തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി തര്‍ക്കം ഉടന്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നഗരസഭയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനിസിപ്പാലിറ്റികളിലും ചുരുക്കം ചില ഗ്രാമപ്പഞ്ചായത്തുകളിലുമാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഇതെല്ലാം വരും ദിവസങ്ങളില്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 മൂന്ന് ഉപതിരഞ്ഞെടുപ്പിലും പാര്‍ലമെന്റിലും യു.ഡി.എഫ്. നേടിയ വിജയം ഇത്തവണയും ആവര്‍ത്തിക്കും.  അത് സര്‍ക്കാറിന്റെ ഭരണനേട്ടത്തിന് ലഭിച്ച അംഗീകാരമാണ്. ഈ തിരഞ്ഞെടുപ്പിനെയും അതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സമീപിക്കുന്നത്.യു.ഡി.എഫ്. സര്‍ക്കാറിന്റെ തുടര്‍ഭരണത്തിലേക്ക് ലഭിക്കുന്ന അംഗീകാരമാകും തദ്ദേശതിരഞ്ഞെടുപ്പ് വിജയമെന്നും അദ്ദേഹം പറഞ്ഞു.

തലസ്ഥാന കോര്‍പ്പറേഷന്‍ ഭരിക്കാന്‍ യു.ഡി.എഫിന് ഒരവസരം നല്‍കിയാല്‍ അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഇവിടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. തലസ്ഥാനത്ത് ഇന്ന് കാണുന്ന വികസനപ്രവര്‍ത്തനങ്ങളെല്ലാം തുടങ്ങിയത് യു.ഡി.എഫ്. സര്‍ക്കാരുകളുടെ കാലത്താണെന്ന് മുഖ്യമന്ത്രി പറഞ്ഞു.   ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ക്കെതിരെ നില്‍ക്കുന്ന റിബലുകള്‍ക്ക് പിന്മാറാന്‍ ഒരവസരംകൂടി നല്‍കുമെന്നും വീണ്ടും തുടരാനാണ് താത്പര്യമെങ്കില്‍ മുന്നണിയില്‍ നിന്ന് പുറത്താക്കുന്നതുള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും ചടങ്ങില്‍ പങ്കെടുത്ത കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.

ഡി.സി.സി. പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. മന്ത്രി വി.എസ്.ശിവകുമാര്‍, കെ.മുരളീധരന്‍ എം.എല്‍.എ, എം.എം.ഹസ്സന്‍, എസ്.സത്യപാല്‍, എന്‍.എം.നായര്‍, ബീമാപ്പള്ളി റഷീദ്, കരുമം സുന്ദരേശന്‍, കമ്പറ നാരായണന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. ചടങ്ങില്‍ യു.ഡി.എഫ്. പുറത്തിറക്കിയ പ്രകടനപത്രികയുടെ പ്രകാശനവും കോര്‍പ്പറേഷനെതിരെയുള്ള കുറ്റപത്രത്തിന്റെ പ്രകാശനവും നടന്നു.