ആറ്റിങ്ങല്‍: നഗരസഭയിലെ പത്താം വാര്‍ഡിനായി ഗവ. ബി.എച്ച്.എസ്.എസ്സില്‍ ഒരുക്കിയ ബൂത്ത് ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിലായിരുന്നു. മഴ തുടങ്ങിയതോടെ മേല്‍ക്കൂരയില്‍ ടാര്‍പ്പ വലിച്ചുകെട്ടി ചോര്‍ച്ച തടഞ്ഞാണ് ബൂത്തൊരുക്കിയത്.
ബൂത്ത് സജ്ജമാക്കാനായി ഞായറാഴ്ച വൈകീട്ട് പ്രിസൈഡിങ് ഓഫീസറും സംഘവുമെത്തിയപ്പോള്‍ മുറിക്കുള്ളില്‍ മുഴുവന്‍ വെള്ളമായിരുന്നു. തുടര്‍ന്ന് വരണാധികാരിയെ വിവരമറിയിച്ചു. ഉടന്‍ തന്നെ നഗരസഭയില്‍ നിന്ന് ശുചീകരണ തൊഴിലാളികളെത്തി വെള്ളം കോരിക്കളഞ്ഞ് മുറി വൃത്തിയാക്കി. എന്നാല്‍ തിങ്കളാഴ്ച രാവിലെ മഴ തുടങ്ങിയതോടെ കെട്ടിടം ചോര്‍ന്നൊലിക്കാന്‍ തുടങ്ങി. ഉടന്‍ തന്നെ ടാര്‍പ്പ കൊണ്ടുവന്ന് മേല്‍ക്കൂരയില്‍ വലിച്ചുകെട്ടി ചോര്‍ച്ച തടയുകയായിരുന്നു. മികച്ച ധാരാളം കെട്ടിടങ്ങളുണ്ടായിരുന്നിടത്താണ് പോളിങ് ബൂത്തിനായി ചോര്‍ന്നൊലിക്കുന്ന കെട്ടിടം തിരഞ്ഞെടുത്തതെന്ന് ആക്ഷേപമുണ്ട്.