് ഗീതാകുമാരി മന്തിക്കളത്തും ജനവിധി തേടുന്നു. കോണ്‍ഗ്രസ് കൂടുതലും പുതുമുഖങ്ങളെയാണ് മത്സരിപ്പിക്കുന്നത്. റിബലുകളും രംഗത്തുണ്ട്. എങ്കിലും കഴിഞ്ഞ തവണ നേടിയ മേല്‍ക്കൈ നില നിര്‍ത്താനാവും എന്നാണ് നേതൃത്വം പറയുന്നത്.
എല്ലാ വാര്‍ഡുകളിലും മത്സരിക്കുന്ന ബി.ജെ.പി. പകുതിയോളം വാര്‍ഡുകളില്‍ വിജയപ്രതീക്ഷയിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേരിയ വ്യത്യാസത്തിനാണ് മൂന്ന് വാര്‍ഡുകള്‍ അവര്‍ക്ക് കൈവിട്ടുപോയത്. ഇക്കുറി അതുണ്ടാവില്ല എന്നും ഉപതിരഞ്ഞെടുപ്പില്‍ അത് തെളിയിച്ചതാണെന്നും അവര്‍ പറയുന്നു.