പാറശ്ശാലയില്‍ 74 ശതമാനം

നെയ്യാറ്റിന്‍കര:
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നെയ്യാറ്റിന്‍കരയില്‍ സമാധാനപരമായിരുന്നു. നെയ്യാറ്റിന്‍കര നഗരസഭയില്‍ 78.38 ശതമാനമാണ് പോളിങ് നടന്നത്. ചില സ്ഥലങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയത് പോളിങ് തടസ്സപ്പെടാനിടയായി. പാറക്കുഴിയില്‍ വോട്ടിങ് യന്ത്രങ്ങള്‍ ക്രമം തെറ്റിച്ച് വെച്ചത് പ്രതിഷേധത്തിന് ഇടയാക്കി.
രാവിലെ തിമിര്‍ത്ത് പെയ്ത മഴ പോളിങ് മന്ദഗതിയിലാക്കി. മഴ മാറിയതോടെ പോളിങ് ശതമാനം ഉയരാന്‍ തുടങ്ങി. നെയ്യാറ്റിന്‍കര നഗരസഭയിലെ 44 വാര്‍ഡിലും ശക്തമായ മത്സരമാണ് നടന്നത്. ഇരുമുന്നണികളിലെയും റിബലുകള്‍ മത്സരിച്ച വാര്‍ഡുകളിലാണ് മത്സരം ഏറ്റവും ശക്തമായത്.
നെയ്യാറ്റിന്‍കര നഗരസഭയിലും അതിയന്നൂര്‍, കൊല്ലയില്‍, പെരുങ്കടവിള, ചെങ്കല്‍, പാറശ്ശാല, കാരോട്, കുളത്തൂര്‍ പഞ്ചായത്തുകളിലും മത്സരം ശക്തമായിരുന്നു. നെയ്യാറ്റിന്‍കര നഗരസഭയിലെ പോളിങ് ശതമാനം 78.38 ശതമാനമാണ്. പാറശ്ശാല പഞ്ചായത്തില്‍ 74 ശതമാനം പോളിങ് രേഖപ്പെടുത്തി. പാറശ്ശാല പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ശക്തമായ മത്സരമാണ് നടന്നത്.
കൊറ്റാമത്തെ പോളിങ് സ്റ്റേഷനില്‍ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം പ്രവര്‍ത്തകരും നിന്നത് തര്‍ക്കങ്ങള്‍ക്ക് ഇടയാക്കി. പ്രിസൈഡിങ് ഓഫീസറെത്തി പ്രവര്‍ത്തകരെ പോളിങ് സ്റ്റേഷനില്‍ നിന്ന് പുറത്താക്കി. ചെങ്കല്‍ പഞ്ചായത്തിലെ അമരവിള ജെ.ബി.എസ്സില്‍ അഞ്ച് മണി കഴിഞ്ഞതിന് ശേഷവും വോട്ടര്‍മാരുടെ നിരയുണ്ടായിരുന്നു.
നെയ്യാറ്റിന്‍കര നഗരസഭയിലെ ശക്തമായ മത്സരം നടന്ന കൊല്ലവംവിള വാര്‍ഡില്‍ വൈകീട്ട് ആറര മണിവരെ പോളിങ് ഉണ്ടായിരുന്നു. 1349 വോട്ടുള്ളതില്‍ 1116 വോട്ടും ഇവിടെ പോള്‍ ചെയ്തു. വഴുതൂരിലും പോളിങ് വൈകിയാണ് അവസാനിച്ചത്. ശക്തമായ ചതുഷ്‌കോണ മത്സരം നടന്ന അതിയന്നൂര്‍ വാര്‍ഡില്‍ 72.5 ശതമാനം പോളിങ് നടന്നു. നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍മാന്‍ എസ്.എസ്.ജയകുമാര്‍ കോണ്‍ഗ്രസ് റിബലായി മത്സരിച്ച വാര്‍ഡാണ് ഇത്. തൊട്ടടുത്ത പുത്തനമ്പലം വാര്‍ഡില്‍ 1280 വോട്ടര്‍മാര്‍ ഉള്ളതില്‍ 951 പേര്‍ വോട്ട് രേഖപ്പെടുത്തി.
പുത്തനമ്പലം വാര്‍ഡിലെ വോട്ടറായ സി.സതി വോട്ട് ചെയ്യാനെത്തിയപ്പോള്‍ പ്രിസൈഡിങ് ഓഫീസറുടെ കൈവശമുള്ള ലിസ്റ്റില്‍ പേരില്ലെന്ന കാരണത്താല്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല. ഇവരുടെ പേര് വോട്ടര്‍ പട്ടികയിലുണ്ട്.
കൊല്ലയില്‍ പഞ്ചായത്തില്‍ 78 ശതമാനം പോളിങ് രേഖപ്പെടുത്തി. ആര്‍.സെല്‍വരാജ് എം.എല്‍.എ., സി.പി.എം വിട്ടതിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പെന്ന ഖ്യാതി കൊല്ലയില്‍ പഞ്ചായത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആര്‍.സെല്‍വരാജ് എം.എല്‍.എ. പരമാവധി ദിവസം ഇവിടെ പ്രചാരണം നടത്തിയത്. എം.എല്‍.എ.യുടെ വോട്ടും ഈ പഞ്ചായത്തിലായിരുന്നു. ഉയര്‍ന്ന പോളിങ് ശതമാനം കോണ്‍ഗ്രസിന് അനുകൂലമാകുമെന്ന് ആര്‍.സെല്‍വരാജ് എം.എല്‍.എ. പറഞ്ഞു.


86


പുല്ലുവിള മുഹമ്മദന്‍സ് എല്‍.പി. സ്‌കൂളില്‍ വോട്ട് ചെയ്തശേഷം മടങ്ങുന്ന കാലിന് പരിക്കേറ്റയാളെ എടുത്തുകൊണ്ട് പോകുന്നു