തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ നയിക്കുന്നത് വി.എസ്. ആയിരിക്കുമെന്ന സി.പി.ഐ. നേതാവ് സി.ദിവാകരന്റെ പ്രസ്താവന വിടുവായത്തമെന്ന് സൂചിപ്പിച്ച് സി.പി.എം. െപാളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. സി.ദിവാകരന്‍ ഇനിയും മത്സരിക്കണമെന്ന് താന്‍ പറഞ്ഞാല്‍ അത് വിടുവായത്തമായല്ലേ മറ്റുള്ളവരെടുക്കുക എന്നായിരുന്നു മാദ്ധ്യമപ്രവര്‍ത്തകരുടെ  ചോദ്യത്തിന് പിണറായിയുടെ മറുപടി.

'ദിവാകരന്‍ നല്ല രീതിയില്‍ സംസാരിക്കുന്നയാളാണ്. കാര്യങ്ങളില്‍ നല്ല അവഗാഹമുണ്ട്. എന്താണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്നറിയില്ല. കമ്മ്യൂണിസ്റ്റ്പാര്‍ട്ടികളുടെ രീതി നമുക്കറിയാം. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് ആര് മത്സരിക്കണമെന്നൊക്കെ തീരുമാനിക്കുന്നത്. സി.പി.ഐ.യും അക്കാര്യമൊന്നും ആലോചിച്ചുകാണില്ല. ദിവാകരന്‍ രണ്ട് ടേമായി, നല്ലനിലയില്‍ മന്ത്രിയായി പ്രവര്‍ത്തിച്ചു. പ്രതിപക്ഷത്തും കേമനായി പ്രവര്‍ത്തിച്ചു. അതുകൊണ്ട് അദ്ദേഹം തുടരണം എന്ന് താന്‍ പറഞ്ഞാല്‍ സി.പി.ഐ. അതെങ്ങനെയെടുക്കും. അതൊരു വിടുവായത്തമായല്ലേ കാണൂ. പിണറായി വിജയന്‍ അത്തരമൊരു വിടുവായത്തം പറയാന്‍ പാടില്ലായിരുന്നുവെന്നല്ലേ മറുപടി വരൂ  പിണറായി പറഞ്ഞു.
സി.പി.എം. ഏറെക്കാലത്തിനുശേഷം ഐക്യത്തോടെയാണല്ലോ ഈ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നതെന്ന് ചോദിച്ചപ്പോള്‍, സി.പി.എം. എല്ലാക്കാലത്തും ഐക്യത്തോടെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത് എന്നായിരുന്നു മറുപടി.
തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫും ബി.ജെ.പി.യും വലിയതോതില്‍ പണമിറക്കിയാണ് പ്രചാരണം നടത്തുന്നത്. ഇത് ആപത്കരമായ പ്രവണതയാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത് ശ്രദ്ധിക്കണം. ജനാധിപത്യത്തിന് പകരം പണാധിപത്യമെന്ന അവസ്ഥ ഗുണംചെയ്യില്ലെന്നും പിണറായി പറഞ്ഞു.