തിരുവനന്തപുരം: തലസ്ഥാനത്തിന്റെ കടലോരത്തിന് ആവേശമായി എ.കെ.ആന്റണിയുടെ രണ്ടരമണിക്കൂര്‍ നീണ്ട റോഡ് ഷോ. പൂന്തുറ എസ്.എം. ലോക്ക് മുതല്‍ കൊച്ചുവേളി സെന്റ് ജോസഫ് പള്ളിവരെ, ചൊവ്വാഴ്ച വൈകീട്ട് യു.ഡി.എഫ്. പ്രവര്‍ത്തകരുടെ ആരവത്തില്‍ അമര്‍ന്നു. പൂന്തുറയിലെയും ബീമാപ്പള്ളിയിലെയും റോഡുകള്‍ ത്രിവര്‍ണ പതാകകളുമായി പ്രവര്‍ത്തകര്‍ കൈയടക്കി. ത്രിവര്‍ണ ഹാരങ്ങളും പുഷ്പവൃഷ്ടിയുമായി അവര്‍ റോഡ് ഷോയെ വരവേറ്റു.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യു.ഡി.എഫിന്റെ ജില്ലയിലെ ആദ്യ റോഡ് ഷോയാണ് പൂന്തുറ എസ്.എം. ലോക്ക് ജങ്ഷനില്‍ നിന്ന് ആരംഭിച്ചത്. എ.കെ.ആന്റണിക്കൊപ്പം, മന്ത്രി വി.എസ്.ശിവകുമാര്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ശരത്ചന്ദ്രപ്രസാദ് എന്നിവരും തുറന്ന ജീപ്പില്‍ കയറി. പൂന്തുറയിലെ സ്ഥാനാര്‍ഥി പീറ്റര്‍ സോളമന്‍, മാണിക്യവിളകം സ്ഥാനാര്‍ഥി എസ്.പ്രമീള എന്നിവരും അനുഗമിച്ചു.

എസ്.എം. ലോക്കില്‍ നിന്നും പൂന്തുറ പോലീസ് സ്‌റ്റേഷന് മുന്നില്‍ നിന്നും സെന്റ് ജോണ്‍സ് പള്ളിക്ക് മുന്നിലൂടെയുള്ള ചെറിയ വഴിയിലൂടെ വാഹനവ്യൂഹം നീങ്ങി. പൈലറ്റ് വാഹനത്തില്‍ നിന്നുള്ള അറിയിപ്പ് കേട്ട് ഇരുവശത്തും കാണികള്‍ നിറഞ്ഞു. അധികവും വീട്ടമ്മമാര്‍. വിദേശമദ്യ ഷോപ്പുകള്‍ കൂടി പൂട്ടാന്‍ നടപടിയെടുക്കണമെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് അഭിവാദ്യമര്‍പ്പിക്കുന്ന സ്ത്രീകളും അക്കൂട്ടത്തിലുണ്ടായിരുന്നു.
ചേരിയാമുട്ടം പിന്നിട്ട് പൂന്തുറ ജങ്ഷനില്‍ എത്തിയപ്പോള്‍ ആശംസയുമായി എത്തിയ പ്രവര്‍ത്തകരുടെ തിരക്കില്‍പെട്ട് വാഹനവ്യൂഹം നിശ്ചലമായി. ജനക്കൂട്ടത്തെ നിയന്ത്രിച്ച് വാഹനം മുന്നോട്ട് നീക്കാന്‍ സംഘാടകരായ വി.എസ്.ശിവകുമാറിനും ശരത്ചന്ദ്രപ്രസാദിനും നന്നേ ബുദ്ധിമുട്ടേണ്ടിവന്നു.

ബീമാപ്പള്ളി ജങ്ഷനില്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം നിയന്ത്രിക്കാന്‍ നേതാക്കള്‍ക്ക് നന്നേ കഷ്ടപ്പെടേണ്ടിവന്നു. തുറന്ന ജീപ്പില്‍ നിന്ന ആന്റണിയുടെ നേര്‍ക്ക് സ്‌പ്രേ വരെ പ്രയോഗിച്ചു. നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ നിയന്ത്രിച്ചത്. 200ല്‍ അധികം ബൈക്കുകള്‍ വാഹനവ്യൂഹത്തിന് ഒപ്പം കൂടിയപ്പോള്‍ റോഡ് പൂര്‍ണമായും പ്രവര്‍ത്തകര്‍ കൈയടക്കി. പോലീസ് ഗതാഗതം വിഴിതിരിച്ചുവിട്ടു. ഇതിനിടെ സ്ഥാനാര്‍ഥികളായ സജീനയും ബീമാപ്പള്ളി റഷീദും പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോയില്‍ ചേര്‍ന്നു. തുടര്‍ന്ന് വലിയതുറയിലേക്ക് നീങ്ങി. ഇതിനിടെ സ്ഥാനാര്‍ഥി ഷീബാ പാട്രിക്കും പ്രവര്‍ത്തകരും സ്വീകരണം നല്‍കി ഒപ്പം കൂടി. പ്രവര്‍ത്തകര്‍ ആവേശത്തോടെ റോഡ് കൈയടക്കി നീങ്ങി. റോഡിന് ഇരുവശത്തും കാണികള്‍ നിറഞ്ഞു.

കോര്‍പ്പറേഷന്‍ ഭരണത്തിന്റെ വീഴ്ചകളാണ് ആന്റണി പ്രസംഗത്തിലുടനീളം സൂചിപ്പിച്ചത്. സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ ശേഷമുള്ള ഹ്രസ്വ പ്രസംഗങ്ങളില്‍ യു.ഡി.എഫിന്റെ ഭരണതുടര്‍ച്ചയും കോര്‍പ്പറേഷനിലെ ഭരണമാറ്റവുമാണ് അദ്ദേഹം സൂചിപ്പിച്ചത്. കടലോരമേഖലയില്‍ ഇടവേളയ്ക്ക് ശേഷം എത്തിയതില്‍ അദ്ദേഹം സന്തോഷം പങ്കുെവച്ചു. എയര്‍പോര്‍ട്ടിന് മുന്നിലെത്തിയപ്പോള്‍ െ്രെഡവര്‍മാരുടെ സ്വീകരണം. ശംഖുംമുഖം പിന്നിട്ടപ്പോള്‍ സ്ഥാനാര്‍ഥികളായ ഗില്‍ബര്‍ട്ട് പീറ്ററും, മേരി ലില്ലി രാജയും പ്രചാരണത്തില്‍ ചേര്‍ന്നു. വെട്ടുകാട് പള്ളിക്ക് മുന്നിലൂടെ കൊച്ചുവേളി സെന്റ് ജോസഫ് പള്ളിക്ക് മുന്നിലെത്തിയാണ് റോഡ് ഷോ അവസാനിച്ചത്. അപ്പോഴേക്കും ആറര കഴിഞ്ഞിരുന്നു.