വടക്കഞ്ചേരി: പരമ്പരാഗത കര്‍ഷകരും മലയോര കുടിയേറ്റ കര്‍ഷകരും ഉള്‍ക്കൊള്ളുന്ന വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തുകളില്‍ പ്രചാരണം ഒപ്പത്തിനൊപ്പം മുന്നേറുമ്പോള്‍ ഫലം പ്രവചനാതീതം. പുതുക്കോട് ഒഴികെയുള്ള നാല് പഞ്ചായത്തുകളില്‍ അധികാരം കൈയാളുന്ന എല്‍.ഡി.എഫ്. ഇക്കുറി പുതുക്കോടും നേടുമെന്ന് അവകാശപ്പെടുമ്പോള്‍ അട്ടിമറിവിജയമാണ് യു.ഡി.എഫ്. പ്രതീക്ഷിക്കുന്നത്.
ഇത്തവണ ബി.ജെ.പി. നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന് യു.ഡി.എഫും എല്‍.ഡി.എഫും ആശങ്കപ്പെടുന്നുണ്ട്. മുമ്പുള്ള പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി കൂടുതല്‍ വാര്‍ഡുകളില്‍ ബി.ജെ.പി. മത്സരിക്കുന്നു. കുറഞ്ഞത് 10 വാര്‍ഡുകളില്‍ വിജയിക്കാനാകുമെന്ന് ബി.ജെ.പി. നേതൃത്വം പറയുന്നു.
പുതുക്കോട് പഞ്ചായത്തിലാണ് ഏറ്റവും വാശിയേറിയ പോരാട്ടം. തുടര്‍ച്ചയായി ഭരണം നിലനിര്‍ത്തിപ്പോന്ന എല്‍.ഡി.എഫിനെ പരാജയപ്പെടുത്തി കഴിഞ്ഞതവണ യു.ഡി.എഫ്. പുതുക്കോട് പഞ്ചായത്തിന്റെ ഭരണം നേടി. വടക്കഞ്ചേരിയിലും കിഴക്കഞ്ചേരിയിലും കോണ്‍ഗ്രസ്സില്‍ പ്രത്യക്ഷമായ ഗ്രൂപ്പ് പോരുള്ളപ്പോള്‍ പുതുക്കോട്ട് കോണ്‍ഗ്രസ് ഒറ്റക്കെട്ടായി രംഗത്തുണ്ട്.
കഴിഞ്ഞതവണ ഉള്‍പ്പാര്‍ട്ടിപ്പോര് മൂലമാണ് എല്‍.ഡി.എഫ്. പരാജയപ്പെട്ടതെന്നും ഇത്തവണ ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും എല്‍.ഡി.എഫ്. നേതാക്കള്‍ പറയുന്നു. 15 വാര്‍ഡുകളുള്ള പുതുക്കോട് 13 വാര്‍ഡുകളില്‍ ബി.ജെ.പി.യും മത്സരിക്കുന്നു.
കണ്ണമ്പ്രയില്‍ എല്‍.ഡി.എഫ്. വ്യക്തമായ ആധിപത്യം നേടുമെന്ന് നേതൃത്വം പറയുന്നു. കണ്ണമ്പ്രയില്‍ എസ്.എന്‍.ഡി.പി.യുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന യു.ഡി.എഫും ശുഭപ്രതീക്ഷയിലാണ്. എല്‍.ഡി.എഫില്‍ ചില സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചതില്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ അതൃപ്തിയുണ്ടെങ്കിലും പുറമേക്കറിയിക്കാതെയാണ് മുന്നണിയുടെ പ്രവര്‍ത്തനം.
പ്രചാരണം തെറ്റ്
വടക്കഞ്ചേരി:
ഗ്രാമപ്പഞ്ചായത്ത് 14-ാം വാര്‍ഡില്‍ മത്സരിക്കുന്ന സ്വതന്ത്രന്‍ വി.എ. ഇക്ബാലിനെ ആം ആദ്മി പാര്‍ട്ടി പിന്തുണയ്ക്കുന്നതായുള്ള പ്രചാരണം തെറ്റാണെന്ന് ആം ആദ്മി പാര്‍ട്ടി ജില്ലാ കമ്മിറ്റി അറിയിച്ചു.