ബാലരാമപുരം: ബാലരാമപുരം ഗ്രാമപ്പഞ്ചായത്തിലെ പാറക്കുഴി വാര്‍ഡിലെ ബൂത്തില്‍ സ്ഥാപിച്ചിരുന്ന വോട്ടിങ് യന്ത്രത്തിന്റെ ദിശയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. റിട്ടേണിങ് ഓഫീസറും പോലീസും എത്തി പ്രശ്‌നം പരിഹരിച്ചതിനെ തുടര്‍ന്ന് പിന്നീട് വോട്ടെടുപ്പ് സമാധാനപരമായി നടന്നു.
വോട്ടിങ് യന്ത്രങ്ങള്‍ ഗ്രാമ, ബ്‌ളോക്ക്, ജില്ലാ പഞ്ചായത്തുകളുടെ ക്രമത്തില്‍ തന്നെയാണ് സെറ്റ് ചെയ്തിരുന്നത്. പോളിങ് സ്റ്റേഷനില്‍ കയറി ചെല്ലുമ്പോള്‍ ആദ്യം കാണുന്നത് ഗ്രാമപ്പഞ്ചായത്തിന്റെ വോട്ടിങ് യന്ത്രം എന്ന നിലയിലാണ് സ്ഥാപിച്ചിരുന്നത്. എന്നാല്‍ വെളിച്ചക്കുറവ് മൂലം യന്ത്രങ്ങള്‍ തിരിച്ചുവെച്ചപ്പോള്‍ ആദ്യം ഇരിക്കുന്ന യന്ത്രം ജില്ലാ പഞ്ചായത്തിന്റേതെന്ന് വോട്ടര്‍ക്ക് തോന്നുന്ന വിധത്തിലായി.
വൈകുന്നേരം മൂന്നുമണിയോടെ വോട്ട് ചെയ്യാനെത്തിയ ഒരാള്‍ ആശയക്കുഴപ്പത്തിലായി. അപ്പോള്‍ യന്ത്രത്തിന്റെ ദിശ മാറ്റിവെക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്, ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രശ്‌നമുണ്ടാക്കി. തുടര്‍ന്ന് ഒരുമണിക്കൂറോളം വോട്ടെടുപ്പ് നിര്‍ത്തിവെച്ചു.
പിന്നീട് വോട്ട് ചെയ്യാന്‍ എത്തുന്ന എല്ലാ പേര്‍ക്കും അവസരം നല്‍കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് വോട്ടെടുപ്പ് വീണ്ടും തുടര്‍ന്നു.
വോട്ടിങ് യന്ത്രം ക്രമീകരിച്ചതില്‍ പിശകുണ്ടായെന്നും ഇവിടെ റീപോളിങ് നടത്തണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബി.ജെ.പി.യും പരാതി നല്‍കിയിട്ടുണ്ട്.