നഗരസഭയില്‍ 72.49 ശതമാനം പോളിങ്

വര്‍ക്കല:
നഗരസഭാ തിരഞ്ഞെടുപ്പില്‍ 72.49 ശതമാനം പോളിങ്. ആകെയുള്ള 29922 വോട്ടര്‍മാരില്‍ 21692 പേര്‍ വോട്ട് രേഖപ്പെടുത്തി. ഇതില്‍ 12710 സ്ത്രീകളും 8982 പുരുഷന്മാരുമാണ്. വര്‍ക്കല ബ്ലോക്ക് പഞ്ചായത്തില്‍ 73.40 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ഗ്രാമപ്പഞ്ചായത്തുകളായ വെട്ടൂരില്‍ 69.87, ഇടവയില്‍ 70.53, ചെമ്മരുതിയില്‍ 73.17, ഇലകമണില്‍ 75.02, ചെറുന്നിയൂരില്‍ 73.15, മണമ്പൂരില്‍ 76, ഒറ്റൂരില്‍ 75.05 എന്നിങ്ങനെയാണ് പോളിങ് ശതമാനം. വെട്ടൂര്‍ ഒഴികെയുള്ളിടത്ത് കഴിഞ്ഞ തവണത്തെക്കാള്‍ പോളിങ് ശതമാനം ഉയര്‍ന്നു.
വര്‍ക്കല മേഖലയില്‍ തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. ഇടവ പഞ്ചായത്തിലെ മാന്തറ വാര്‍ഡിലെ ബൂത്തായ എം.ആര്‍.എം.കെ.എം.എം.എച്ച്.എസ്.എസ്സില്‍ തര്‍ക്കം കൈയ്യാങ്കളിയോളമെത്തി. ഇലകമണ്‍ പഞ്ചായത്തിലെ ഇലകമണ്‍ വാര്‍ഡിലും പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. വര്‍ക്കല ഇറിഗേഷന്‍ ഓഫീസിലെ വാര്‍ഡില്‍ ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി അമേയാനന്ദ, സ്വാമി വിശാലാനന്ദ തുടങ്ങിയ സന്ന്യാസിമാര്‍ വോട്ടുരേഖപ്പെടുത്തി. സന്ന്യാസിമാര്‍ വോട്ടുചെയ്യാനെത്തിയപ്പോള്‍ സഹായിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ മുന്നോട്ടുവന്നതും വാക്കുതര്‍ക്കത്തിനിടയാക്കി.
ചില ബൂത്തുകളില്‍ യന്ത്രങ്ങള്‍ തകരാറിലായത് വോട്ടിങ് തടസ്സപ്പെടുത്തി. വര്‍ക്കല നഗരസഭയിലെ ഇടപ്പറമ്പ് വാര്‍ഡില്‍ യന്ത്രത്തകരാര്‍ കാരണം പോളിങ്ങിന് തടസ്സമുണ്ടായി. പുല്ലാന്നികോട് വാര്‍ഡിലെ പോളിങ് സ്റ്റേഷനായ നടയറ ഗവ ഹൈസ്‌കൂളില്‍ ഉദ്യോഗസ്ഥരുടെ കാര്യശേഷിക്കുറവ് കാരണം വോട്ടിങ് ഇഴഞ്ഞാണ് നീങ്ങിയത്. തുടര്‍ന്ന് റിട്ടേണിങ് ഓഫീസര്‍ വിജയ സ്ഥലത്തെത്തി ഉദ്യോഗസ്ഥനെ മാറ്റിയാണ് പ്രശ്‌നം പരിഹരിച്ചത്. മഴയത്ത് പല ബൂത്തുകളും വെള്ളക്കെട്ടിലായി. ഇടവ എം.ആര്‍.എം.കെ.എം.എം. എച്ച്.എസ്.എസ്സിലേക്കുള്ള വഴി വെള്ളത്തിനടിയിലായി. മഴയെത്തുടര്‍ന്ന് പലഭാഗത്തും വൈദ്യുതിബന്ധം നിലച്ചത് വോട്ടര്‍മാരെ ബുദ്ധിമുട്ടിലാക്കി.


53


നടയറ ഗവ.ഹൈസ്‌കൂളില്‍ വോട്ടുചെയ്യാനെത്തിയവരുടെ നീണ്ടനിര