ചിറയിന്‍കീഴ്: ചിറയിന്‍കീഴ് ഗ്രാമപ്പഞ്ചായത്തില്‍ 71.55 ശതമാനം പോളിങ് നടന്നു. അഴൂരില്‍ 75.82 ശതമാനവും കിഴുവിലത്ത് 73.65 ശതമാനവും പോളിങ് നടന്നതായാണ് പ്രാഥമിക വിവരം. തിരഞ്ഞെടുപ്പിനിടെ ചിറയില്‍കീഴില്‍ ബൂത്തുകളില്‍ വോട്ടിങ് മെഷീനുകള്‍ കേടായി. അഴൂരിലും പെരുമാതുറയിലും വോട്ടിങ്ങിനെയും ചിഹ്നത്തെയും ചൊല്ലി തര്‍ക്കം നടന്നു.
പൊഴിക്കര, ആനത്തലവട്ടം, മേല്‍കടയ്ക്കാവൂര്‍ എന്നിവിടങ്ങളിലാണ് യന്ത്രങ്ങള്‍ കേടായത്. അഴൂരില്‍ വി.പി.യു.പി.എസ്സിലെ ബൂത്തില്‍ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പെരുമാതുറയില്‍ ചിഹ്നം രേഖപ്പെടുത്തിയതില്‍ പിഴവുണ്ടെന്ന് ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഉദ്യോഗസ്ഥരുടെ അനാസ്ഥ നിമിത്തമാണ് വോട്ടിങ് വൈകിയതെന്ന് ആരോപിച്ച് കിഴുവിലം ഗ്രാമപ്പഞ്ചായത്തിലെ കൊച്ചാലുംമൂട് സീതിസാഹിബ് മെമ്മോറിയല്‍ സ്‌കൂളിലെ ബൂത്തില്‍ നാട്ടുകാര്‍ ബഹളംെവച്ചു.