ആറ്റിങ്ങല്‍: നഗരസഭയിലെ 11-ാം വാര്‍ഡിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ ഒരു കുടുംബത്തിലെ നാലംഗങ്ങളെ പ്രിസൈഡിങ് ഓഫീസര്‍ വിലക്കി. ബി.ജെ.പി. സ്ഥാനാര്‍ത്ഥിയുടെ ബന്ധുക്കളെയാണ് വിലക്കിയത്. ബൂത്ത് ഏജന്റുമാര്‍ തടസ്സവാദമുന്നയിച്ചതിനെത്തുടര്‍ന്നായിരുന്നു നടപടി. ഒടുവില്‍ സെക്രട്ടറിയുടെ രേഖാമൂലമുള്ള നിര്‍ദ്ദേശത്തെത്തുടര്‍ന്ന് വോട്ട് ചെയ്യാന്‍ ഇവരെ അനുവദിച്ചു. രണ്ട് വാര്‍ഡിലെ പട്ടികയില്‍ പേര് വന്നതിനെത്തുടര്‍ന്നായിരുന്നു ബൂത്ത് ഏജന്റുമാര്‍ തടസ്സവാദം ഉന്നയിച്ചത്.
നഗരസഭയിലെ നാലാം വാര്‍ഡായ എല്‍.എം.എസ്സില്‍ കാളിന്ദി എന്ന വീട്ടിലെ സ്ഥിരതാമസക്കാരായ വിജയന്‍നായര്‍, ബേബി, ബിജു, കവിത എന്നിവരാണ് 11-ാം വാര്‍ഡില്‍ വോട്ട് ചെയ്യാനെത്തിയത്. നാലാം വാര്‍ഡിലെ പട്ടികയില്‍ 814, 815, 816, 819 എന്നീ ക്രമനമ്പരുകളില്‍ ഉള്‍പ്പെട്ടിരുന്ന ഇവര്‍ 11-ാം വാര്‍ഡിലെ പട്ടികയില്‍ 646, 647, 648, 649 ക്രമനമ്പരുകളിലായി ഉള്‍പ്പെട്ടിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവര്‍ 11-ാം വാര്‍ഡില്‍ വോട്ട് ചെയ്യാനെത്തിയത്. നാലാം വാര്‍ഡില്‍ സ്ഥിരതാമസക്കാരായ ഇവര്‍ നാലാം വാര്‍ഡില്‍ വോട്ട് ചെയ്യണമെന്ന നിര്‍ദ്ദേശമുള്ളതായി ബൂത്ത് ഏജന്റുമാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് പ്രിസൈഡിങ് ഓഫീസര്‍ 11-ാം വാര്‍ഡില്‍ വോട്ട് ചെയ്യാന്‍ പറ്റില്ലെന്നറിയിച്ചു.
എന്നാല്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം നഗരസഭാ സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ടപ്പോള്‍ ഇവര്‍ക്ക് ഏതെങ്കിലും ഒരു വാര്‍ഡില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കാമെന്നറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ ഏതെങ്കിലും ഒരു വാര്‍ഡില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കാമെന്ന് കാട്ടി ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ കൂടിയായ നഗരസഭാസെക്രട്ടറി വരണാധികാരിക്കും നാലാം വാര്‍ഡിലെയും 11-ാം വാര്‍ഡിലെയും പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്കും രേഖാമൂലം അറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് ഇവര്‍ 11-ാം വാര്‍ഡില്‍ വോട്ട് രേഖപ്പെടുത്തി.